image

10 Sep 2023 4:43 AM GMT

Policy

ഡബ്ല്യുടിഒ തര്‍ക്കപരിഹാര സംവിധാനം 2024ല്‍ പൂര്‍ണ സജ്ജമാക്കണം: ജി 20

MyFin Desk

wto dispute settlement mechanism to be fully set up by 2024 g20
X

Summary

  • അപ്പീല്‍ ബോഡി പ്രവര്‍ത്തന രഹിതമായത് യുഎസ് നിസഹകരണത്തോടെ
  • 2019 ഡിസംബർ മുതൽ അപ്പീല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല


2024-ഓടെ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) തർക്ക പരിഹാര സംവിധാനം പൂർണ്ണവും പ്രവര്‍ത്തന ക്ഷമവുമാക്കുന്നതിന് പ്രതിബദ്ധത വ്യക്തമാക്കി ജി20 നേതാക്കള്‍. ഇതിനായുള്ള ചര്‍ച്ചകള്‍ വേഗത്തില്‍ മുമ്പോട്ടുകൊണ്ടുപോകും. അപ്പീൽ സംവിധാനം പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് 2019 ഡിസംബർ മുതൽ ഡബ്ല്യുടിഒയുടെ തർക്ക പരിഹാര സംവിധാനം ശരിയായ നിലയില്‍ പ്രവര്‍ത്തിക്കുന്നില്ല.

"ഡബ്ല്യുടിഒയുടെ എല്ലാ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനായി പരിഷ്കരണം നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ആവർത്തിക്കുന്നു, കൂടാതെ 2024-ഓടെ എല്ലാ അംഗങ്ങൾക്കും പ്രാപ്യമാകുന്ന തരത്തില്‍ പൂർണ്ണവും നന്നായി പ്രവർത്തിക്കുന്നതുമായ ഒരു തർക്ക പരിഹാര സംവിധാനം എന്ന ലക്ഷ്യത്തോടെ ചർച്ചകൾ നടത്താൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്." ജി20 പ്രഖ്യാപനം പറഞ്ഞു.

ഡബ്ല്യുടിഒയുടെ പതിമൂന്നാം മന്ത്രിതല സമ്മേളനത്തിൽ നിന്ന് നല്ല ഫലങ്ങൾ ഉറപ്പാക്കാൻ ക്രിയാത്മകമായി പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ പ്രകടിപ്പിച്ചതായും പ്രഖ്യാപനത്തില്‍ പറയുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ അബുദാബിയിലാണ് ഈ യോഗം ചേരുന്നത്. ഡബ്ല്യുടിഒയുടെ ഏറ്റവും വലിയ തീരുമാനങ്ങളെടുക്കുന്ന സമിതിയാണിത്.

ഡബ്ല്യുടിഒയിൽ ഉഭയകക്ഷി വ്യാപാരം സംബന്ധിച്ച് ഒരു രാജ്യം പരാതി നല്‍കിയാല്‍ രണ്ടു തരത്തില്‍ അത് പരിഹരിക്കപ്പെടാം. ഒന്ന് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഉണ്ടാകുന്ന പരിഹാരമാണ്. രണ്ട് തര്‍ക്കപരിഹാര സമിതിയുടെ വിധിയാണ്. പ്രാഥമിക വിധിയില്‍ എതിര്‍പ്പുള്ള രാജ്യത്തിന് അപ്പീല്‍ സമിതിയെ സമീപിക്കാവുന്നതാണ്. എന്നാല്‍ അപ്പീൽ ബോഡിയിലെ (എബി) അംഗങ്ങളുടെ നിയമനങ്ങൾ യുഎസ് തടഞ്ഞതോടെ ഡബ്ല്യുടിഒയുടെ തർക്ക പരിഹാര സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനം തടസ്സപ്പെട്ടു.

2019 ഡിസംബർ 10-ന് അപ്പീല്‍ സംവിധാനം പ്രവർത്തനം നിർത്തിയെങ്കിലും പാനലുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. 2019 ഡിസംബർ മുതൽ 24 അപ്പീലുകൾ അപ്പീൽ ബോഡിക്ക് മുമ്പാകെ ഫയൽ ചെയ്തിട്ടുണ്ട്. തർക്ക പരിഹാര സംവിധാനത്തിന്റെ ദ്വിതല സംവിധാനത്തെ ദുർബലപ്പെടുത്താൻ യുഎസ് ആഗ്രഹിക്കുന്നതായാണ് നയതന്ത്ര വിദഗ്ധ ര്‍ വിലയിരുത്തുന്നത്., അപ്പീൽ ബോഡി പുനഃസ്ഥാപിക്കുന്നതിന് യുഎസ് താല്‍പ്പര്യപ്പെടില്ലെന്നാണ് സൂചന.

മറുവശത്ത്, വികസ്വര രാജ്യങ്ങൾ, തർക്ക പരിഹാര സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അടിസ്ഥാനപരമായ ഒരു ദ്വിതല സംവിധാനമാണെന്ന് അഭിപ്രായപ്പെടുന്നത്.