image

2 Nov 2023 1:55 AM GMT

Policy

ഫെഡ് പലിശയില്‍ മാറ്റമില്ല; ട്രഷറി യീല്‍ഡ് ഉയരുന്നതില്‍ ആശങ്ക

MyFin Desk

critical week for central banks fed reserve prepares for rate hike
X

Summary

  • 22 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണിപ്പോള്‍ യുഎസിലെ പലിശ നിരക്ക്
  • ഈ വര്‍ഷം പലിശ നിരക്ക് വര്‍ധനയ്ക്ക് സാധ്യത മങ്ങി


തുടർച്ചയായ രണ്ടാം മീറ്റിംഗിലും ഫെഡറൽ റിസർവ് പണ നയ സമിതി അടിസ്ഥാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. ട്രഷറി ആദായത്തിലെ സമീപകാല ഉയർച്ച സമ്പദ്‌വ്യവസ്ഥയെയും പണപ്പെരുപ്പത്തെയും ബാധിക്കുമെന്ന് സൂചിപ്പിക്കുന്നതാണ് യോഗത്തിനു ശേഷം ഫെഡ് റിസര്‍വ് പുറത്തുവിട്ട പ്രസ്താവന.

“ഗാര്‍ഹിക തലത്തിലും ബിസിനസുകളും നേരിടുന്ന കടുത്ത സാമ്പത്തിക, വായ്പാ സാഹചര്യങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങളെയും നിയമനങ്ങളെയും, പണപ്പെരുപ്പത്തെയും ബാധിക്കാൻ സാധ്യതയുണ്ട്,” പ്രസ്താവനയിൽ പറഞ്ഞു. മുന്‍ പ്രസ്താവനയില്‍ വായ്പാ സാഹചര്യങ്ങളെ മാത്രമാണ് പരാമര്‍ശിച്ചിരുന്നത് എന്നതാണ് എടുത്തുപറയേണ്ട വ്യത്യാസം. ഈ ഘടകങ്ങളുടെ സ്വാധീനം അനിശ്ചിതത്വത്തിൽ തുടരുന്നുവെന്ന് ഫെഡ് റിസര്‍വ് നിരീക്ഷിക്കുന്നു, പണപ്പെരുപ്പ അപകടസാധ്യതകളിൽ അതീവ ശ്രദ്ധ പുലർത്തുന്നുവെന്നും ആവർത്തിച്ചു.

ബെഞ്ച്മാർക്ക് ഫെഡറൽ ഫണ്ട് നിരക്ക് 5.25% - 5.5% എന്ന നിലയില്‍ തന്നെ നിലനിര്‍ത്തും. സാമ്പത്തിക വളർച്ചയുടെ വേഗതയെക്കുറിച്ചുള്ള വിവരണം “ഉറപ്പുള്ളത്” എന്നതിൽ നിന്ന് “ശക്തമായത്” എന്നാക്കി ഫെഡ് റിസര്‍വ് മാറ്റിയിട്ടുണ്ട്. സെപ്റ്റംബറിലെ യോഗത്തിനു ശേഷം പുറത്തുവന്ന മികച്ച സാമ്പത്തിക ഡാറ്റകളുടെ പ്രതിഫലനമാണിത്.

ഭാവി നിരക്ക് വര്‍ധനയുടെ സാധ്യത

സമ്പദ്‌വ്യവസ്ഥയിലും പണപ്പെരുപ്പത്തിലും ഉണ്ടാകുന്ന കാലതാമസം കൂടി കണക്കിലെടുത്ത് പണപ്പെരുപ്പം 2% ആക്കുന്നതിനുള്ള നയം ആവിഷ്കരിക്കുമെന്ന് നയനിർമ്മാതാക്കൾ ആവർത്തിച്ചു. ജനുവരി അവസാനത്തോടെ 25 ബേസിസ് പോയിന്റ് വർദ്ധനവിന് മൂന്നിലൊന്ന് സാധ്യതയുണ്ടെന്നാണ് ട്രേഡര്‍മാര്‍ വിലയിരുത്തുന്നത്. എഫ്ഒഎംസി അടുത്തതായി ഡിസംബർ 12-13 തീയതികളിലും പിന്നീട് ജനുവരി 30-31 തീയതികളിലുമാണ് യോഗം ചേരുന്നത്.

ദീർഘകാല ട്രഷറി ആദായത്തിലെ സമീപകാല കുതിപ്പ് കൂടുതൽ നിരക്ക് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുമെന്ന് ചില അംഗങ്ങള്‍ പറഞ്ഞു. ഫെഡ് റിസര്‍വ് ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. കരുത്തുറ്റ വളർച്ചയിലേക്കും പ്രതിരോധശേഷിയുള്ള ഉപഭോക്താക്കളിലേക്കും വിരൽ ചൂണ്ടുന്ന സാമ്പത്തിക റിപ്പോർട്ടുകളാണ് ഭാവിയിലെ നിരക്ക് വർധനയ്‌ക്കുള്ള സാധ്യത തുറന്നിടാൻ ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തുന്നത്.