17 April 2023 4:40 AM GMT
Summary
- വ്യാജ വിഡിയോകള്‍ വ്യാപകമായി സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കിയേക്കും
- കൃത്യമായ നിയന്ത്രണ സംവിധാനങ്ങള്‍ അനിവാര്യം
- ഇത് ഏറെ വ്യത്യസ്തവും ആഴത്തിലുള്ളതുമായ സാങ്കേതിക വിദ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്വീകാര്യത വലിയതോതിലുള്ള ഒരു കുതിപ്പിലേക്ക് നീങ്ങവേ അപായ സൂചനയുമായി ഗൂഗിളിന്റെയും ആല്‍ഫബെറ്റ് ഇന്‍കിന്റെയും സിഇഒ സുന്ദര്‍ പിച്ചൈ. ദിശാബോധവും വീണ്ടുവിചാരവുമില്ലാതെ എഐ വിന്യാസത്തിന് തിടുക്കം കൂട്ടുന്നത് ഏറെ ദോഷകരമായ ഫലങ്ങളിലേക്ക് നയിച്ചേക്കാം എന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്.
ഗുണകരമായ രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോഗിക്കാനുള്ള വ്യഗ്രത പ്രകടമാണ്. എന്നാല്‍ കൃത്യമായ നിയന്ത്രണ സംവിധാനങ്ങള്‍ ഇതിന് ആവശ്യമാണ്. ഇത് തെറ്റായ രീതിയിലാണ് സംഭവിക്കുന്നതെങ്കില്‍ ഏറെ ഹാനികരമായി മാറാനിടയുണ്ടെന്നും ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിച്ചു.
എഐ അധിഷ്ഠിത സേവനങ്ങള്‍ വികസിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും ആഗോള തലത്തില്‍ തന്നെ മുന്‍നിരയിലാണ് ഇന്ന് ഗൂഗിള്‍. ചാറ്റ് ജിപിടി-യിലൂടെ ഓപ്പണ്‍ എഐ കടുത്ത മത്സരം ഗൂഗിളിനു മുന്നില്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് പിച്ചൈ തന്റെ നിലപാട് വ്യക്തമാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സിലിക്കണ്‍ വാലിയിലെയും ചൈനയിലെയും മറ്റ് നിരവധി കമ്പനികളും ഇന്ന് എഐ അധിഷ്ഠിത സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ്.
ആഗോള ടെക് കമ്പനികള്‍ ഒരുമിച്ച് ചേര്‍ന്ന് എഐ-ക്കു വേണ്ടിയുള്ള പൊതു മാനദണ്ഡങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും രൂപീകരിക്കണമെന്നും അതിനു സംഭവിക്കുന്ന കാലതാമസം ചൈനയ്ക്കു മാത്രമാണ് ഗുണകരമാകുകയെന്നും ഗൂഗിളിന്റെ മുന്‍ സിഇഒ എറിക് ഷ്മിഡിറ്റും അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
എഐ മൂലം സംഭവിക്കാവുന്ന ഹാനികളില്‍ പിച്ചൈ ഏറ്റവും പ്രധാനമായി എടുത്തുപറയുന്നത് വ്യാജ വിഡിയോകളുടെ കാര്യമാണ്. ഇത് വ്യക്തികളിലും സമൂഹത്തിലും ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളതായിരിക്കും. കുറച്ചു കാലം എഐ-യില്‍ ജോലി ചെയ്തിട്ടുള്ള ആര്‍ക്കും ഇത് എത്രത്തോളം വ്യത്യസ്തവും എത്രത്തോളം ആഴത്തിലുള്ളതാണെന്നും മനസിലാക്കാനാകും. അതിനാലാണ് ഇതിന്റെ നടപ്പിലാക്കലിന് സാമൂഹ്യ നിയന്ത്രണം അനിവാര്യമാകുന്നതെന്നും സുന്ദര്‍ പിച്ചൈ ചൂണ്ടിക്കാട്ടി.