image

6 Dec 2023 10:06 AM GMT

Policy

വ്യവസായ എസ്‌റ്റേറ്റുകളിലെ ഭൂമി കൈമാറ്റം മന്ത്രിസഭ ലഘുകരിച്ചു

MyFin Desk

വ്യവസായ എസ്‌റ്റേറ്റുകളിലെ ഭൂമി കൈമാറ്റം മന്ത്രിസഭ ലഘുകരിച്ചു
X

Summary

  • ദശാബ്ദങ്ങളായി സംരംഭകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് നിറവേറ്റപ്പെട്ടിരിക്കുന്നത്
  • പുതിയ ചട്ട പ്രകാരം ലാന്റ് കൈമാറ്റം ചെയ്യുമ്പോള്‍ ഭൂമി വിലയുടെ വ്യത്യാസം അടക്കേണ്ടതില്ല
  • അലോട്ട്‌മെന്റ് ലഭിച്ച് 3 വര്‍ഷം കഴിഞ്ഞാല്‍ ഭൂമി കൈമാറ്റം നടത്താം.


വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ കീഴിലുള്ള വ്യവസായ എസ്‌റ്റേറ്റുകളിലെ ഭൂമിയില്‍ പട്ടയം അനുവദിക്കുന്നതിനും കൈമാറ്റം ലളിതമാക്കുന്നിനുമുള്ള പുതിയ ചട്ടങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ദശാബ്ദങ്ങളായി സംരംഭകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് നിറവേറ്റപ്പെട്ടിരിക്കുന്നത്. വ്യവസായ എസ്‌റ്റേറ്റുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം നടത്തുന്നതിനു൦, നിശ്ചയിച്ച വ്യവസായ സംരംഭങ്ങള്‍ക്ക് പകരം മറ്റ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഉണ്ടായിരുന്ന തടസങ്ങള്‍ പരിഹരിച്ച് നടപടികള്‍ ലളിതമാക്കുന്നതാണ് പുതിയ ചട്ടങ്ങള്‍.

1964 ലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരമാണ് വ്യവസായ എസ്‌റ്റേറ്റുകളിലെ ഭൂമിക്ക് പട്ടയം നല്‍കിയിരുന്നത്. 1969, 1970 വര്‍ഷങ്ങളിലും വകുപ്പിന് കീഴിലുള്ള ഡവലപ്പ്‌മെന്റ് ഏരിയ, ഡവലപ്പ്‌മെന്റ് പ്ലോട്ട് എന്നിവയില്‍ ഹയര്‍ പര്‍ച്ചേസ് വ്യവസ്ഥയില്‍ ഭൂമി അനുവദിക്കുന്നതിന് വ്യവസായ വകുപ്പ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ക്ക് ലാന്റ് അസൈന്‍മെന്റ് ആക്ടിന്റെ പിന്‍ബലം ഉണ്ടായിരുന്നില്ല. പട്ടയം അനുവദിക്കുന്നതിനുള്ള അപേക്ഷ അതാത് ജനറല്‍ മാനേജര്‍മാര്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ മുഖേന സര്‍ക്കാരിലെ റവന്യൂ വകുപ്പിന് സമര്‍പ്പിക്കുന്നതായിരുന്നു നടപടി. ഈ അപേക്ഷകളില്‍ റവന്യൂ വകുപ്പ് പട്ടയം അനുവദിക്കും. എന്നാല്‍ ഇത്തരത്തില്‍ പട്ടയം അനുവദിക്കുന്നതിന് വളരെയേറെ കാലതാമസം നേരിട്ടിരുന്നു. ഇത് പരിഹരിക്കുന്നതിന് 2020 ല്‍ മറ്റൊരു ഉത്തരവും പുറപ്പെടുവിച്ചു. ജനറല്‍ മാനേജര്‍മാര്‍ നേരിട്ട്, അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് തഹസില്‍ദാര്‍ മുഖേന പട്ടയം അനുവദിക്കുന്ന വ്യവസ്ഥ നിലവില്‍ വന്നു. വ്യവസായ വകുപ്പിന്റെ ഉത്തരവിന് റവന്യൂ വകുപ്പിന്റെ അംഗീകാരം ഇല്ലാതിരുന്നതിനാല്‍ കളക്ടര്‍മാര്‍ക്ക് പട്ടയം അനുവദിക്കുന്നതില്‍ പരിമിതികളുണ്ടായി. ഈ സാഹചര്യത്തിലാണ് 1960 ലെ ലാന്റ് അസൈന്‍മെന്റ് ആക്റ്റിന്റെ പിന്‍ബലമുള്ള പുതിയ ലാന്റ് റൂള്‍സ് പുറപ്പെടുവിക്കുന്നത്.

പുതിയ ചട്ടങ്ങള്‍ പ്രകാരം വരുന്ന മാറ്റങ്ങള്‍

1) ഭൂമി കൈമാറ്റം

നിലവില്‍ ഭൂമി കൈമാറുന്നതിന് ഭൂമി വാങ്ങുന്ന വ്യക്തി ഭൂമി വിലയുടെ വ്യത്യാസവും 10% ഭൂമി വില പ്രോസസിംഗ് ഫീസായും അടയ്‌ക്കേണ്ടതുണ്ട്. പുതിയ ചട്ട പ്രകാരം ലാന്റ് കൈമാറ്റം ചെയ്യുമ്പോള്‍ ഭൂമി വിലയുടെ വ്യത്യാസം അടക്കേണ്ടതില്ല. നിലവില്‍ ഉല്പാദനം ആരംഭിച്ച് 3 വര്‍ഷം കഴിഞ്ഞാല്‍ മാത്രമെ ഭൂമി കൈമാറ്റം നടത്തുന്നതിന് സംരംഭകന് കഴിയുകയുള്ളൂ. പുതിയ റൂള്‍ പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച് 3 വര്‍ഷം കഴിഞ്ഞാല്‍ ഭൂമി കൈമാറ്റം നടത്താം.

2) ഘടനാ മാറ്റം

നിലവില്‍ ഉല്പാദനം ആരംഭിച്ച് 3 വര്‍ഷം കഴിഞ്ഞാല്‍ മാത്രമെ ഘടനാ മാറ്റം നടത്തുന്നതിന് സംരംഭകന് കഴിയുകയുള്ളൂ. പുതിയ റൂള്‍ പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച് 3 വര്‍ഷം കഴിഞ്ഞാല്‍ ഘടനാ മാറ്റം നടത്താം.

3) പട്ടയം

പുതിയ റൂള്‍ റവന്യൂ വകുപ്പിന്റെ അംഗീകാരത്തോടെ പുറപ്പെടുവിക്കുന്നതിനാല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് പട്ടയ അപേക്ഷ പരിഗണിക്കുന്നതിന് തടസ്സമില്ല.

4) പട്ടയത്തിന്റെ മാതൃകയിലുള്ള മാറ്റം

നിലവിലെ പട്ടയത്തിന്റെ മാതൃകയില്‍ വ്യവസായ സംരംഭത്തിന്റെ സ്വഭാവം വ്യക്തമായി പറയുന്നുണ്ട്. പുതിയ റൂള്‍ പ്രകാരം പട്ടയത്തില്‍ വ്യവസായ പ്രവര്‍ത്തനം എന്ന് മാത്രമെ രേഖപ്പെടുത്തുകയുള്ളു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വ്യവസായ പാര്‍ക്കുകളില്‍ വ്യവസായം നടത്തുന്ന സംരംഭകരുടെ ദീര്‍ഘ നാളത്തെ ആവശ്യങ്ങളാണ് പരിഷ്‌കരണത്തിലൂടെ നടപ്പിലാകുന്നത്.