image

5 Jun 2023 11:49 AM GMT

Policy

റിപ്പൊ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നേക്കും

MyFin Desk

Repo rate changes; how will bank deposits and loans be affected
X

Summary

  • പണപ്പെരുപ്പം സഹിഷ്‍ണുതാ പരിധിക്കുള്ളില്‍
  • ജിഡിപി വളര്‍ച്ചാ നിരക്കും അനുകൂലം
  • ലിക്വിഡിറ്റി മെച്ചപ്പെടുമെന്ന് വിലയിരുത്തല്‍


റിസർവ് ബാങ്കിന്‍റെ ഇത്തവണത്തെ ധനനയ അവലോകന യോഗവും അടിസ്ഥാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്‍ധരുടെ വിലയിരുത്തല്‍. നാളെ ആരംഭിക്കുന്ന ധനനയ അവലോകന യോഗം ജൂണ്‍ 8-നാണ് സമാപിക്കുക. റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള സഹിഷ്‍ണുതാ പരിധിക്കുള്ളില്‍ തന്നെ പണപ്പെരുപ്പ നിരക്ക് നിലകൊള്ളുന്നുവെന്നതിനാല്‍ പലിശ നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യം നിലവിലില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേന്ദ്ര ബാങ്കിന്‍റെ ആറംഗ സമിതി റിപ്പോ നിരക്ക് 6.50% ആയി നിലനിർത്തുമെന്നാണ് വിവിധ ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ള സാമ്പത്തിക വിദഗ്ധര്‍ ഏകകണ്ഠമായി നിരീക്ഷിച്ചിട്ടുള്ളത്. തുടര്‍ച്ചയായ നിരക്കു വര്‍ധനകള്‍ക്കു ശേഷമാണ് കഴിഞ്ഞ ധനനയ അവലോകനത്തില്‍ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. വലിയൊരു വിഭാഗം വിദഗ്ധരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായിരുന്നു ആര്‍ബിഐ-യുടെ ആ നീക്കം.

ഉക്രെയ്‌ൻ യുദ്ധം ഉള്‍പ്പടെയുള്ള ആഗോള സാഹചര്യങ്ങളുടെ കൂടി ഫലമായി ഇന്ത്യയുടെ പണപ്പെരുപ്പം ഉയർന്നതിനെത്തുടർന്ന്, 2022 മെയ് മുതൽ 2023 ഫെബ്രുവരി വരെയുള്ള കാലയളവിൽ മൊത്തം 250 ബേസിസ് പോയിന്റുകൾ അഥവാ 2.5 ശതമാനം വര്‍ധന റിപ്പൊ നിരക്കില്‍ നടപ്പാക്കിയിരുന്നു. അതിനു ശേഷമാണ് ഏപ്രിലിലെ ധനനയ യോഗത്തില്‍ നിരക്ക് വര്‍ധനയ്ക്ക് വിരാമമിട്ടത്.

ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലിൽ പതിനെട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.7 ശതമാനത്തില്‍ എത്തിയെന്നാണ്. ഒരു വർഷം മുമ്പുണ്ടായിരുന്ന 7.8 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറെ താഴെയാണ്. ഉപഭോക്തൃ പണപ്പെരുപ്പത്തില്‍ കേന്ദ്ര ബാങ്ക് നിശ്ചയിച്ചിട്ടുള്ള സഹിഷ്ണുതാ പരിധി 2 ശതമാനത്തിനും 6 ശതമാനത്തിനും ഇടയിലാണ്.

“ശക്തമായ ജിഡിപി വളര്‍ച്ചയും നിരക്കുകള്‍ അതേപടി നിലനിര്‍ത്താന്‍ അവസരമൊരുക്കുന്നു. ഇക്കാര്യത്തില്‍ ഏകകണ്ഠമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നത് എങ്കിലും വരുന്ന ധനനയ യോഗങ്ങളിലെ നിരക്ക് വർധന സംബന്ധിച്ച് സമിതിയില്‍ ഭിന്നത ഉണ്ടാകാനിടയുണ്ട്” ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ രാധിക റാവു പറഞ്ഞു.

കൂടാതെ, ലിക്വിഡിറ്റി ഗണ്യമായ മിച്ചത്തിലേക്ക് മാറിയിരിക്കുന്നു. 2000ന്‍റെ നോട്ടുകള്‍ ബാങ്കുകളിലേക്ക് തിരിച്ചെത്തുന്നതിന്‍റെ ഫലമായി വരുന്ന മാസങ്ങളില്‍ ലിക്വിഡിറ്റി വീണ്ടും വര്‍ധിക്കുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു എസ്ബിഐ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. കേന്ദ്രബാങ്ക് ദീര്‍ഘ കാലത്തേക്ക് നിരക്കുകളില്‍ മാറ്റമില്ലാതെ തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.