image

29 Jun 2023 4:57 AM GMT

Policy

വിദേശത്തെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് ടിസിഎസ് ഒഴിവാക്കി

MyFin Desk

tcs has waived credit card usage abroad
X

Summary

  • വിനയോഗിക്കുന്ന പണത്തിന്‍റെ അളവ് കണക്കിലെടുക്കാതെ ആനുകൂല്യം
  • പുതുക്കിയ ടിസിഎസ് നിരക്ക് നടപ്പാക്കുന്നതും നീട്ടി
  • മേയ് 19ന്‍റെ വാര്‍ത്താക്കുറിപ്പ് അസാധുവാക്കിയെന്ന് ധനമന്ത്രാലയം


വിദേശത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴിൽ ടിസിഎസ് ഈടാക്കില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. വിനിയോഗിക്കുന്ന പണത്തിന്‍റെ അളവ് പരിഗണിക്കാതെ ഈ ആനുകൂല്യം ലഭ്യമാക്കും. വിദേശത്തു നിന്നുള്ള പണമയയ്‌ക്കലിന് സ്രോതസ്സിൽ നിന്ന് (ടിസിഎസ്) ശേഖരിക്കുന്ന നികുതി 20 ശതമാനമാക്കുന്ന പുതിയ നിയമം നടപ്പാക്കുന്നതിനുള്ള സമയപരിധിയും ധനമന്ത്രാലയം ബുധനാഴ്ച രാത്രിയിലെ ഉത്തരവിലൂടെ നീട്ടിയിട്ടുണ്ട്. ജൂലൈ 1 മുതലാണ് പുതുക്കിയ ടിസിഎസ് നിരക്ക് നടപ്പാക്കാനിരുന്നത്. ഒക്റ്റോബര്‍ 1 ആണ് ഇപ്പോള്‍ പുതിയ തീയതിയായി അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഒക്റ്റോബര്‍ 1 മുതലും ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് എല്‍ആര്‍എസിനു കീഴില്‍ ടിസിഎസ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ജൂലൈ 1 മുതൽ, അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് എൽആർഎസിന് കീഴിൽ 20 ശതമാനം ടിസിഎസ് (സ്രോതസ്സിൽ നിന്നുള്ള നികുതി) സമാഹരിച്ചുകൊണ്ട് ബജറ്റ് പ്രഖ്യാപനം നടപ്പാക്കുമെന്ന് ധനമന്ത്രാലയം മേയ് 19 ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. വിദേശത്തെ ടൂർ പാക്കേജുകൾ, ബോണ്ടുകൾ, ഷെയറുകൾ, റിയൽ എസ്റ്റേറ്റ് മുതലായവ വാങ്ങുന്നതിനായി പണമയയ്ക്കലിനുള്ള എൽആർഎസ് നേരത്തെയുള്ള 5 ശതമാനത്തിൽ നിന്ന് 20 ശതമാനമായി വർധിപ്പിച്ച ബജറ്റ് പ്രഖ്യാപനവും ജൂലൈ മുതല്‍ നടപ്പാക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. പുതിയ അറിയിപ്പു പ്രകാരം മേയ് 19ലെ ഔദ്യോേഗിക വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ അസാധുവാക്കപ്പെടുന്നതായി ധനമന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകളുടെ കാര്യത്തില്‍ പുതിയ ഭേദഗതികള്‍ ബാധകമാകില്ലെന്ന് നേരത്തേ തന്നെ സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്.

മെയ് 16നാണ് ഡെബിറ്റ് കാർഡുകൾക്ക് സമാനമായി അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകൾക്കും എൽആർഎസ് സര്‍ക്കാര്‍ ബാധകമാക്കിയത്. ഒരു സാമ്പത്തിക വർഷത്തിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെയുള്ള അന്താരാഷ്ട്ര ചെലവിടലിന് എല്‍ആര്‍എസ് സ്‍കീം പ്രകാരം ഇളവ് ലഭിക്കുന്നതിന് 7 ലക്ഷം രൂപയുടെ പരിധിയാണ് മേയ് 19 ലെ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നത്. പേയ്മെന്‍റ് മാര്‍ഗം ഏതു തന്നെയായാലും എൽആർഎസ്, വിദേശ യാത്രാ ടൂർ പാക്കേജുകൾ എന്നിവയ്ക്ക് കീഴില്‍ ഏത് ആവശ്യത്തിനായും ഒരു വ്യക്തി പ്രതിവർഷം 7 ലക്ഷം രൂപ വരെ ചെലവിടുന്നതിനുള്ള ടിസിഎസ് നിരക്കുകളില്‍ മാറ്റമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

കമ്പനികൾ സ്പോൺസർ ചെയ്യുന്ന, ജീവനക്കാരുടെ വിദേശ ബിസിനസ്സ് യാത്രകൾക്ക് ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) മാനദണ്ഡങ്ങളിലെ മാറ്റങ്ങൾ ബാധകമാകില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിയമപരിധിയില്‍ വരുന്ന ഏതെങ്കിലുമൊരു സ്ഥാപനം ഒരു ജീവനക്കാരനെ ഡെപ്യൂട്ടേറ്റ് ചെയ്യുകയും അതിന്‍റെ ചെലവുകൾ വഹിക്കുകയും ചെയ്യുമ്പോൾ, അത്തരം ചെലവുകളെ എല്‍ആര്‍എസിന് പുറത്തുള്ള ശേഷിക്കുന്ന കറന്റ് അക്കൗണ്ട് ഇടപാടുകളായാണ് കണക്കാക്കുക. ഇടപാടിന്റെ സത്യസന്ധത സ്ഥിരീകരിക്കുന്നതിന് വിധേയമായി അംഗീകൃത ഡീലർ (എഡി) ഇതിന് പരിധിയില്ലാതെ അനുമതി നല്‍കുകയും ചെയ്യാമെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു.

എല്‍ആര്‍എസ് പ്രകാരം, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ എല്ലാ റസിഡന്റ് വ്യക്തികൾക്കും ഒരു സാമ്പത്തിക വർഷത്തിൽ $250,000 വരെ അനുവദനീയമായ ഏതെങ്കിലും കറന്റ് അല്ലെങ്കിൽ ക്യാപിറ്റൽ അക്കൗണ്ട് ഇടപാടുകൾക്കായി മറ്റു രാജ്യങ്ങളില്‍ നിന്ന് വിനിമയം ചെയ്യാന്‍ അവകാശമുണ്ട്. എല്‍ആര്‍എസ് പ്രകാരം, 2020 -21 സാമ്പത്തിക വർഷത്തിൽ, മൊത്തമായി 12.68 ബില്യൺ ഡോളര്‍ അയക്കപ്പെട്ടു. 2021-22ൽ ഇത് 19.61 ബില്യൺ ഡോളറായും, 2022 -23 ല്‍ 24 ബില്യൺ ഡോളറായി ഉയർന്നു, അതിൽ പകുതിയിലേറെയും സംഭാവന ചെയ്തത് വിദേശ യാത്രകളാണ്.

ജൂലൈ 1 മുതൽ പുതിയ നിയമം നടപ്പാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ച് വിവിധ ബാങ്കുകൾ തങ്ങള്‍ക്കുള്ള ആശങ്കകള്‍ ധനമന്ത്രാലയത്തെ അറിയിച്ചിരുന്നു. ബാങ്കുകൾക്കും കാർഡ് നെറ്റ്‌വർക്കുകൾക്കും പുതുക്കിയ നിരക്കുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ ഐടി അധിഷ്‌ഠിത പരിഹാരങ്ങൾ സജ്ജമാക്കുന്നതിന് മതിയായ സമയം ആവശ്യമാണെന്ന വാദം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. അതേസമയം മെയ് 16-ലെ ഇ-ഗസറ്റ് വിജ്ഞാപനം നടപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.