image

12 July 2023 6:20 AM GMT

Policy

ഇ-വേ ബില്‍ സ്വര്‍ണം വാങ്ങലിനെ എങ്ങനെ ബാധിക്കും?

MyFin Desk

how will e-way bill affect gold buying
X

Summary

  • അംഗീകരിച്ചത് കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ
  • ബില്ല് കരുതിയില്ലെങ്കില്‍ സ്വര്‍ണം വിട്ടുകിട്ടാന്‍ നികുതിയും പിഴയും ഒടുക്കണം
  • തിരുവനന്തപുരത്തും കൊച്ചിയിലും ജിഎസ്‍ടി ട്രിബ്യൂണല്‍ വരുന്നു


സംസ്ഥാനങ്ങള്‍ക്കകത്തെ സ്വര്‍ണ വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്കും ഇ-വേ ബില്‍ ബാധകമാക്കിക്കൊണ്ട് ജിഎസ്‍ടി കൗണ്‍സിലിന്‍റെ പ്രഖ്യാപനം ഇന്നലെ രാത്രിയോടെയാണ് വന്നത്. കേരളത്തിന്‍റെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനായ സമിതി നല്‍കിയ ശുപാര്‍ശയ്ക്കാണ് ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്. ഇതോടെ ഇനി 2 ലക്ഷം രൂപയ്ക്കു മുകളില്‍ വരുന്ന സ്വര്‍ണത്തിന്‍റെ വിനിമയത്തിന് നിങ്ങള്‍ക്ക് ഇ-വേ ബില്‍ അനിവാര്യമായി വന്നേക്കാം. നികുതി പരിപാലനവും പരിശോധനയും കൂടുതല്‍ സുഗമമാകുമെങ്കിലും വ്യാപാരികളുടെ ഭാഗത്തു നിന്ന് പൊതുവില്‍ എതിര്‍പ്പാണ് ഈ നീക്കത്തോട് ഉണ്ടായിട്ടുള്ളത്.

സ്വര്‍ണം കൈയില്‍ വെച്ച് നടന്നാല്‍ എന്താകും?

ഒരു പരിധിക്ക് മുകളില്‍ സ്വർണം, സ്വർണാഭരണങ്ങൾ, വിലയേറിയ കല്ലുകൾ എന്നിവയെല്ലാം ഒരു സംസ്ഥാനത്തിനകത്തു തന്നെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനാണ് ഇ-വേ ബിൽ നിർബന്ധമാക്കിയിട്ടുള്ളത്. ഏത് പരിധിക്ക് മുകളിലാണ് ഇലക്ട്രോണിക് ബിൽ നിർബന്ധമാക്കേണ്ടതെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കെ എൻ ബാലഗോപാൽ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നിരുന്നാലും, ഇത് രണ്ട് ലക്ഷം രൂപയിൽ താഴെയാകരുത്.

വില്‍ക്കുന്നതിനാണെങ്കിലും സ്വന്തം ഉപയോഗത്തിനാണെങ്കിലും, പരിധിക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്ന അവസരത്തില്‍ കൈവശം ഉണ്ടാകേണ്ട ഇ-വേ ബില്ലില്‍ ഉദ്ദേശ്യം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഈ ചട്ടം ലംഘിക്കപ്പെട്ടാല്‍ ആദായ നികുതി വെട്ടിപ്പ് നടത്തിയതായാണ് കണക്കാക്കുക. അത്തരം ലംഘനങ്ങള്‍ തടയുന്നതിന് ഓരോ സംസ്ഥാനത്തും പ്രത്യേക വിജിലന്‍സ് സംഘത്തെ നിയോഗിക്കുന്നതിനും കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബില്ലിലാത്ത സ്വര്‍ണം പിടിക്കപ്പെടുകയാണെങ്കില്‍ പിന്നീട് നികുതിയും പിഴയും അടച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അത് തിരികെ ലഭിക്കൂ.

സംസ്ഥാനത്തെ സ്വർണവ്യാപാരത്തിൽ കൂടുതൽ സുതാര്യതയും നീതിയുക്തമായ നടപടിക്രമങ്ങളും കൊണ്ടുവരാൻ ഈ തീരുമാനം സഹായിക്കുമെന്ന് ബാലഗോപാൽ പറയുന്നു. നിലവില്‍ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതിയുടെ 25 ശതമാനവും കേരളം വഴിയാണ് നടക്കുന്നത്. എന്നാൽ ഈ മേഖലയില്‍ വലിയ തട്ടിപ്പുകളും ക്രമക്കേടുകളും നടക്കുന്നതിന്‍റെ ഫലമായി സംസ്ഥാന സർക്കാരിന് നികുതി വിഹിതം നഷ്ടമാകുന്ന സ്ഥിതിയുണ്ട്.

അന്യായമായ നടപടികളിൽ ഏർപ്പെടുന്ന വ്യാപാരികളെ മാത്രമാണ് പുതിയ തീരുമാനം ദോഷകരമായി ബാധിക്കുകയെന്ന് ബാലഗോപാര്‍ പറയുന്നു. പരിഷ്‌കരണത്തോടെ കേരളത്തിന്റെ സ്വർണ വ്യാപാര മേഖലയിൽ വലിയ മാറ്റമുണ്ടാകുമെന്നും നിയമം അനുസരിക്കുന്ന വ്യാപാരികളെ സർക്കാർ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് തിരുവനന്തപുരത്തും കൊച്ചിയിലും രണ്ട് ജിഎസ്‍ടി ട്രിബ്യൂണലുകള്‍ സ്ഥാപിക്കുന്നതിനും കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ സംസ്ഥാന തലസ്ഥാനങ്ങളിലും ഹൈക്കോടതി ബെഞ്ചുകളുള്ള നഗരങ്ങളിലുമായി 50 ജിഎസ്‍ടി ട്രിബ്യൂണലുകള്‍ തുടങ്ങുന്നതിനാണ് പദ്ധതി.

ചെറുകിട വ്യാപാരികളെ ബാധിക്കുമെന്ന് ആശങ്ക

എന്നാല്‍ സ്വർണ വ്യാപാര മേഖലയിൽ ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള തീരുമാനം ഉചിതമല്ലെന്നാണ് സ്വർണ വ്യാപാരികളുടെ സംഘടന പറയുന്നത്. രണ്ടു ലക്ഷം രൂപയാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്നതിനുള്ള പരിധി എങ്കില്‍ സ്വർണ വ്യാപാര മേഖലയിൽ ചെറുകിട കച്ചവടക്കാർ ഇല്ലാതാകുന്ന സ്ഥിതിയാണ് ഉണ്ടാകുകയെന്നും ഗോൾഡ് ആൻഡ് സിൽവർ മാർച്ചന്റ്സ് അസോസിയേഷൻ ചൂണ്ടികാണിക്കുന്നു. വീടുകളിലും ചെറുകിട യൂണിറ്റുകളിലും എല്ലാമിരുന്ന് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നവരും വ്യക്തമായ രേഖകള്‍ കൈവശം വെക്കേണ്ടി വരും.

സംസ്ഥാനത്തേക്ക് എത്തുന്ന 50,000 രൂപയ്ക്ക് മുകളിലുള്ള ഒരുവിധം എല്ലാ ചരക്കുകള്‍ക്കും ഇ-വേബിൽ നേരത്തേ തന്നെ നിർബന്ധമാക്കിയിട്ടുണ്ട്. എങ്കിലും ഈ പട്ടികയിൽ നിന്ന് സ്വർണത്തെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ചരക്കു സേവന നികുതി സമ്പ്രദായം ഏര്‍പ്പെടുത്തിയ ശേഷം സ്വര്‍ണത്തില്‍ നിന്ന് പ്രതീക്ഷിച്ച നികുതി വരുമാനം ലഭ്യമായിട്ടില്ല എന്ന വിലയിരുത്തല്‍ പുതിയ പരിഷ്കരണത്തിലേക്ക് നയിച്ചു. അര്‍ഹമായ നികുതി വിഹിതം ലഭിക്കുന്നില്ലെന്ന് നിരന്തരം ചൂണ്ടിക്കാണിക്കുന്ന കേരളം പോലൊരു സംസ്ഥാനമാണ് ഇതിന് മുന്‍കൈയെടുത്തത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, ഗുജറാത്തും ബിഹാറും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ചെയ്തത്. സ്വർണ്ണവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ വിവരങ്ങള്‍ പങ്കുവെക്കുന്നതിന് ബിസിനസുകളില്‍ സമ്മര്‍ദം ചെലുത്തരുത് എന്നാണ് ഈ സംസ്ഥാനങ്ങള്‍ വാദിച്ചത്. എന്നാല്‍ കൂടുതല്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും ഇ-വേ ബില്‍ കൊണ്ടുവരുന്നതിന് അനുകൂലമായി നിലപാട് എടുക്കുകയായിരുന്നു.