18 Dec 2022 11:31 AM GMT
Summary
- നിര്‍ദ്ദിഷ്ട ഡിപിഡിപി (ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍) 2022 ബില്ലിന് കീഴില്‍, വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പിഴ തുക 500 കോടി രൂപയായാണ് സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്
ഡെല്‍ഹി: ഡിജിറ്റല്‍ ഡാറ്റ സംരക്ഷണ ബില്ലിനെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2023 ജനുവരി രണ്ട് വരെ നീട്ടിയതായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം. ബില്ലില്‍ അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള സമയപരിധി ഡിസംബര്‍ 17 ആയിരുന്നു.
നിര്‍ദ്ദിഷ്ട ഡിപിഡിപി (ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍) 2022 ബില്ലിന് കീഴില്‍, വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പിഴ തുക 500 കോടി രൂപയായാണ് സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. 2019 ല്‍ പുറത്തിറക്കിയ വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലില്‍ 15 കോടി രൂപ അല്ലെങ്കില്‍ ഒരു സ്ഥാപനത്തിന്റെ ആഗോള വിറ്റുവരവിന്റെ നാല് ശതമാനമാണ് പിഴയായി നിര്‍ദ്ദേശിച്ചിരുന്നത്.
ഡാറ്റ ശേഖരണം, ഡാറ്റ പങ്കിടല്‍, ഡാറ്റ പ്രോസസ്സിംഗിനെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കല്‍ എന്നിവയ്ക്കായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഡാറ്റ സംരക്ഷകര്‍ക്കും, ഡാറ്റ പ്രോസസ്സിംഗ് സ്ഥാപനങ്ങള്‍ക്കും മാത്രമായി ഒരു ഇളവ് കരട് ഡിപിഡിപിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ദേശീയ സുരക്ഷ, പകര്‍ച്ചവ്യാധി, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ സര്‍ക്കാരിന് വ്യക്തിഗത ഡാറ്റയിലേക്ക് പ്രവേശനം ലഭിക്കൂ എന്നതിനാല്‍ നിര്‍ദ്ദിഷ്ട നിയമപ്രകാരം പൗരന്മാരുടെ സ്വകാര്യത ലംഘിക്കാന്‍ സര്‍ക്കാരിനും കഴിയില്ലെന്ന് ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. അതിനാല്‍, ഡാറ്റ ലംഘനമുണ്ടായാല്‍ സര്‍ക്കാരിനെയോ ബന്ധപ്പെട്ട സ്ഥാപനങ്ങളെയോ ബില്‍ ഒഴിവാക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിര്‍ദ്ദിഷ്ട ബില്ലിന് കീഴിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ നിന്ന് പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പുകളെ ഒഴിവാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകളെ അവരുടെ ബിസിനസ്സ് മോഡലുകള്‍ വികസിപ്പിക്കുന്നതിന് സഹായിക്കുന്നതിനും, ഇത്തരമൊരു പ്രശ്നം അവരുടെ ഇന്നോവേഷനുകള്‍ക്ക്് തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കുന്ന ഈ ഇളവ് ഒരു പരിമിത കാലത്തേക്കായിരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.