11 April 2023 6:16 AM GMT
Summary
- ആഗോളവത്കരണം സുതാര്യമാകണമെന്നത് ഇന്ത്യയുടെ വീക്ഷണം
- യുകെയുമായുള്ള ചര്‍ച്ചകള്‍ മുന്‍നിശ്ചയ പ്രകാരം മുന്നേറുന്നു
- ക്രിപ്‌റ്റോ കറന്‍സികളുടെ കാര്യത്തില്‍ പൊതു ചട്ടക്കൂട് വേണം
യുകെ, ഇയു, കാനഡ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. യുഎസ് സന്ദര്‍ശനത്തിനെത്തിയ നിര്‍മല വിവിധ വേദികളിലെ പ്രഭാഷണങ്ങള്‍ക്കിടെയാണ് വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര സഹകരണത്തെ കുറിച്ച് വിശദീകരിച്ചത്. ഇപ്പോള്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ വേഗത്തില്‍ ഒപ്പുവെക്കപ്പെടുകയാണെന്നും യുകെയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ മുന്‍ നിശ്ചയിച്ചതു പ്രകാരം മുന്നോട്ടുപോകുകയാണെന്നും അവര്‍ വ്യക്തമാക്കി.
അടുത്തിടെ ഓസ്‌ട്രേലിയയുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചിരുന്നു. യുഎഇ, മൗറീഷ്യസ്, ആസിയന്‍ രാഷ്ട്രങ്ങള്‍ എന്നിവയുമായും രാജ്യത്തിന് സ്വതന്ത്ര വ്യാപാര കരാറുകള്‍ നിലവിലുണ്ട്. ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) കൂടുതല്‍ പുരോഗമനപരമായ സമീപനം കൈക്കൊള്ളണമെന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് രാഷ്ട്രങ്ങള്‍ക്ക് അവസരമൊരുക്കണമെന്നും നിര്‍മല ആവശ്യപ്പെട്ടു. ആഗോളവത്കരണത്തിന്റെ നേട്ടങ്ങളില്‍ നിന്നുകൊണ്ട് ഒരു തിരിച്ചുപോക്ക് സാധ്യമല്ലെങ്കിലും ആഗോളവത്കരണം കൂടുതല്‍ സുതാര്യമാകണമെന്ന കാഴ്ചപ്പാടാണ് ഇന്ത്യക്കുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര ഉല്‍പ്പാദനം സാധ്യമായ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നതിന് ഇന്ത്യ ആഗ്രഹിക്കുന്നില്ല. വിലനിലവാരവും മാനുഫാക്ചറിംഗ് ചെലവുകളും ഇറക്കുമതിക്ക് പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി ഉയരുകയാണ് എന്നതിനാല്‍ ആഭ്യന്തരമായി നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഉപഭോക്തൃ അടിത്തറ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. ക്രിപ്‌റ്റോ കറന്‍സികളുടെ കാര്യത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും പൊതു ചട്ടക്കൂട് രൂപീകരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ അധ്യക്ഷതയില്‍ ജി20-യിലെ പ്രധാന ചര്‍ച്ചാവിഷയമാണ് ഇതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യുഎസിലെ വ്യാവസായിക പ്രമുഖരുമായും ഇന്ത്യന്‍ ബിസിനസ് നേതൃത്വങ്ങളുമായും വിവിധ പരിപാടികളിലൂടെ നിര്‍മല സീതാരാമന്‍ സംവദിക്കുന്നുണ്ട്.