20 Aug 2023 1:30 PM GMT
Summary
- 93 നഗരസഭകള്‍ക്ക് പദ്ധതിയിലൂടെ ഫണ്ട് അനുവദിക്കും
- ജൈവ മാലിന്യങ്ങളുടെ ഉറവിട സംസ്കരണം പ്രോല്‍സാഹിപ്പിക്കും
'മാറ്റം' എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഖരമാലിന്യ പദ്ധതിക്ക് തുടക്കം. 2400 കോടി രൂപയുടെ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാ നഗരസഭകള്‍ക്കും അത്യാധുനികവും ശാസ്ത്രീയവുമായ മാലിന്യ പരിപാലന സംവിധാനങ്ങള്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നത് പ്രോല്‍സാഹിപ്പിക്കും. ഇത് സാധ്യമല്ലാത്ത ഇടങ്ങളില്‍ കേന്ദ്രീകൃത സംവിധാനങ്ങള്‍ നടപ്പാക്കും. ബയോഗ്യാസ് ഉപയോഗിച്ചുള്ള സിഎന്‍ജി സംവിധാനം, ബയോപാര്‍ക്കുകള്‍ എന്നിവ നഗരസഭകളില്‍ അവതരിപ്പിക്കും, അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളും റിസോഴ്‌സ് റിക്കവറി ഫെസിലിറ്റികളും സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചടങ്ങില്‍ മന്ത്രി പി. രാജീവ് ആധുനിക മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയുടെ രൂപരേഖ പ്രകാശിപ്പിച്ചു. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട സമഗ്ര പരാതി പരിഹാര സംവിധാനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷാണ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്.
ലോകബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് എന്നിവയുടെ ധനസഹായത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ 'മാറ്റം' നടപ്പാക്കുന്നത്. ഒരു വര്‍ഷമാണ് പദ്ധതി കാലയളവ്. 93 നഗരസഭകള്‍ക്കായി 1,200 കോടി രൂപയുടെ അടിസ്ഥാന സൌകര്യ വികസന ഗ്രാന്‍റ് അനുവദിക്കും.