image

3 July 2023 8:59 AM

Policy

ജിഎസ്‍ടി അപ്പലെറ്റ് ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ പുറത്തിറക്കും

MyFin Desk

rules for setting up gst appellate tribunals
X

Summary

  • എല്ലാ സംസ്ഥാനങ്ങളിലും ട്രൈബ്യൂണലിന് ബെഞ്ചുകൾ
  • പ്രിന്‍സിപ്പിള്‍ ബെഞ്ച് സ്ഥാപിക്കുന്നത് ന്യൂഡെല്‍ഹിയില്‍
  • നിലവില്‍ അപ്പീലുകള്‍ പരിഗണിക്കുന്നത് ഹൈക്കോടതികള്‍


ജിഎസ്‍ടി അപ്പലെറ്റ് ട്രൈബ്യൂണലുകൾ സ്ഥാപിക്കുന്നതിനായുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ചെയ്യും. ജിഎസ്‍ടി കൗൺസിലിന്റെ അംഗീകാരത്തിന് ശേഷം ട്രൈബ്യൂണലിലെ അംഗങ്ങളെ നിയമിക്കുമെന്നും സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) മെബര്‍ (ജിഎസ്‌ടി) ശശാങ്ക് പ്രിയ പറഞ്ഞു. നികുതി അടിത്തറ വിപുലീകരിക്കാനും കോർപ്പറേറ്റ് നികുതിദായകരുടെ ആദായ നികുതി വിവരങ്ങളുമായി ചേര്‍ത്തുവെച്ചുള്ള പരിശോധനകള്‍ നടത്താനും സിബിഐസി ശ്രമിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡാറ്റ അനുസരിച്ച്, നിലവിൽ കോർപ്പറേറ്റ് ആദായ നികുതിദായകരുടെ 40 ശതമാനത്തിന് മാത്രമാണ് ജിഎസ്‍ടി രജിസ്ട്രേഷന്‍ ഉള്ളത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 1.39 കോടി ബിസിനസുകൾ ജിഎസ്‍ടിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ആറ് വർഷം മുമ്പ് 2017 ജൂലൈ 1ന് ജിഎസ്‍ടി ആരംഭിച്ചപ്പോഴുള്ളതിന്റെ ഇരട്ടിയാണിതെന്ന് ശശാങ്ക് പ്രിയ വിവരിച്ചു. വ്യാവസായിക സംഘടനയായ ഫിക്കി ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിച്ച ജിഎസ്‍ടി കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്‍ടി സംവിധാനം നിവലില്‍ വന്ന് ആറ് ഇക്കഴിഞ്ഞ ജൂലൈ 1ന് ആറു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സമ്മേളനം നടന്നത്.

പ്രതിമാസ ജിഎസ്‍ടി വരുമാനം 2017-18ൽ ശരാശരി 89,885 കോടി രൂപ ആയിരുന്നത് നിന്ന് 2022-23ൽ 1.50 ലക്ഷം കോടി രൂപയായി ഉയർന്നു. 2023-24ൽ ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് പ്രതിമാസം ശരാശരി വരുമാനം 1.69 ലക്ഷം കോടി രൂപയാണ്. "ഞങ്ങൾ ഒരു ബിഗ് ബാംഗ് സമീപനമല്ല പിന്തുടരുന്നത്, സൂക്ഷ്മമായ വിലയിരുത്തലിന്‍റെയും അവലോകനങ്ങളുടെയും രീതിയിലാണ് പ്രവർത്തിക്കുന്നത്. കൂടുതൽ വ്യാപാര സൗഹൃദ നടപടികൾ സ്വീകരിക്കുന്നതിനുള്ള പ്രക്രിയയിലാണ് ഞങ്ങൾ," ശശാങ്ക് പ്രിയ പറഞ്ഞു. നികുതി പ്രക്രിയയില്‍ കൂടുതല്‍ സാങ്കേതിക നവീകരണം കൊണ്ടുവരുന്നതിനും ജിഎസ്‍ടി വഴിയൊരുക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൗൺസിലിന്റെ അംഗീകാരത്തിന് ശേഷം ട്രൈബ്യൂണല്‍ സംബന്ധിച്ച ചട്ടങ്ങള്‍ അറിയിക്കാനുള്ള പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. ട്രൈബ്യൂണൽ അംഗങ്ങളുടെ പ്രവൃത്തിപരിചയവും യോഗ്യതയും സംബന്ധിച്ച വ്യവസ്ഥകള്‍ കൗൺസിലിന്‍റെ അംഗീകാരത്തിന് വിധേയമായിരിക്കും. അപ്പീൽ ട്രൈബ്യൂണലുകൾ സ്ഥാപിക്കുന്നതിനായി ധനകാര്യ ബില്ലില്‍ വരുത്തുന്ന മാറ്റങ്ങൾക്ക് മാർച്ചിൽ പാർലമെന്റ് അനുമതി നൽകിയിരുന്നു. ജിഎസ്‍ടിക്ക് കീഴിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനാണ് ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുന്നത്.

എല്ലാ സംസ്ഥാനങ്ങളിലും ട്രൈബ്യൂണലിന്റെ ബെഞ്ചുകൾ സ്ഥാപിക്കുന്നതിനാണ് പദ്ധതി. ഉല്‍പ്പന്നത്തിന്‍റെയോ സേവനത്തിന്‍റെയോ 'വിതരണ സ്ഥല'വുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉന്നയിക്കുന്ന അപ്പീലുകൾ കേൾക്കുന്നതിനായി ഒരു പ്രിൻസിപ്പൽ ബെഞ്ച് ഡൽഹിയിലുണ്ടാകും. നിലവിൽ, നികുതി അധികാരികളുടെ ഉത്തരവില്‍ എതിര്‍പ്പുള്ള നികുതിദായകർ അതത് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളെയാണ് സമീപിക്കേണ്ടത്.

ജിഎസ്‍ടി കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക ബെഞ്ച് ഇല്ലാത്തതിനാൽ കേസുകളുടെ തീർപ്പാക്കലിന് വലിയ സമയമെടുക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന-ദേശീയ തലങ്ങളില്‍ ട്രൈബ്യൂണലുകള്‍ വരുന്നത് ഇതിന് പരിഹാരമൊരുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രജിസ്‌ട്രേഷൻ നടപടികൾ ദുരുപയോഗം ചെയ്യുന്ന ചില ബിസിനസുകൾ ഉണ്ടെന്നും രജിസ്‌ട്രേഷൻ നടപടികൾ കർശനമാക്കാനും വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് തട്ടിപ്പുകാരെ പിടികൂടാനുമാണ് ഇപ്പോൾ സിബിഐസി ശ്രമിക്കുന്നതെന്നും ശശാങ്ക് പ്രിയ പറഞ്ഞു. രണ്ട് മാസത്തെ പരിശോധനാ ഉദ്യമത്തിലൂടെ 45,000 വ്യാജ ജിഎസ്‍ടി രജിസ്ട്രേഷനുകൾ കേന്ദ്ര-സംസ്ഥാന നികുതി ഉദ്യോഗസ്ഥർ ഇതിനകം പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 13,900 കോടി രൂപയുടെ നികുതി ഒഴിവാക്കല്‍ സംബന്ധിച്ച് നിരീക്ഷണം നടക്കുകയാണ്. ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റില്‍ 1,430 കോടി രൂപയുടെ തെറ്റായ ഉപയോഗം ഉദ്യോഗസ്ഥർ തടഞ്ഞതായും ശശാങ്ക് പ്രിയ വ്യക്തമാക്കി. .