image

2 Jan 2023 6:55 AM GMT

Policy

നോട്ട് നിരോധനം: പിഴവില്ലെന്ന് സുപ്രീം കോടതി, നിയമവഴി വേണ്ടിയിരുന്നുവെന്ന് ഭിന്നാഭിപ്രായം

MyFin Desk

demonetisation supreme court
X

Summary

  • കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം റദ്ദാക്കാന്‍ സാധിക്കില്ലെന്നും വിധിയിലുണ്ട്.


ഡെല്‍ഹി: 2016ല്‍ നോട്ട് നിരോധനം നടത്തിയ കേന്ദ്ര സര്‍ക്കാര്‍ നീക്കം ശരിവെച്ച് സുപ്രീം കോടതി. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് നിരോധിച്ച സംഭവത്തിനെതിരെയുള്ള പരാതികള്‍ അഞ്ചംഗ ബെഞ്ച് തള്ളുകയും ചെയ്തു. സര്‍ക്കാര്‍ തീരുമാനത്തില്‍ തെറ്റില്ലെന്നും ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും കൂടിയാലോചന നടത്തിയാണ് നോട്ട് നിരോധിക്കാന്‍ തീരുമാനിച്ചതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എസ് എ നസീര്‍ അധ്യക്ഷനായ ബെഞ്ചാണ് നോട്ട് നിരോധനത്തില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിധിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം റദ്ദാക്കാന്‍ സാധിക്കില്ലെന്നും വിധിയിലുണ്ട്. ജസ്റ്റിസ് ആര്‍ എസ് ഗവായ് ആണ് ഭൂരിപക്ഷ വിധി വായിച്ചത്. നോട്ട് നിരോധനം സംബന്ധിച്ച് 58 ഹര്‍ജികളാണ് പരിഗണയ്‌ക്കെത്തിയത്. എന്നാല്‍ നോട്ട് നിരോധനം സംബന്ധിച്ച് ബെഞ്ച് അംഗമായ ജസ്റ്റിസ് നാഗരത്‌ന ഭിന്ന വിധിയാണ് പ്രസ്താവിച്ചത്.

ഗവായിയുടെ വിധിയില്‍ വിയോജിപ്പുണ്ടെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണ് നോട്ട് നിരോധനം നടത്തിയത് എന്നതിനോട് യോജിക്കുന്നില്ലെന്നും നാഗരത്‌ന പറഞ്ഞു. നോട്ട് നിരോധനം പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ വേണമായിരുന്നുവെന്നും നാഗരത്‌ന വ്യക്തമാക്കി.

2016 നവംബര്‍ എട്ടിന് അര്‍ധരാത്രി മുതലാണ് പ്രചാരത്തിലുണ്ടായിരുന്ന 500ന്റെയും 1000ന്റെയും നോട്ടുകള്‍ അസാധുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കള്ളപ്പണം പിടികൂടുന്നതിന് വേണ്ടിയാണ് നീക്കം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആകെ 50 ദിവസമാണ് പൊതുജനങ്ങള്‍ക്കായി അനുവദിച്ച് കിട്ടിയത്. ബാങ്കില്‍ നോട്ട് മാറ്റിയെടുക്കാന്‍ ജനം തിക്കിത്തിരക്കുന്ന അവസ്ഥ വരെയുണ്ടായി. രാജ്യത്തെ ചില ബാങ്കുകളില്‍ വെച്ച് തിരക്കില്‍ പെട്ടും, ആരോഗ്യനില വഷളായും മരണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.