4 Dec 2023 11:40 AM GMT
സാമ്പത്തിക പ്രതിസന്ധി; കേരളത്തിന് മാത്രമായി ഇളവു നല്‍കാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി
MyFin Desk
Summary
- പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ല
സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് മാത്രം പ്രത്യേക ഇളവു നല്‍കാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്താനായി രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ലെന്നും നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
നിലവിലെ വായ്പാപരിധിക്ക് പുറമെ കേരളത്തിന്റെ ജി. എസ്.ടി യുടെ ഒരു ശതമാനം കൂടി വായ്പാ അധികമായി എടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നതെന്നും, പൊതു വിപണിയില്‍ നിന്നും കടമെടുക്കാനുളള പരിധിയില്‍ 23,852 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുമതി നല്കിയിട്ടുണ്ടന്നും. മറ്റ് സ്രോതസ്സുകളില്‍ നിന്നുളള വായ്പ സംസ്ഥാന സര്‍ക്കാരിന്റെ സമയാസമയങ്ങളിലുളള ആവശ്യപ്രകാരം എടുക്കാവുന്നതാണെന്നും ധനമന്ത്രി വ്യക്തമാക്കി.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ മൊത്ത വായ്പാ പരിധി 47762 കോടി രൂപയാണ്. ഇതില്‍ പരമാവധി 29136 കോടി രൂപ പൊതു വിപണിയിൽ നിന്ന് സമാഹരിക്കാം.. ബാക്കി തുക മറ്റ് സ്രോതസ്സുകളില്‍ നിന്ന് കണ്ടെത്തണം, മന്ത്രി പറഞ്ഞു.