6 Oct 2023 5:42 AM GMT
Summary
- സെപ്റ്റംബറില്‍ ചില്ലറ വിലക്കയറ്റം കുറയുമെന്ന് പ്രതീക്ഷ
- ജിഡിപി വളര്‍ച്ചാ അനുമാനത്തിലും കേന്ദ്രബാങ്ക് മാറ്റം വരുത്തിയില്ല
പലിശ നിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് പണനയ അവലോകനം. പണനയകമ്മിറ്റി 5-1 വോട്ടിലാണു നിരക്കുമാറ്റം വേണ്ടെന്നു തീരുമാനിച്ചത്. റീപോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും. ബാങ്ക് റേറ്റ്, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി, സ്റ്റാന്‍ഡിംഗ് ഡെപ്പാേസിറ്റ് ഫസിലിറ്റി തുടങ്ങിയ മറ്റു നിരക്കുകളും മാറ്റമില്ലാതെ തുടരും. പണലഭ്യത കുറയ്ക്കുന്ന സമീപനത്തിലും മാറ്റമില്ല.
വിലക്കയറ്റം കുറഞ്ഞു വരും എന്നു പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ടാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ് തീരുമാനം അറിയിച്ചത്. പക്ഷേ ഈ സാമ്പത്തിക വര്‍ഷത്തെ വിലക്കയറ്റ പ്രതീക്ഷ 5.4 ശതമാനത്തില്‍ മാറ്റം വരുത്തിയില്ല.
വിലക്കയറ്റ കാര്യത്തില്‍ പല അനിശ്ചിതത്വങ്ങള്‍ നിലവിലുണ്ടെന്നും ദാസ് പറഞ്ഞു. സെപ്റ്റംബറില്‍ ചില്ലറ വിലക്കയറ്റം കുറയും എന്നു ദാസ് സൂചിപ്പിച്ചു. എന്നാല്‍ ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ ഭക്ഷ്യവിലകള്‍ ഉയര്‍ന്നു നില്‍ക്കാന്‍ സാധ്യത ഉണ്ടെന്ന് അദ്ദേഹം കണക്കാക്കുന്നു.
ഈ ധനകാര്യ വര്‍ഷത്തെ ജിഡിപി വളര്‍ച്ച 6.5 ശതമാനം ആകുമെന്ന എന്ന പഴയ നിഗമനത്തിലും റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയില്ല. മാറ്റങ്ങള്‍ ഇല്ലാത്ത പണനയം ഓഹരി വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും പ്രതീക്ഷിച്ചതു പോലെ പണനയം പ്രഖ്യാപിക്കപ്പെട്ടതോടെ സെന്‍സെക്സും നിഫ്റ്റിയും നേട്ടങ്ങള്‍ വിപൂലീകരിക്കുന്നത് ദൃശ്യമായി. രാവിലെ 11 .07 നുള്ള വിവരം അനുസരിച്ച് 0.50 ശതമാനം നേട്ടത്തോടെ 65,959.33 ലാണ് സെന്‍സെക്സ്. നിഫ്റ്റിയും 0.50 ശതമാനം നേട്ടം പ്രകടമാക്കി 19,643.75 പോയിന്‍റിലെത്തി.