10 Aug 2023 7:21 AM
Summary
- ബാങ്കിംഗ് ഓഹരികളില്‍ ഇടിവ്
പലിശനിരക്കിൽ മാറ്റമില്ല. പക്ഷേ പണപ്പെരുപ്പം തടയാൻ ബാങ്കുകളുടെ കരുതൽ ധന അനുപാതം (സിആർആർ) താൽക്കാലികമായി കൂട്ടി. രാജ്യത്തു വിലക്കയറ്റം കൂടുമെന്നു മുന്നറിയിപ്പും നൽകി. ഇന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ച പണനയം അക്കാര്യങ്ങളാണ് അറിയിച്ചത്.
സ്വാഭാവികമായും വിപണിക്ക് ഇതു രസിച്ചില്ല. ഓഹരിവിപണി ഇടിഞ്ഞു. പിന്നീട് അൽപം കയറിയെങ്കിലും സൂചികകൾ ഗണ്യമായ നഷ്ടത്തിൽ തന്നെ തുടരുന്നു.
പലിശനിരക്കുകൾ കൂട്ടുകയില്ല എന്ന പ്രതീക്ഷ റിസർവ് ബാങ്ക് ശരിവച്ചു. എങ്കിലും പണപ്പെരുപ്പം കുറയ്ക്കാൻ നടപടി എടുത്തു. അത് അപ്രതീക്ഷിതമായിരുന്നു.
ഇക്കൊല്ലത്തെ വിലക്കയറ്റ നിഗമനം 5.1 ൽ നിന്ന് 5.4 ശതമാനമായി ഉയർത്തി. ഇത് അപ്രതീക്ഷിതമല്ലെങ്കിലും വിപണിക്ക് ആഘാതമായി.
അതേ സമയം ജിഡിപി വളർച്ച പ്രതീക്ഷ 6.5 ശതമാനം നിലനിർത്തി. പല ഏജൻസികളും ഈ നിഗമനത്തെ ചോദ്യം ചെയ്യുന്നതു ബാങ്ക് വകവയ്ക്കുന്നില്ല.
അടിസ്ഥാന പലിശയായ റീപോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ബാങ്ക് റേറ്റും മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റിയും 6.75 ശതമാനത്തിലും സ്റ്റാൻഡിംഗ് ഡിപ്പാേസിറ്റ് ഫസിലിറ്റി 6.25 ശതമാനത്തിലും തുടരും എന്നു ഗവർണർ പറഞ്ഞു.
അതേസമയം ബാങ്കുകൾക്ക് 10 ശതമാനം അധിക കരുതൽ പണ അനുപാതം (ഇൻക്രിമെന്റൽ സിആർആർ) പ്രഖ്യാപിച്ചു. ഇതു താൽക്കാലികമാണ്. എങ്കിലും ബാങ്കുകളുടെ ലാഭക്ഷമത കുറയും. ബാങ്ക് ഓഹരികൾ ഇടിഞ്ഞു.
2000 രൂപയുടെ കറൻസി പിൻവലിക്കുന്നതിനെ തുടർന്നു ബാങ്കുകളിൽ നിക്ഷേപങ്ങൾ അസാധാരണമായി വർധിച്ചു. ഇത് വിപണിയിലെ പണപ്പെരുപ്പത്തിന് ആക്കം കൂട്ടാതിരിക്കാനായിട്ടാണ് അധിക സിആർആർ പ്രഖ്യാപിച്ചത്. മേയ്-ജൂലൈ കാലയളവിലെ അധിക നിക്ഷേപങ്ങളുടെ 10 ശതമാനമാണ് അധിക സിആർആർ. ഇത്രയും പണം ബാങ്കുകൾക്കു വായ്പ നൽകാവുന്ന തുകയിൽ നിന്നു കുറയും.
വിലക്കയറ്റം നാലു ശതമാനത്തിനു താഴെയാക്കുന്നതിലെ ഊന്നൽ തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പണലഭ്യത കുറയ്ക്കുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും പണനയ കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് അധിക സിആർആർ ചുമത്തിയത്.
2023-24 ലെ വിലക്കയറ്റ നിഗമനം ഉയർത്തിയത് വിലക്കയറ്റത്തിൽ പെട്ടെന്നു ശമനം ഉണ്ടാകുകയില്ലെന്ന് സൂചിപ്പിക്കുന്നു. രണ്ടാം പാദത്തിലെ വിലക്കയറ്റ പ്രതീക്ഷ 5.2 ൽ നിന്ന് 6.2 ശതമാനമായി ഉയർത്തി. മൂന്നാം പാദത്തിലേത് 5.4 ൽ നിന്ന് 5.7 ശതമാനമാക്കി. നാലാം പാദത്തിലേത് 5.2 ശതമാനം എന്ന നിഗമനം തുടരും. അടുത്ത ധനകാര്യ വർഷവും വിലക്കയറ്റം പരിധിക്കു മുകളിലാകുമെന്നു ദാസ് നൽകിയ വിലക്കയറ്റ പ്രതീക്ഷയുടെ കണക്കു കാണിക്കുന്നു. 2024-25 ധനകാര്യ വർഷം ആദ്യപാദത്തിലും വിലക്കയറ്റം 5.2 ശതമാനമാണു പ്രതീക്ഷ. നാലു ശതമാനം എന്ന നില വളരെ അകലെയാണെന്നു ചുരുക്കം.
ജിഡിപി വളർച്ച ഓരാേ പാദത്തിലും പ്രതീക്ഷിക്കുന്നത് ഇങ്ങനെയാണ്. ഒന്നാം പാദം 8.0%, രണ്ടാം പാദം 6.5%, മൂന്നാം പാദം 6.0%, നാലാം പാദം 5.7%.
അടുത്ത ധനകാര്യ വർഷത്തിന്റെ ഒന്നാം പാദത്തിൽ 6.6 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു
റീപോ നിരക്ക് എന്നാൽ ....
അടിയന്തര സാഹചര്യങ്ങളിൽ വാണിജ്യ ബാങ്കുകൾ, സർക്കാർ കടപ്പത്രം പണയമായി നൽകി ഏകദിന വായ്പ എടുക്കുമ്പാേൾ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശയാണ് റീപോ നിരക്ക്. രാജ്യത്തെ പലിശ നിരക്കുകളുടെ താക്കോൽ നിരക്കാണു റീപോ. അവധി ദിവസങ്ങൾ വന്നാൽ ഏകദിനം എന്നതു മൂന്നു ദിവസം വരെ ആകാം. ഇതേ പോലെ ബാങ്കുകൾ മിച്ചമുള്ള പണം റിസർവ് ബാങ്കിൽ ഏൽപിക്കുമ്പോൾ കിട്ടുന്ന പലിശയാണു റിവേഴ്സ് റീപാേ.
റീപോ നിരക്ക് മാറ്റുമ്പോൾ ബാങ്ക് റേറ്റ്, മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റി നിരക്ക് തുടങ്ങിയ മറ്റു പ്രധാന നിരക്കുകളിലും മാറ്റം വരും. ഇന്ന് നിരക്കുകൾ മാറ്റാത്തതിനാൽ ഇവയിലും ഭവനവായ്പ, വാഹന വായ്പ തുടങ്ങിയവയിലും ഇപ്പോൾ മാറ്റം വരില്ല.