1 Aug 2023 11:54 AM GMT
Summary
- 28% നികുതിയെ എതിര്‍ത്ത് ഗെയ്മിംഗ് വ്യവസായം
- മുഴുവന്‍ മുഖവിലയുടെ അടിസ്ഥാനത്തില്‍ നികുതി ചുമത്താനാണ് തീരുമാനം
ഓണ്‍ലൈന്‍ ഗെയ്മിംഗ് മേഖലയിലെ നികുതി ഘടന സംബന്ധിച്ച് നാളെ ചേരുന്ന ജിഎസ്‍ടി കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും. ഓണ്‍ലൈന്‍ ഗെയ്മിംഗിന്‍റെ ഏതൊക്കെ പ്രവര്‍ത്തനങ്ങളാണ് ഉയര്‍ന്ന നികുതി പരിധിയില്‍ വരേണ്ടതെന്ന് യോഗം ചര്‍ച്ച ചെയ്യും. ഭാഗ്യ പരീക്ഷണം എന്ന നിലയ്ക്കുള്ള ഗെയിമുകളും ഏതെങ്കിലും തരത്തിലുള്ള വൈദഗ്ധ്യം ആവശ്യമായി വരുന്ന ഗെയിമുകളും ഒരുപോലെ ഓണ്‍ലൈന്‍ മണി ഗെയിം എന്ന നിലയില്‍ കണക്കാക്കാനാണ് പൊതുധാരണ.
കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമന്‍റെ നേതൃത്വത്തില്‍ വിഡിയോ കോണ്‍ഫറന്‍സിലായിരിക്കും യേഗം ചേരുക. ഇതിന് മുമ്പ് ജുലൈ 11ന് നടന്ന യേഗത്തില്‍ ഓണ്‍ലൈന്‍ ഗെയിം, കുതിര പന്തയം, കാസിനോ എന്നിവയ്ക്ക് 28% ജിഎസ്‍ടി ചുമത്താന്‍ ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. യഥാര്‍ത്ഥ പണം വെച്ചു കളിക്കേണ്ട പ്ലാറ്റ്‍ഫോമുകള്‍ക്ക് മുഴുവന്‍ മുഖവിലയുടെ (FV) അടിസ്ഥാനത്തില്‍ നികുതി ചുമത്താനാണ് തീരുമാനം. ഈ പ്ലാറ്റ്‍ഫോമുകളെ ജിഎസ്‍ടി പരിധിയില്‍ എത്തിക്കുന്നതിന് നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തേണ്ട ഭേദഗതികള്‍ സര്‍ക്കാര്‍ യോഗത്തില്‍ അവതരിപ്പിക്കും.
മൊത്തത്തിലുള്ള ഗെയിമിംഗ് വരുമാനത്തിലാണ് (GRR) നികുതി ചുമത്തേണ്ടത് എന്നാണ് ഗെയിമിംഗ് വ്യവസായം അഭിപ്രായപ്പെടുന്നത്. നൂറിലധികം ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പുകളും ഏതാനും വ്യവസായ ഫെഡറേഷനുകളും അടങ്ങുന്ന ഒരു കൂട്ടായ്മ ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാരിന് കത്തെഴുതിയിരുന്നു.പിന്നീട്, കളാരി ക്യാപ്പിറ്റല്‍, പീക്ക് തഢ പാര്‍ട്‌ണേഴ്‌സ്, ഓറിയോസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്, ആല്‍ഫ വേവ് ഗ്ലോബല്‍, സ്റ്റെഡ്വ്യൂ ക്യാപിറ്റല്‍ എന്നിവയുള്‍പ്പെടെ 30-ഓളം നിക്ഷേപക സ്ഥാപനങ്ങളും തീരുമാനം പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചിരുന്നു.
ഇതിനു പുറമേ അതേസമയം, വീഡിയോ ഗെയിമുകളും റിയല്‍ മണി ഗെയിമുകളും തമ്മില്‍ നിയമത്തില്‍ വ്യക്തമായ വ്യത്യാസം വേണമെന്ന് 45 ഗെയിമിംഗ് സ്റ്റുഡിയോകളുടെ ഒരു സംഘം പ്രധാനമന്ത്രിയുടെ ഓഫീസിനും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനും കത്തയച്ചു. ഓഴ്ച ഓള്‍ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷന്റെ (എഐജിഎഫ്) യോഗത്തില്‍, ഗെയിമിംഗ് വ്യവസായം ഏകപക്ഷീയമായി ജിഎസ്ടി തീരുമാനത്തെ എതിര്‍ത്തിട്ടുണ്ട്.
28 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നത് ഈ മേഖലയിലെ ചെറുകിട സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തെയും വലിയ കമ്പനികളുടെ വരുമാനത്തെയും സാരമായി ബാധിക്കുമെന്ന് ഈ മേഖലയുടെ പ്രതിനിധികള്‍ പറയുന്നത്.