25 Jan 2023 9:15 AM GMT
ബജറ്റ് സമ്മേളനം പരിഗണിച്ചേക്കും: പാപ്പര്‍ നിയമം പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍
MyFin Desk
Summary
ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ് കോഡില്‍(ഐബിസി) പരിഷ്‌കരം വരുത്തുമെന്നാണ് സൂചന.
പാപ്പരത്വ നടപടികളിലെ ബലഹീനതകള്‍ പരിഹരിക്കുന്നതിനും, പ്രശ്‌ന പരിഹാര നടപടികള്‍ വേഗത്തിലാക്കുന്നതിനും വേണ്ടി പുതിയ ബജറ്റില്‍ നിര്‍ദേശങ്ങളുണ്ടായേക്കും. ഇതിനായി ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ് കോഡില്‍(ഐബിസി) പരിഷ്‌കരം വരുത്തുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നിര്‍ദേശങ്ങള്‍ക്കായി കമ്പനി കാര്യ മന്ത്രാലയം വിഷയവുമായി ബന്ധപ്പെട്ട ജഡ്ജിമാര്‍, വായ്പ ദാതാക്കള്‍, മറ്റു ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഐബിസി നവീകരിക്കുന്നതിനുള്ള ബില്‍ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐബിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമാക്കുന്നതിന്, കോഡിന്റെ കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ പ്രോസസ് (CIRP) ആപ്ലിക്കേഷന്‍, പാപ്പരത്ത പരിഹാര പ്രക്രിയ, ലിക്വിഡേഷന്‍ പ്രക്രിയ, കോഡിന് കീഴിലുള്ള സേവന ദാതാക്കളുടെ പ്രവര്‍ത്തനം മുതലായ എല്ലാ മേഖലയിലും മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രാലയം കരട് മാറ്റങ്ങളെക്കുറിച്ച് അഭിപ്രായം തേടിയുള്ള നോട്ടീസില്‍ വ്യതമാക്കി.
സമയബന്ധിതമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാറ്റങ്ങളും ഉള്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയ വിനിമയം സുഗമമാക്കുന്നതിന് സാങ്കേതിക വിദ്യ ഉപയോഗിക്കാനും, അപേക്ഷ ലഭിക്കുമ്പോള്‍, വായ്പ ദാതാക്കള്‍ മതിയായ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ യൂട്ടിലിറ്റിക്ക് സമര്‍പ്പിക്കാനും കരടില്‍ നിര്‍ദേശമുണ്ട്.