16 Aug 2023 8:15 AM IST
വ്യവസായ വാണിജ്യ വകുപ്പ് മുഖേന എടുത്ത മാര്‍ജിന്‍ മണി വായ്പയുടെ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ വ്യവസായ സംരംഭകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ 3 വരെ ദീര്‍ഘിപ്പിച്ചു. സംരംഭകരെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നത്.
കാറ്റഗറി ഒന്ന് : സംരംഭകന്‍ മരിക്കുകയും സംരംഭം പ്രവര്‍ത്തനരഹിതമായിരിക്കുകയും അതിനു ആസ്തികളൊന്നുമില്ലാതിരിക്കുകയും ചെയ്യുന്ന യൂണിറ്റുകളുടെ മാര്‍ജിന്‍ മണി വായ്പാ കുടിശിക പൂര്‍ണമായി എഴുതിത്തള്ളും.
കാറ്റഗറി രണ്ട് : മാര്‍ജിന്‍ മണി വായ്പയുടെ പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കും. ഒറ്റത്തവണ പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്ന തീയതിവരെ ആറു ശതമാനം നിരക്കില്‍ പലിശ കണക്കാക്കി, പലിശുടെ 50 ശതമാനം തുക ഇളവു ചെയ്തു നല്‍കും. വായ്പത്തുകയേക്കാള്‍ കൂടുതല്‍ പലിശ വന്നാല്‍ പലിശ ബാധ്യത വായ്പത്തുകയ്ക്കു തുല്യമായി നിജപ്പെടുത്തുകയും തിരിച്ചടക്കാന്‍ ബാക്കി നില്ക്കുന്ന തുകയില്‍ നിന്ന് നേരത്തെ അടച്ച പലിശയും പിഴപ്പലിശയും കുറവ് ചെയ്തു നല്‍കുകയും ചെയ്യും.
താത്പര്യമുളളവരില്‍നിന്ന് സെപ്റ്റംബര്‍ മൂന്നിന് വൈകുന്നേരം അഞ്ചു വരെ കാക്കനാട് ജില്ലാ വ്യവസായകേന്ദ്രത്തില്‍ അപേക്ഷ സ്വീകരിക്കുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍ :0484-2421360, 9846977669, 9495042317, 9495977565.