image

3 Sep 2023 8:30 AM GMT

Policy

ഫിന്‍ഫ്ലുവേര്‍സിന് കടിഞ്ഞാണിടാന്‍ ഒരുങ്ങി സെബി

MyFin Desk

sebi ready to crack down on finfluers
X

Summary

  • ഫിൻഫ്ലുവൻസർമാർ സെബിയിൽ രജിസ്റ്റർ ചെയ്യണം
  • രജിസ്റ്റര്‍ ചെയ്യാത്ത ഫിൻഫ്ലുവൻസർമാരുടെ പ്രൊമോഷണല്‍ പങ്കാളിത്തങ്ങള്‍ വിലക്കും


നിക്ഷേപ തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ പ്രാപ്തരായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരെ നിയന്ത്രിക്കാന്‍ തയാറെടുക്കുകയാണ് സെക്യുരിറ്റീസ് ആന്‍സ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിന് 7.5 ലക്ഷം രൂപ വരെ ഈടാക്കുന്ന ഫിൻ‌ഫ്ലുവന്‍സര്‍മാരുണ്ട്. സാമ്പത്തിക വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിനും വ്യാഖ്യാനിക്കുന്നതിനുമുള്ള ഒരു പുതിയ മാർഗമാണ് ഇത്തരം സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലൂടെ സൃഷ്ടിക്കപ്പെട്ടത്.

ഇപ്പോൾ സെബി നിർദ്ദേശിച്ചിട്ടുള്ള നടപടികൾ അനുസരിച്ച് ഫിൻഫ്ലുവൻസർമാർ നിയന്ത്രണ പരിധിയിൽ വരുകയും ഉത്തരവാദിത്തരഹിതമായി ഇവരുടെ എണ്ണം പെരുകുന്നതിന് തടയിടുകയും ചെയ്യും. നിക്ഷേപകർക്ക് കൃത്യവും പക്ഷപാതരഹിതവുമായ വിവരങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും തട്ടിപ്പ് കുറയ്ക്കുന്നതിനും ഇത് സഹായിക്കുമെന്ന് ആനന്ദ് രതി വെൽത്ത് ഡെപ്യൂട്ടി സിഇഒ ഫിറോസ് അസീസ് പറഞ്ഞു.

സെബിയില്‍ രജിസ്റ്റര്‍ ചെയ്യണം

പ്രൊപ്പോസല്‍ അനുസരിച്ച്, ഫിൻഫ്ലുവൻസർമാർ സെബിയിൽ രജിസ്റ്റർ ചെയ്യുകയും നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും വേണം. കൂടാതെ, പ്രൊമോഷണൽ പ്രവർത്തനങ്ങൾക്കായി മ്യൂച്വൽ ഫണ്ടുകളുമായും സ്റ്റോക്ക് ബ്രോക്കർമാരുമായും പങ്കാളിത്തത്തിൽ ഏര്‍പ്പെടുന്നതില്‍ നിന്ന് രജിസ്റ്റർ ചെയ്യാത്ത ഫിൻഫ്ലുവൻസർമാരെ നിരോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

രജിസ്റ്റർ ചെയ്യാത്ത ഫിൻ‌ഫ്ലുവൻസര്‍മാര്‍ ശരിയായ വെളിപ്പെടുത്തൽ, നിരാകരണ സമ്പ്രദായങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നടപടികളും നിർദ്ദേശിച്ചിട്ടുണ്ട്. ഇത് അവരുടെ വരുമാന മാര്‍ഗങ്ങളെ ബാധിക്കുന്നതാണ്. സാമ്പത്തിക മാർഗനിർദേശം തേടുന്ന നിക്ഷേപകർക്ക് കൂടുതൽ ഉത്തരവാദിത്തവും വിശ്വസനീയവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഇത് സഹായിക്കുമെന്ന് സെബി ചൂണ്ടിക്കാണിക്കുന്നു.

വരുമാനം പലവിധം

പല ഫിൻ‌ഫ്ലുവൻസർമാരും വിലയേറിയ ഉൾക്കാഴ്ചകൾ നിക്ഷേപകര്‍ക്ക് നൽകുന്നുണ്ട്. എങ്കിലും കമ്മിഷന്‍ അടിസ്ഥാനത്തില്‍ പക്ഷപാതപരമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉപദേശം നൽകുന്ന ഫിൻ‌ഫ്ലുവൻസർമാരുടെ എണ്ണം വര്‍ധിച്ചുവരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് സെബിയുടെ നടപടി..

കൂടാതെ, അവരിൽ പലരും ഉൽപ്പന്നം, ചാനൽ, പ്ലാറ്റ്‌ഫോം അല്ലെങ്കിൽ സേവനങ്ങൾ പ്രചരിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ നിന്നോ മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നോ നേരിട്ട് ഫീസോ ലാഭ വിഹിതമോ സ്വന്തമാക്കുന്നു. ഫിൻഫ്ലുവൻസർമാരുമായി ബന്ധപ്പെട്ട അപകടസാധ്യത പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങള്‍ ഉള്‍പ്പെട്ട കൺസൾട്ടേഷൻ പേപ്പർ ഓഗസ്‍റ്റ് അവസാനമാണ് സെബി അവതരിപ്പിച്ചത്.