image

20 Aug 2023 10:15 AM IST

Policy

ക്യാംപസില്‍ ഇനി പഠിക്കാം,തൊഴിലെടുക്കാം; പുതിയ പദ്ധതിയുമായി കേരളം

MyFin Desk

study and get a job on campus kerala with a new plan
X

സംസ്ഥാനത്തെ ക്യാപസുകളില്‍ സ്ഥലലഭ്യതയ്ക്ക് അനുസരിച്ച് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാനും പഠനവും തൊഴിലും തമ്മിലുള്ള അകലം കുറയ്ക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍. നവസംരംഭകര്‍ക്കും ബിസിനസ് താൽപര്യമുള്ളവര്‍ക്കും ആശയങ്ങള്‍ അവതരിപ്പിക്കാനും അവ ബിസിനസ് സംരംഭങ്ങളാക്കി മാറ്റുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച 'ഡ്രീംവെസ്റ്റര്‍' മത്സര വിജയികളുടെ ഔദ്യോഗിക പ്രഖ്യാപനവും സമ്മാനദാനവും നിർവഹിച്ച് സംസാരിക്കവെയാണ് വ്യവസായ മന്ത്രി പി. രാജീവ് ക്യാംപസ് ഇന്‍റസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി വിശദീകരിച്ചത്.

കോളേജ് കാമ്പസിനോട് ചേർന്ന് അഞ്ച് ഏക്കർ സ്ഥലം ഉണ്ടെങ്കിൽ ഇൻഡസ്ട്രിയൽ പാർക്ക് ആരംഭിക്കാനാകും. ക്യാംപസില്‍ പഠിക്കുന്ന കുട്ടികൾക്ക് പഠനസമയം കഴിഞ്ഞാൽ ഇവിടെ ജോലി ചെയ്യുന്നതിനുള്ള അവസരവും ഒരുക്കാനാകും, അതുവഴി വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അകലം കുറയ്ക്കാൻ കഴിയും. ഇതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചർച്ച പരുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കുകൾ സൃഷ്ടിച്ചതുപോലെ വ്യാവസായിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുന്ന ഒരു നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ ഇപ്പോൾ വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും പുതിയ നിക്ഷേപകർ കേരളത്തിലേക്ക് വരികയാണെന്നും മന്ത്രി രാജീവ് പറഞ്ഞു. പല മേഖലയിലും ലോകോത്തര സ്ഥാപനങ്ങളാണ് നിക്ഷേപമിറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല, എ.പി.എം മുഹമ്മദ്‌ ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, കേരള സ്റ്റേറ്റ് സ്‌മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. ജെ ജോസ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി മുൻ ചെയർമാൻ ഡോ. ജീമോൻ കോര, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി (ഫിക്കി) കേരള ഹെൽത്ത് കമ്മിറ്റി ചെയർമാൻ ബിബു ബിബു പുന്നൂരാൻ, ടൈ (TiE)കേരള വൈസ് പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.