14 Jun 2023 8:38 AM GMT
Summary
- പ്രതിവര്‍ഷം 500ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ലക്ഷ്യം
- ഇന്ത്യ-യുഎസ് ബന്ധം ലോകത്തിന് മാതൃക
- ഇന്തോ-പസഫിക് മേഖലയില്‍ ഇരു രാജ്യങ്ങളുടെയും പ്രവര്‍ത്തനം നിര്‍ണായകം
ഇന്ത്യയും അമേരിക്കയും ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന്് യുഎസ് ബിസിനസുകളെ പ്രതിനിധീകരിക്കുന്ന ഒരു ട്രേഡ് അഡ്വക്കസി ഗ്രൂപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യുഎസ് പ്രസിഡന്റ് ജോ ബൈഡനോടും അഭ്യര്‍ത്ഥിച്ചു. പ്രതിവര്‍ഷം 500 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരം എന്ന ലക്ഷ്യമാണ് ഇതിനായി അവര്‍ ഇരു രാജ്യത്തെ നേതാക്കളുടെയും മുന്നില്‍ അവതരിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം 190 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും കൈവരിച്ചത്. ഇതില്‍നിന്ന് വലിയ വളര്‍ച്ച ഉണ്ടാകണമെന്നാണ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ആഗോള സമ്പദ് വ്യവസ്ഥയുടെ ഭാവി, സ്വതന്ത്ര സംരംഭങ്ങള്‍, തുറന്ന വിപണികള്‍ ഇവെയല്ലാം തന്നെ ഇരു ജനാധിപത്യ രാജ്യങ്ങള്‍ക്കും യോജിച്ചതാണ്. ലോകോത്തര വളര്‍ച്ച കൈവരിക്കുന്ന ഇന്ത്യന്‍ വിപണിയെ യുഎസിന് ഒഴിച്ചുകൂടാനാവാത്തതാണ്.
കൂടാതെ ആഗോളതലത്തിലുള്ള ഇരു രാജ്യങ്ങളുടേയും രാഷ്ട്രീയ തീരുമാനങ്ങളും ഏറക്കുറെ സമാന സ്വഭാവത്തില്‍ ഉള്ളതാണ്. ചുരുക്കത്തില്‍ ഒരു മികച്ച പങ്കാളിയെയാണ് യുഎസ് ഇന്ത്യയില്‍ കാണുന്നത്.
ഉഭയകക്ഷി വ്യാപാരം ലക്ഷ്യത്തിലെത്തുന്നതിലൂടെ ലോകത്തിനു മുമ്പില്‍ ഇരു രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുകയും ലോകത്തിനുമുന്നില്‍ ഒരു മാതൃകയായിത്തീരുകയും ചെയ്യുമെന്ന് യുഎസ് ചേംബര്‍ പ്രസിഡന്റ് യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ (യുഎസ്‌ഐബിസി) ഇന്ത്യ ഐഡിയാസ് ഉച്ചകോടിയില്‍ സിഇഒ സുസെയ്ന്‍ ക്ലാര്‍ക്ക് പറഞ്ഞു.
അടുത്തയാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായാണ് ് ഉയര്‍ന്ന ഉഭയകക്ഷി വ്യാപാര ലക്ഷ്യത്തിനായുള്ള ക്ലാര്‍ക്കിന്റെ ശ്രമം. ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം തന്നെ വ്യാപാര വര്‍ധനവിനായി ഇരു രാഷ്ട്ര നേതാക്കളെയും പ്രേരിപ്പിക്കുക എന്നതുതന്നെ ആയിരുന്നു.
യുഎസ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സും യുഎസ്ഐബിസിയും അടുത്തയാഴ്ച
ഇതുമായി ബന്ധപ്പെട്ട് പരിപാടി സംഘടിപ്പിക്കും. മേഖലകളിലുടനീളം 200-ലധികം കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന യുഎസ്‌ഐബിസി, യുഎസ്-ഇന്ത്യ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്.
അതോടൊപ്പം ആഗോള വെല്ലുവിളികളെ നേരിടാനുള്ള ഇരു രാജ്യങ്ങളുടെയും കഴിവ് ഇവിടെ ചര്‍ച്ചയാകുന്നുണ്ട്. ഇക്കാര്യം വളരെ പ്രധാനവുമാണ്.
പണപ്പെരുപ്പം, വിതരണ ശൃംഖലയിലെ തടസങ്ങള്‍, നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ സ്വാധീനം എന്നിവ തങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്നതായി ക്ലാര്‍ക്ക് പറഞ്ഞു. ഇന്ന്് വളരെ നിര്‍ണായകമായി മാറിക്കൊണ്ടിരിക്കുന്ന മേഖലയാണ് ഇന്‍ഡോ-പസഫിക്കിലേത്.ഇവിടെ വ്യാപാര നീക്കത്തിനെതിരെ ഭീഷണികള്‍ ഉയര്‍ന്നുവരുന്നുമുണ്ട്. ഇതിനെയെല്ലാം മറികടക്കുന്നതിനായി ഇന്തോ-യുഎസ് സഹകരണം അനിവാര്യമാണ്.
ഇന്‍ഡോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിന്റെ (ഐപിഇഎഫ്) ഭാഗമായാണ് യുഎസ് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് വാണിജ്യ സെക്രട്ടറി ജിന റെയ്മോണ്ടോ പറഞ്ഞു. ഇന്തോ-പസഫിക്കിലെ സാമ്പത്തിക സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള ഭരണകൂടത്തിന്റെ വിപുലമായ ചട്ടക്കൂടാണ് ഐപിഇഎഫ്.
മോദിയുടെ യുഎസ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളിലെയും ബിസിനസ് മേഖല ആവേശത്തിലാണ്. നിരവധി കരാറുകള്‍ ഈ വേളയില്‍ ഒപ്പുവെക്കാന്‍ സാധ്യതയുണ്ടെന്ന് വ്യവസായലോകം തിരിച്ചറിയുന്നുണ്ട്. ഇരു കൂട്ടര്‍ക്കും ലാഭകരമായ രീതിയില്‍ മുന്നോട്ടു പോകാവുന്നവ ഇവയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.