6 Dec 2023 8:05 AM GMT
പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന (പിഎംഎംഎസ് വൈ) ക്ക് കീഴില്‍ ഇതുവരെ 45.59 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി സര്‍ക്കാര്‍. 2020-21 നും 2024-25 നും ഇടയില്‍ 55 ലക്ഷം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പിഎംഎംഎസ് വൈ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രൂപാല ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
പിഎംഎംഎസ് വൈ യുടെ കീഴില്‍ ഇതുവരെ 11.46 ലക്ഷം നേരിട്ടും 34.13 ലക്ഷം പരോക്ഷമായും 45.59 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി കണക്കാക്കപ്പെടുന്നു. പിഎംഎംഎസ് വൈയുടെ മൊത്തം 3,351 ഗുണഭോക്താക്കള്‍ നേരിട്ടും 1,04,790 പേര്‍ പരോക്ഷമായും മത്സ്യബന്ധനത്തിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ജോലി ചെയ്യുന്നുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യ ഉല്‍പ്പാദനം, ഗുണമേന്മയുള്ള ഇന്‍പുട്ടുകള്‍, രോഗനിയന്ത്രണം, മത്സ്യത്തിനും മത്സ്യബന്ധന ഉല്‍പന്നങ്ങള്‍ക്കും ഷെല്‍ഫ് ആയുസ്സ് സൃഷ്ടിക്കല്‍, കാര്യക്ഷമമായ മത്സ്യ ഗതാഗതവും വിപണന സൗകര്യങ്ങളും, മികച്ച ആഭ്യന്തര, വിദേശ തന്ത്രങ്ങള്‍ തുടങ്ങി വിവിധ സംരംഭങ്ങളിലൂടെ മത്സ്യ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും പിഎംഎംഎസ് വൈ ലക്ഷ്യമിടുന്നു.
മത്സ്യബന്ധനമേഖല കേന്ദ്രീകരിച്ച് സുസ്ഥിര വികസനത്തിലുള്ള ഫ്‌ളാഗ്ഷിപ്പ് പദ്ധതിയാണ് പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (പിഎംഎംഎസ് വൈ). ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണപ്രദേശങ്ങളിലും 2020-21 മുതല്‍ 2024-25 വരെയുള്ള 5 സാമ്പത്തിക വര്‍ഷക്കാലയളവില്‍ 20,050 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പിഎംഎം.എസ് വൈക്ക് കീഴില്‍ നടത്തുന്ന 20,050 കോടി രൂപയുടെ നിക്ഷേപം മത്സ്യബന്ധന മേഖലയിലെ എക്കാലത്തെയും ഉയര്‍ന്ന നിക്ഷേപമാണ്. ഇതില്‍ 12340 കോടി രൂപ നിക്ഷേപം മറൈന്‍, ഉള്‍നാടന്‍ മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍ എന്നിവയിലെ ഗുണഭോക്താക്കളെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്. മത്സ്യബന്ധനമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്കായി 7710 കോടി രൂപയും മുതല്‍മുടക്കും.
2024-25 ഓടെ മത്സ്യ ഉല്‍പ്പാദനം 70 ലക്ഷം ടണ്‍ അധികം വര്‍ധിപ്പിക്കുക, 2024-25 ഓടെ മത്സ്യബന്ധന കയറ്റുമതി വരുമാനം 1,00,000 കോടി രൂപയായി ഉയര്‍ത്തുക, മീന്‍പിടിത്തക്കാരുടെയും മത്സ്യക്കര്‍ഷകരുടെയും വരുമാനം ഇരട്ടിയാക്കുക, വിളവെടുപ്പിനു ശേഷമുള്ള നഷ്ടം 20-25 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തോളം കുറയ്ക്കുക എന്നിവയാണ് പി.എം.എം.എസ്.വൈ ലക്ഷ്യമിടുന്നത്. മത്സ്യബന്ധന മേഖലയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും പ്രത്യക്ഷവും പരോക്ഷവുമായ 55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്നു.
പദ്ധതിയിലൂടെ സീവീഡ്, അലങ്കാര മത്സ്യകൃഷി തുടങ്ങിയവയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കും. ഗുണനിലവാരമുള്ള മത്സ്യകുഞ്ഞുങ്ങള്‍, വിത്ത്, തീറ്റ എന്നിവയ്ക്കുള്ള ഇടപെടലുകള്‍, മത്സ്യവര്‍ഗങ്ങളുടെ വൈവിധ്യവല്‍ക്കരണത്തില്‍ പ്രത്യേക ശ്രദ്ധ, അവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍, വിപണനശൃംഖലകള്‍ തുടങ്ങിയവയ്ക്കും ഇത് പ്രാധാന്യം നല്‍കുന്നു.