8 Dec 2022 5:11 AM GMT
കേന്ദ്ര സര്‍ക്കാരിന്റെ സബ്‌സിഡിയുള്ള ഭക്ഷ്യ ധാന്യങ്ങള്‍ക്കായുള്ള ചെലവ് നടപ്പു സാമ്പത്തിക വര്‍ഷം 2.7 ലക്ഷം കോടി (32.74 ബില്യണ്‍ ഡോളര്‍) രൂപയായി വര്‍ധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് ബജറ്റില്‍ കാണക്കാക്കിയിരിക്കുന്ന 2.07 ലക്ഷം കോടി രൂപയെക്കാള്‍ (25.14 ബില്യണ്‍ ഡോളര്‍) 30 ശതമാനം അധികമാണ്. ഈ വര്‍ഷം ശക്തമായ നികുതി പിരിവ് ഉണ്ടായിട്ടുണ്ടെങ്കിലും ഭക്ഷ്യ ധാന്യത്തിനും വളത്തിനും സബ്സിഡികള്‍ വര്‍ധിപ്പിച്ചത് കേന്ദ്ര ബജറ്റിനെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ജിഡിപിയുടെ 6.4 ശതമാനം എന്ന ധനക്കമ്മി ലക്ഷ്യം നിറവേറാന്‍ മറ്റു ചെലവുകള്‍ വെട്ടി കുറക്കാന്‍ ഇത് പ്രേരിപ്പിക്കുമെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് ഏകദേശം 1.5 ലക്ഷം കോടി രൂപയുടെ ഭക്ഷ്യധാന്യ സബ്സിഡി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്സ്പെന്‍ഡിച്ചര്‍ അനുവദിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് പാന്‍ഡെമിക്ക് കാലഘട്ടത്തില്‍ വരുമാനം നിലച്ച ഏകദേശം 800 ദശലക്ഷം ആളുകള്‍ക്ക് സൗജന്യ അരിയോ ഗോതമ്പോ നല്‍കുന്ന പദ്ധതി 2020 ഏപ്രിലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതു മുതല്‍ ഇന്ത്യയുടെ ഭക്ഷ്യധാന്യ സബ്സിഡി ബില്‍ കുത്തനെ ഉയര്‍ന്നു.
ഈ മാസം അവസാനിക്കാനിരിക്കുന്ന പദ്ധതിക്കായി മൊത്തം 3 .9 ലക്ഷം കോടി രൂപ (47.25 ബില്യണ്‍ ഡോളര്‍) യാണ് ചെലവിട്ടത്. സാമ്പത്തിക സമ്മര്‍ദ്ദം ഉള്ളതിനാല്‍ പദ്ധതി നീട്ടുന്നതിനെ ധനകാര്യ മന്ത്രാലയം എതിര്‍ത്തു. പദ്ധതി 2023 മാര്‍ച്ച് വരെ നീട്ടിയാല്‍ ചെലവ് ഏകദേശം 3 .1 ട്രില്യണ്‍ രൂപ വരെ ഉയരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഗവണ്‍മെന്റിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതി വര്‍ഷം മുഴുവനും പ്രവര്‍ത്തനക്ഷമമായിരുന്ന 2021 -22ല്‍ ഇന്ത്യയുടെ ഭക്ഷ്യധാന്യ സബ്സിഡി ബില്‍ മൊത്തം 2.9 ലക്ഷം കോടി രൂപയായിരുന്നു.