10 Aug 2023 5:36 AM
Summary
- വായ്പകളുടെ പലിശ പുനര്‍നിര്‍ണയത്തിന് സുതാര്യ ചട്ടക്കൂട്
- രണ്ടാം പാദത്തില്‍ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പ നിരക്ക് 6.2 %
- ഓഗസ്റ്റ് 12 മുതൽ ബാങ്കുകൾ 10% ഐസിആര്‍ആര്‍ നിലനിര്‍ത്തണം
നടപ്പു സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ പ്രവചനം റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രബാങ്കിന്‍റെ ഈ നടപടി. 5.1 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായാണ് പണപ്പെരുപ്പ നിഗമനം ഉയർത്തിയത്. തുടർച്ചയായ മൂന്നാം തവണയും ബെഞ്ച്മാർക്ക് നിരക്ക് 6.5% എന്ന നിലയിൽ നിലനിര്‍ത്താന്‍ ആര്‍ബിഐ ധനനയയോഗം തീരുമാനിച്ചിട്ടുണ്ട്. പണപ്പെരുപ്പം കുറയുന്നതിന്‍റെ അടിസ്ഥാനത്തില്‍ നിരക്ക് ക്രമേണ കുറയ്ക്കുന്നതിലേക്ക് നീങ്ങുന്നതിന് അനുകൂലമായ സമിതിയിലെ ആറ് അംഗങ്ങളില്‍ അഞ്ചുപേരും വോട്ട് ചെയ്തു.
2023 -24ന്‍റെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും നാലാം പാദത്തിലും യഥാക്രമം 6.2 ശതമാനം, 5.7 ശതമാനം, 5.2 ശതമാനം എന്നിങ്ങനെ പണപ്പപ്പെരുപ്പം രേഖപ്പെടുത്തുമെന്ന നിഗമനമാണ് ഇപ്പോള്‍ ആര്‍ബിഐ മുന്നോട്ടുവെച്ചിട്ടുള്ളത്. ജൂണിലെ ധനനയത്തില്‍ ഇത് 5.2 ശതമാനം, 5.4 ശതമാനം, 5.2 ശതമാനം എന്നിങ്ങനെ ആയിരുന്നു. അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പണപ്പെരുപ്പ നിരക്ക് 5.2 ശതമാനം ആയിരിക്കും എന്നാണ് ആർബിഐ കണക്കാക്കുന്നത്.
അതേസമയം ജിഡിപി നിഗമനം റിസര്‍വ് ബാങ്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആവര്‍ത്തിച്ചു. ധനനയ സമിതി ജൂണിൽ നടത്തിയ ജിഡിപി പ്രവചനങ്ങൾ ഒന്നിലും മാറ്റം വരുത്തിയിട്ടില്ല. ആദ്യപാദത്തില്‍ 8.0 ശതമാനവും, രണ്ടാം പാദത്തില്‍ 6.5 ശതമാനവും, മൂന്നാം പാദത്തില്‍ 6.0 ശതമാനവും, നാലാം പാദത്തില്‍ 5.7 ശതമാനവും വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനങ്ങള്‍
ഫ്‌ളോട്ടിംഗ് പലിശനിരക്ക് ബാധകമായിട്ടുള്ള വായ്പയുടെ പ്രതിമാസ തിരിച്ചടവിന്റെ പലിശ പുനര്‍ക്രമീകരിക്കുന്നതിന് സുതാര്യമായ ചട്ടക്കൂട് കൊണ്ടുവരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. പലിശമാറ്റം സംബന്ധിച്ച വ്യക്തമായ ആശയവിനിമയം നടത്തുക, സ്ഥിരനിരക്കിലേക്ക് മാറുക, വായ്പ നേരത്തെ ക്ലോസ് ചെയ്യുക തുടങ്ങിയവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തതയുണ്ടാക്കാനാണ് ആര്‍ബിഐയുടെ തീരുമാനം.
2,000 രൂപ കറൻസി പിൻവലിച്ചതിനെത്തുടർന്ന് ബാങ്കിംഗ് സംവിധാനത്തിൽ വരുന്ന അധിക ലിക്വിഡിറ്റി ഇല്ലാതാക്കാനുള്ള സെൻട്രൽ ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 12 മുതൽ ബാങ്കുകൾ 10 ശതമാനം ഇൻക്രിമെന്റൽ ക്യാഷ് റിസർവ് റേഷ്യോ (ഐസിആർആർ) നിലനിർത്തണമെന്ന് ആര്‍ബിഐ നിര്‍ദേശിക്കുന്നു. നിക്ഷേപങ്ങളിൽ പെട്ടെന്ന് വർദ്ധനവുണ്ടാകുമ്പോൾ ബാങ്കുകളിലെ പണലഭ്യത കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു താൽക്കാലിക നടപടിയാണ് ഐസിആർആർ.
ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ എഫ്എംസിജി വിൽപ്പന ഉയരുന്നതായി ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. ഗ്രാമീണ ആവശ്യകതയുടെ വീണ്ടെടുപ്പിനെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും മികച്ച ഖാരിഫ് വിളവെടുപ്പോടെ ഇതിന് കൂടുതൽ ഉത്തേജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ഉത്സവകാലം സ്വകാര്യ ഉപഭോഗത്തിനും നിക്ഷേപ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.