10 Dec 2023 11:30 AM
Summary
എസി സിസ്റ്റം ഘടിപ്പിച്ച ക്യാബിന്റെ ടെസ്റ്റിംഗ് ഐഎസ്14618:2022 മാനദണ്ഡങ്ങള്‍ അനുസരിച്ച്
2025 ഒക്ടോബർ 1-നോ അതിനു ശേഷമോ നിർമ്മിക്കുന്ന എല്ലാ പുതിയ ട്രക്കുകളിലും ഡ്രൈവർമാർക്കായി എസി ക്യാബിനുകൾ നിര്‍ബന്ധിതമാകും. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. എയർ കണ്ടീഷനിംഗ് സിസ്റ്റം ഘടിപ്പിച്ച ക്യാബിന്റെ ടെസ്റ്റിംഗ് ഐഎസ്14618:2022 മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും എന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ട്രക്കുകളുടെ ക്യാബിനുകളിൽ എയർ കണ്ടീഷനിംഗ് സംവിധാനം നിർബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനം അംഗീകരിച്ചതായി ജൂലൈയിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നായ ഗതാഗത മേഖലയിൽ ട്രക്ക് ഡ്രൈവർമാർ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അവരുടെ തൊഴിൽ സാഹചര്യങ്ങളും മാനസികാവസ്ഥയും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രി അടുത്തിടെ പറഞ്ഞു.
കടുത്ത ചൂടിൽ ട്രക്ക് ഡ്രൈവർമാർ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു എന്ന് ചൂണ്ടിക്കാണിച്ച മന്ത്രി "ചെലവ് വർദ്ധിപ്പിക്കുമെന്ന് പറഞ്ഞ് ചിലർ എതിർക്കുമ്പോഴും" ട്രക്ക് ഡ്രൈവർമാർക്കായി എയർകണ്ടീഷൻ ചെയ്ത ക്യാബിനുകൾ നിര്‍ബന്ധിതമാക്കാന്‍ താൻ വളരെക്കാലമായി ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.