18 Sep 2023 11:02 AM GMT
Summary
- വിദ്യാര്‍ത്ഥി വിസയുടെ ചാര്‍ജ് ഇനി 490 പൗണ്ട്
- ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിക്കാന്‍ സാധ്യത
- ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രിയ രാജ്യം
യുകെ അടുത്ത മാസം മുതല്‍ സ്റ്റുഡന്റ് വിസ ഫീസ് വര്‍ധിപ്പിക്കുന്നു. ഒക്ടോബര്‍ നാലു മുതല്‍, യുകെക്ക് പുറത്ത് നിന്ന് പഠന വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് 127 പൗണ്ട് കണ്ട് (ഏകദേശം 13,000 രൂപ) വര്‍ധിപ്പിക്കും. ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച് വിദ്യാര്‍ത്ഥി വിസയുടെ ചാര്‍ജ് ഇനി 490 പൗണ്ട് (50,450 രൂപ) ആയിരിക്കും.
പാര്‍ലമെന്റിന്റെ അംഗീകാരത്തിന് വിധേയമായി ഒക്ടോബര്‍ നാലുമുതല്‍ ഫീസ് വര്‍ധിക്കുമെന്ന് ആഭ്യന്തര ഓഫീസ് അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെ പ്രിയപ്പെട്ട് സ്ഥലമാണ്. അതിനാല്‍ ഈ നടപടി ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയായിരിക്കുമെന്നു കരുതുന്നു. ഉയര്‍ന്ന റാങ്കും നിലവാരവുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആസ്ഥാനമാണ് യുകെ.
ലോകത്തിലെ പ്രശസ്തമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യുകെയിലാണ്. ക്യുഎസ് വേള്‍ഡ് റാങ്കിംഗ് 2023 അനുസരിച്ച്, ആഗോളതലത്തില്‍ മികച്ച 10 സ്ഥാപനങ്ങളില്‍ 4 എണ്ണവും യുകെയിലാണ്.
യുകെയിലെ വിദ്യാര്‍ത്ഥികളുടെ കണക്കെടുക്കുമ്പോള്‍ ഏറ്റവുംകൂടുതല്‍ വിദ്യാർത്ഥികളുള്ള രണ്ടാമത്തെ യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യമാണ് ഇന്ത്യ. ഹയര്‍ എജ്യുക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 126,535 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുകെയിലുള്ളത്.
'അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ യുകെ സ്ഥിരമായി ജനപ്രീതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അവരുടെ ഉപരിപഠനനത്തിനായി തെരഞ്ഞെടുക്കുന്നത് യുകെ സര്‍വകലാശാലകളെയാണ്', ഏജന്‍സി പറഞ്ഞു.
ആഗോളതലത്തില്‍ ആംഗീകരിക്കപ്പെട്ട സര്‍വകലാശാലകളാണ് യുകെയിലേത്. സാംസ്‌കാരികമായി വൈവിധ്യമാര്‍ന്ന അന്തരീക്ഷം, ഉയര്‍ന്ന വൈദഗ്ധ്യമുള്ള അക്കാദമിക് സ്റ്റാഫ് എന്നിവയാല്‍ യുകെ യഥാര്‍ത്ഥത്തില്‍ അക്കാദമിക് വിജയത്തിന്റെ പ്രതിരൂപമാണെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ആറ് മാസത്തില്‍ താഴെയുള്ള സന്ദര്‍ശന വിസയുടെ ഫീസിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ചെലവ് 15 പൗണ്ടില്‍ നിന്ന് 115 പൗണ്ടായി ഉയരുകയാണ്. രണ്ട് വര്‍ഷം വരെയുള്ള വിസിറ്റ് വിസയ്ക്ക്, ചെലവ് 24 പൗണ്ട് വര്‍ധിപ്പിക്കും.