6 July 2023 10:24 AM GMT
Summary
- നികുതികണക്കാക്കേണ്ട മൂല്യത്തില്‍ അഭിപ്രായ വ്യത്യാസം
- ഓൺലൈൻ ഗെയിമിംഗിന്‍റെ നികുതിയില്‍ ഗോവയ്ക്ക് വ്യത്യസ്ത വീക്ഷണം
- തീരുമാനം 11 ന് ചേരുന്ന ജിഎസ്‍ടി കൗൺസിൽ യോഗത്തില്‍
ഓൺലൈൻ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്‍ടി ചുമത്തുന്നതിന്, മന്ത്രിതല സമിതിയില്‍ ഏറക്കുറേ ധാരണ. എന്നാൽ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പ്ലാറ്റ്‍ഫോം ഫീസിൽ 18 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തേണ്ടതെന്ന എതിരഭിപ്രായം ഗോവ ഉന്നയിച്ചിട്ടുണ്ട്. മൊത്ത ഗെയിമിംഗ് വരുമാനത്തിനാണോ (ജിജിആര്‍) പ്ലാറ്റ്‍ഫോം ഈടാക്കുന്ന ഫീസിനാണോ കളിക്കാർ നടത്തുന്ന പന്തയങ്ങളുടെ മുഴുവൻ മുഖവിലയ്ക്കാണോ നികുതി ചുമത്തേണ്ടതെന്ന കാര്യത്തില്‍ ജൂലൈ 11-ന് ചേരുന്ന ജിഎസ്‍ടി കൗൺസിൽ യോഗം തീരുമാനം എടുക്കും.
കൂടാതെ, ഈ മൂന്ന് പ്രവര്‍ത്തനങ്ങളും വാതുവെപ്പ്, ചൂതാട്ടം എന്നിവയുടെ പരിധിക്കു കീഴില്‍ വരുമോ എന്നതു സംബന്ധിച്ചും കൗൺസിലില്‍ ചര്‍ച്ച നടക്കും. കേന്ദ്ര ധനമന്ത്രി ചെയർമാനായ ജിഎസ്‍ടി കൗൺസിലില്‍ സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളാണ്. മേഘാലയ മുഖ്യമന്ത്രി കൊണ്‍റദ് സാംഗ്‍മ നേതൃത്വം നല്‍കുന്ന മന്ത്രിതല സമിതിയില്‍ പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഗോവ, തമിഴ്‌നാട്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പന്തയങ്ങളുടെ മുഖവിലയെ അടിസ്ഥാനമാക്കി 28 ശതമാനം ജിഎസ്‍ടി ചുമത്തണം എന്ന കാഴ്ചപ്പാടാണ് മുന്നോട്ടുവെച്ചത്. എന്നാൽ, പ്ലാറ്റ്‌ഫോം ഫീസിൽ 28 ശതമാനം നികുതി ഈടാക്കണമെന്നായിരുന്നു മന്ത്രിതല സമിതിയില്‍ ഗുജറാത്ത് സ്വീകരിച്ച നിലപാട്. കാസിനോകൾ, ഓൺലൈൻ ഗെയിമിംഗ്, കുതിരപ്പന്തയം എന്നിവയുടെ ജിജിആർ അല്ലെങ്കിൽ പ്ലാറ്റ്‌ഫോം ഫീസ് അല്ലെങ്കിൽ കമ്മീഷനില്‍ 28 ശതമാനം നികുതി ചുമത്തണമെന്നായിരുന്നു മേഘാലയയുടെ നിലപാട്. വിജയികൾക്ക് സമ്മാനത്തുക നൽകുന്നതിനുള്ള പണം കൈകാര്യം ചെയ്യുന്നതിന് കമ്പനികള്‍ ഒരു 'എസ്‌ക്രോ അക്കൗണ്ട്' രൂപീകരിക്കുന്നതിന് ഒരു പ്രത്യേക സംവിധാനം വരുന്നത് നികുതി ഭരണം എളുപ്പമാക്കുമെന്നും മേഘാലയ നിര്‍ദേശിക്കുന്നു.
കാസിനോകളുടെ മൊത്ത ഗെയിമിംഗ് വരുമാനത്തിന് 28 ശതമാനം നികുതിയും, ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‍ഫോം ഓപ്പറേറ്റർമാർ ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീ/സർവീസ് ചാർജിൽ 18 ശതമാനം നികുതിയും ചുമത്തണമെന്ന കാഴ്ചപ്പാടാണ് ഗോവ മുന്നോട്ടുവെച്ചിട്ടുള്ളത്. .പ്രൈസ് പൂളിലേക്കുള്ള സംഭാവനകളെ ജിഎസ്‍ടി ലെവി ബാധകമല്ലാത്ത വിതരണമായി കണക്കാക്കാമെന്നും ഗോവ നിർദ്ദേശിച്ചു. മൂന്ന് പ്രവർത്തനങ്ങളും വാതുവെപ്പ്, ചൂതാട്ടം തുടങ്ങിയവയായി കണക്കാക്കില്ലെന്ന് ജിഎസ്‍ടി കൗൺസിൽ തീരുമാനിക്കുകയാണെങ്കില്‍ ജിജിആറിന് 28 ശതമാനം നികുതി ചുമത്തണമെന്നാണ് തമിഴ്നാടും തെലങ്കാനയും നിർദ്ദേശിച്ചിട്ടുള്ളത്. ഭാഗ്യം അടിസ്ഥാനമാക്കിയാണോ വൈദഗ്ധ്യം അടിസ്ഥാനമാക്കിയാണോ ഗെയിമുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത് എന്നതു കണക്കിലെടുക്കാതെ മൂന്ന് പ്രവര്‍ത്തനങ്ങള്‍ക്കും 28 ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന് മഹാരാഷ്ട്രയും ആവശ്യപ്പെട്ടു.
മന്ത്രിതല സമിതിയിലെ അഭിപ്രായവ്യത്യാസങ്ങൾ കണക്കിലെടുത്ത്, അന്തിമ നികുതി നിരക്കും നികുതി ബാധകമായ മൂല്യനിർണ്ണയവും തീരുമാനിക്കുന്നത് സര്‍ക്കാര്‍ ജിഎസ്‍ടി കൗൺസിലിന് കൈമാറിയിരിക്കുകയാണ്. 2022 ജൂണിൽ ജിഎസ്‍ടി കൗൺസിലിന് സമർപ്പിച്ച ആദ്യ റിപ്പോർട്ടിൽ, പന്തയത്തിന്റെ മുഴുവൻ മൂല്യത്തിലും 28 ശതമാനം ചരക്ക് സേവന നികുതി ചുമത്തണമെന്ന് മന്ത്രിതല സമിതി നിർദ്ദേശിച്ചിരുന്നു. പക്ഷേ, കഴിഞ്ഞ വർഷം ജൂണിൽ നടന്ന 47-ാം കൗൺസിലിൽ ഗോവ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ടില്‍ ചില പുനഃപരിശോധനകള്‍ വേണമെന്ന് ആവശ്യം ഉന്നയിക്കുകയായിരുന്നു. തുടർന്ന് റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ടിട്ടുള്ള എല്ലാ പ്രശ്നങ്ങളും പുനഃപരിശോധിക്കാൻ സർക്കാരിനോട് ജിഎസ്ടി കൗൺസിൽ ആവശ്യപ്പെട്ടു.
ഇതിനു ശേഷം മന്ത്രിതല സമിതി മൂന്ന് തവണ യോഗം ചേരുകയും ഫീൽഡ് സന്ദർശനങ്ങൾ നടത്തുകയും ഈ വ്യവസായങ്ങളുമായി ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.