8 Nov 2023 9:17 AM GMT
Summary
- സെല്ലുലാര്‍ നെറ്റ്‍വര്‍ക്ക് ഇല്ലെങ്കിലും ടിവി സിഗ്നലുകള്‍ സ്വീകരിക്കാനാകണമെന്ന നയമാണ് പരിഗണിക്കുന്നത്
- നിര്‍മാണ ചെലവ് ഉയര്‍ത്തുന്നതും പ്രത്യേകിച്ച് ഗുണമില്ലാത്തതും ആണെന്ന് 4 പ്രമുഖ കമ്പനികള്‍
സ്‌മാർട്ട്‌ഫോണുകളിൽ നേരിട്ട് തത്സമയ ടിവി സംപ്രേക്ഷണം ലഭ്യമാക്കുന്നതിനുള്ള ഇന്ത്യയുടെ സാങ്കേതിക വിദ്യയെ എതിർക്കുന്നവരിൽ സാംസംഗും ക്വാൽകോമും. ഇതിന് ആവശ്യമായ ഹാർഡ്‌വെയർ മാറ്റങ്ങൾ വരുത്തുന്നത് ഡിവൈസുകളുടെ വില 2500 രൂപ വരെ വർദ്ധിപ്പിക്കുമെന്ന് ഇവര്‍ വാദിക്കുന്നു.
സ്‍മാര്‍ട്ട്ഫോണുകളില്‍ സിംകാര്‍ഡ് അല്ലെങ്കില്‍ സെല്ലുല്ലാര്‍ നെറ്റ്‍വര്‍ക്ക് ഇല്ലാതെ തന്നെ തത്സമയ ടിവി സിഗ്നലുകൾ സ്വീകരിക്കാനാകുന്ന തരത്തില്‍ ഹാര്‍ഡ്‍വെയറുകള്‍ സജ്ജീകരിക്കുന്നതിനുള്ള നയമാണ് ഇന്ത്യ പരിഗണിക്കുന്നു. ടിവി സിഗ്നലുകളുടെ കൃത്യമായ ജിയോ ലൊക്കേഷൻ കണ്ടെത്തി ഉയർന്ന നിലവാരത്തിലുള്ള ദൃശ്യങ്ങള്‍ നല്‍കാനാകുന്ന എടിഎസ്‍സി 3.0 സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് കരട് നിര്‍ദേശം. വടക്കേ അമേരിക്കയിൽ ഏറെ പ്രചാരത്തിലുള്ള സാങ്കേതിക സംവിധാനമാണിത്.
ഇന്ത്യയിൽ നിലവിലുള്ള തങ്ങളുടെ സ്‍മാർട്ട്‌ഫോണുകൾ എടിഎസ്‍സി 3.0-ക്ക് അനുയോജ്യമായതല്ലെന്നും, ഇതിനായി കൂടുതൽ ഘടകങ്ങൾ ചേർക്കേണ്ടി വരുന്നത് നിര്‍മാണ ചിലവ് ഉയര്‍ത്തുമെന്നും വിവിധ കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് തങ്ങളുടെ നിലവിലുള്ള മാനുഫാക്ചറിംഗ് പദ്ധതികളെയും അവതാളത്തിലാക്കുമെന്ന് കമ്പനികള്‍ക്ക് ആശങ്കയുണ്ട്.
സാംസംഗ്, ക്വാൽകോം, ടെലികോം ഗിയർ നിർമ്മാതാക്കളായ എറിക്‌സൺ, നോക്കിയ എന്നിവർ സംയുക്തമായാണ് തങ്ങളുടെ ആശങ്കകള്‍ കത്തിലൂടെ കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. ഡയറക്‌ട്-ടു-മൊബൈൽ ബ്രോഡ്‌കാസ്റ്റിംഗ് ചേർക്കുന്നത് ഉപകരണങ്ങളുടെ ബാറ്ററി പ്രകടനത്തെയും സെല്ലുലാർ റിസപ്ഷനെയും നശിപ്പിക്കുമെന്ന് കത്തില്‍ പറയുന്നു. ഇതു സംബന്ധിച്ച ആലോചനകളില്‍ യാതൊരു ഗുണവും തങ്ങള്‍ക്ക് കണ്ടെത്താനാകുന്നില്ലെന്നും കമ്പനികള്‍ വാദിക്കുന്നതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ വിവിധ ആപ്ലിക്കേഷനുകളിലൂടെ സെല്ലുലാര്‍ നെറ്റ്‍വര്‍ക്ക് ഉപയോഗിച്ച് സ്‍മാര്‍ട്ട് ടിവി ഉപയോക്താക്കള്‍ക്ക് തത്സമയ ടിവി സംപ്രേഷണം ആസ്വദിക്കാനാകും.