image

3 Jan 2024 9:08 AM GMT

Policy

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രമന്ത്രി

MyFin Desk

union minister says there is no plan to reduce petrol and diesel prices
X

Summary

  • മാധ്യമങ്ങളില്‍‌ വന്നത് ഊഹാപോഹം മാത്രമെന്ന് എണ്ണ മന്ത്രി
  • വിലയില്‍ 8 രൂപ മുതല്‍ 10 രൂപ വരെ കുറവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ
  • ക്രൂഡ് ഓയില്‍ വിലയില്‍ 2023ല്‍ 10 ശതമാനത്തോളം ഇടിവുണ്ടായി


പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി, പുതുവര്‍ഷ സമ്മാനം എന്ന നിലയില്‍ ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര എണ്ണ മന്ത്രി ഹർദീപ് സിംഗ് പുരി. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് പൂർണ്ണമായും ഊഹപോഹമാണെന്നും ഇന്ധന വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുമായി (ഒഎംസി) ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ക്രൂഡ് ഓയില്‍ വിലയില്‍ 2023ല്‍ 10 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. ഇതിന് ആനുപാതികമായി രാജ്യത്തെ പെട്രോള്‍, ഡീസല്‍ ഉപഭോക്താക്കള്‍ക്ക് വില കുറച്ചു നല്‍കാന്‍ പെട്രോളിയം കമ്പനികള്‍ തയാറായിട്ടില്ല. ബ്രെന്‍റ് ക്രൂഡ് വില കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ബാരലിന് 80 ഡോളറിന് താഴെയാണ് ഉള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് വിലക്കുറവ് നടപ്പിലാക്കി രാഷ്ട്രീയ നേട്ടത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നു എന്നായിരുന്നു വിലയിരുത്തല്‍. മുമ്പ് ചില നിര്‍ണായക തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ദിവസങ്ങളോളം പെട്രോള്‍, ഡീസല്‍ വിലകള്‍ ഉയര്‍ത്താതെ നിലനിര്‍ത്തിയിരുന്നു.

പെട്രോള്‍, ഡീസല്‍ ചില്ലറ വില്‍പ്പന വില ലിറ്ററിന് 8 രൂപ മുതല്‍ 10 രൂപ വരെ കുറച്ചേക്കുമെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2022 മെയ് 22-ന് കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതിലൂടെ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് യഥാക്രമം 8 രൂപയും, 6 രൂപയും കുറച്ചിരുന്നു. അതിനു മുമ്പ് നിരവധി തവണ സര്‍ക്കാര്‍ നികുതി ഉയര്‍ത്തിയതിന്‍റെ ഫലമായി ക്രൂഡ് വിലയിടിവിന്‍റെ പ്രയോജനം രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകാത്ത സാഹചര്യം ഉണ്ടായിരുന്നു.

ഇന്ത്യയില്‍ ഓരോ സംസ്ഥാനങ്ങളിലും അവിടെ ചുമത്തുന്ന നികുതിയുടെ കൂടി അടിസ്ഥാനത്തില്‍ ഇന്ധനവിലയില്‍ ചില വ്യതിയാനങ്ങളുണ്ട്. എങ്കിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും പെട്രോള്‍ വില ലിറ്ററിന് മൂന്നക്കം കടന്നിട്ടുണ്ട്.