12 Nov 2023 6:49 AM GMT
Summary
- 'സെറ്റില്‍ഡ്' എന്നത് ഏഴുവര്‍ഷത്തിലധികം സിബില്‍ രേഖകളില്‍ നെഗറ്റിവായി കിടക്കും
- പിആര്‍എസ് വായ്പകളിലെ തിരിച്ചടവ് സര്‍ക്കാരിന്‍റെ ബാധ്യത
- പിആര്‍എസ് നടപ്പിലാക്കായത് സംഭരണ വില നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍
ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാകാത്തതിനെ തുടര്‍ന്ന്, തകഴിയില്‍ കര്‍ഷകനായ പ്രസാദ് ആത്മഹത്യ ചെയ്തത് സംസ്ഥാന സര്‍ക്കാരിനെതിരായ രൂക്ഷമായ വിമര്‍നങ്ങള്‍ക്കും രാഷ്ട്രീയ-മാധ്യമ ആക്രമങ്ങള്‍ക്കുമാണ് വഴിതെളിച്ചിട്ടുള്ളത്. നെല്ല് ഏറ്റെടുക്കുന്നതിന്‍റെ പണം ബാങ്കുകളില്‍ നിന്ന് പിആര്‍എസ് പദ്ധതി പ്രകാരം വായ്പയായി നല്‍കിയത് തന്‍റെ സിബില്‍ സ്കോറിനെ ബാധിച്ചുവെന്നും ഇതാണ് ബാങ്കുകളില്‍ നിന്ന് തനിക്ക് വായ്പ നിഷേധിക്കാനുള്ള കാരണമെന്നുമാണ് ആത്മഹത്യക്ക് മുമ്പ് പ്രസാദ് ആരോപിച്ചത്.
എന്നാല്‍, 2011 ല്‍ താന്‍ ഒരു കാര്‍ഷിക വായ്പ എടുത്തിരുന്നുവെന്നും ഇതിന്‍റെ കുടിശ്ശിക മുടങ്ങുകയും 2021ല്‍ ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ ഈ വായ്പാ ബാധ്യത തീര്‍ത്തുവെന്നും പ്രസാദ് വെളിപ്പെടുത്തുന്നുണ്ട്. തന്‍റെ സിബില്‍ സ്കോറിനെ ബാധിച്ച ഏറ്റവും പ്രസക്തമായ കാര്യം എന്തെന്ന കാര്യത്തില്‍ പ്രസാദ് തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത്. മാധ്യമങ്ങളും ഇക്കാര്യം ജനങ്ങളെ അറിയിക്കുന്നതിനോ ബോധവത്കരണത്തിനോ തയാറാകാതെ പുകമറ സൃഷ്ടിക്കുകയാണ്.
ഒറ്റത്തവണ തീര്‍പ്പാക്കലിലെ അപകടം
കൃത്യമായ സമയപരിധിയില്‍ കുടിശ്ശികകള്‍ അടച്ചുതീര്‍ത്ത് വായ്പാഭാരത്തില്‍ നിന്ന് പുറത്തുകടക്കുന്നതു പോലെയല്ല ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെയുള്ള വായ്പകളുടെ ക്ലോസിംഗ് കണക്കാക്കപ്പെടുന്നത്. ഇത്തരം വായ്പകളെ 'സെറ്റില്‍ഡ്' എന്ന വിഭാഗത്തില്‍ കണക്കാക്കി സിബില്‍ (CIBIL) അധികാരികളെയും മറ്റ് റേറ്റിംഗ് ഏജന്‍സികളെയും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും യഥാസമയം അറിയിക്കും.
'സെറ്റിൽഡ്' എന്ന പദം സാധാരണയായി വായ്പക്കാരന്‍റെ നെഗറ്റീവ് ക്രെഡിറ്റ് സ്വഭാവമായി കണക്കാക്കപ്പെടുന്നു, 100 പോയിന്‍റ് വരെ ക്രെഡിറ്റ് സ്കോര്‍ കുറയും എന്നതിനൊപ്പം, 7 വര്‍ഷം വരെ ഈ പദം സിബില്‍ രേഖകളില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യും. ഈ ഏഴു വര്‍ഷങ്ങളില്‍ ഈ വായ്പക്കാരന് മറ്റൊരു ബാങ്കില്‍ നിന്ന് വായ്പ ലഭിക്കാനുള്ള സാധ്യത അതി വിരളമാണെന്ന് ബാങ്കുകളുടെ ഔദ്യോഗിക രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. ഇത് ഏറെ ബാധിക്കുന്നത് കര്‍കരെയും ചെറുകിട വായ്പക്കാരെയുമാണ്.
എന്താണ് പാഡി റെസീപ്റ്റ് ഷീറ്റ്?
നെല്ല് സംഭരണ ഘട്ടത്തില്‍ സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് പാഡി റെസീപ്റ്റ് ഷീറ്റ്. ഈ രേഖയുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട തുക ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ലഭ്യമാക്കുകയും പിന്നീട് ഈ തുക ബാങ്കുകള്‍ സര്‍ക്കാരിന് നല്‍കുകയുമാണ് ചെയ്യുന്നത്. കര്‍ഷകര്‍ക്ക് പണം നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായാണ് ഈ സംവിധാനം നടപ്പാക്കിയിട്ടുള്ളത്.
മുമ്പ് നെല്ലുസംഭരണം പൂര്‍ത്തിയാക്കി മറ്റ് നടപടികള്‍ക്ക് ശേഷം കര്‍ഷകരിലേക്ക് പണമെത്തിക്കുന്നതില്‍ കാലതാമസം നേരിട്ടിരുന്നു. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സംഭരണ വിലയില്‍ 20.06 രൂപ കേന്ദ്ര സര്‍ക്കാരിന്‍റെ വിഹിതവും 7.80 രൂപ സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതവുമാണ്. കേന്ദ്രവിഹിതം ലഭ്യമാകുന്നതിനു കാത്തിരിക്കാതെ പിആര്‍എസ് ഈടായി സ്വീകരിച്ച്, സപ്ലൈകോയുമായി ധാരണയിലെത്തിയിട്ടുള്ള ബാങ്കുകള്‍ കര്‍ഷകര്‍ക്ക് പണം നല്‍കുകയാണ് ചെയ്യുന്നത്.
പിആര്‍എസ് വായ്പ അടച്ചു തീര്‍ക്കേണ്ടതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. ഇത് വ്യക്തിപരമായ വായ്പാബാധ്യതയായി കണക്കാക്കപ്പെടുന്നതോ സാധാരണ ഗതിയില്‍ സിബില്‍ സ്‍കോറിനെ ബാധിക്കുന്നതോ അല്ലെന്ന് ബാങ്കിംഗ് മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
പിആര്‍എസ് വായ്പ കുടിശികയായോ?
2021-22 കാലയളവില്‍ പ്രസാദില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില പി.ആര്‍.എസ് വായ്പയായി ഫെഡറല്‍ ബാങ്ക് വഴി നല്‍കുകയും സമയബന്ധിതമായി അടച്ചുതീര്‍ക്കുകയും ചെയ്തുവെന്ന് കൃഷി മന്ത്രി ജി.ആര്‍. അനില്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 2022-23 സീസണിലെ ഒന്നാം വിളയായി അദ്ദേഹത്തില്‍ നിന്ന് 4896 കിലോഗ്രാം നെല്ല് സംഭരിക്കുകയും നെല്ലിന്റെ വിലയായി 1,38,655 രൂപ കേരളാ ബാങ്ക് വഴി പി.ആര്‍.എസ് വായ്പയായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളു.
പി.ആര്‍.എസ് വായ്പയിലെ കുടിശ്ശിക അല്ല കര്‍ഷകന്റെ സിബില്‍ സ്‌കോറിനെ ബാധിച്ചതെന്ന് ഇതില്‍ നിന്ന് മനസിലാക്കാവുന്നതാണെന്ന് കൃഷിമന്ത്രി ചൂണ്ടിക്കാണിക്കുന്നു. 2023-24 ലെ ഒന്നാം വിളയുടെ സംഭരണ വില വിതരണം ചെയ്യുന്നത് നവംബര്‍ 13 മുതല്‍ ആരംഭിക്കാനിരിക്കുകയാണ്. കര്‍ഷകര്‍ക്ക് എത്രയും വേഗം സംഭരണവില നല്‍കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തിവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.