17 Sep 2023 4:18 AM GMT
Summary
- കുട്ടികളില്‍ ധാര്‍മിക-സോഷ്യലിസ്‍റ്റ് മൂല്യങ്ങള്‍ പകരും
- കുട്ടികളുടെ സ്ക്രീന്‍ ടൈമിന് നിയന്ത്രണം
- അനുകൂലിച്ചും എതിര്‍ത്തും വാദങ്ങള്‍
കുട്ടികളുടെ മൊബൈല്‍ ഉപയോഗം പരിമിതപ്പെടുത്തുന്നതിന് ചൈന പുതിയ നിയമങ്ങള്‍ രൂപപ്പെടുത്തുകയാണ്. ഓണ്‍ലൈന്‍ മൊബൈല്‍ ആസക്തി കുറയ്ക്കാനും കുട്ടികളില്‍ ധാര്‍മ്മികതയും, സോഷ്യലിസ്റ്റ് മൂല്യങ്ങളും വളര്‍ത്താനും ലക്ഷ്യമിട്ടാണ് ഈ നടപടി.
എല്ലാ മൊബൈല്‍ ഫോണുകളിലും ആപ്പുകളിലും പ്ലാറ്റ്‍ഫോമുകളിലും കുട്ടികള്‍ക്കായി 'മൈനര്‍ മോഡ്' എന്ന് വിളിക്കുന്ന ഒരു ബില്‍ഡ് ഇന്‍ മോഡ് ആവശ്യപ്പെടുന്ന കരട് നിര്‍ദ്ദേശം ചൈനയുടെ ടോപ് ഇന്റര്‍നെറ്റ് റെഗുലേറ്ററായ സൈബര്‍ അഡ്‍മിനിസ്ട്രേഷന്‍ ഓഫ് ചൈന, മുന്നോട്ടു വച്ചിട്ടുണ്ട്. പ്രായവിഭാഗത്തിന് അനുസരിച്ച് ഈ മോഡ് കുട്ടികളുടെ ദൈനംദിന സ്‌ക്രീന്‍ സമയം പരമാവധി രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തും.
ഗെയിമിംഗ് കമ്പനികള്‍ക്ക് വെല്ലുവിളി
കരട് നിര്‍ദ്ദേശ പ്രകാരം, മൈനര്‍ മോഡില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള സമയപരിധി കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ അടയ്ക്കും. പ്രായപരിധി അനുസരിച്ചുള്ള ഉള്ളടക്കമാണ് ഈ വിഭാഗക്കാര്‍ക്ക് ലഭിക്കുക. പതിനെട്ട് വയസിനു താഴെയുള്ളവര്‍ക്ക് രാത്രി 10 മുതല്‍ രാവിലെ ആറു വരെ ഈ മോഡില്‍ അവരുടെ സ്‌ക്രീനുകള്‍ ആക്സസ് ചെയ്യാന്‍ കഴിയില്ല. 8 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അവരുടെ ഫോണുകള്‍ ദിവസേന 40 മിനിറ്റ് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. എട്ടു മുതല്‍ 16 വരെയുള്ള കുട്ടികള്‍ക്ക് ഒരു മണിക്കൂര്‍ സ്‌ക്രീന്‍ സമയം ലഭിക്കും. പതിനാറ് വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്ക് രണ്ട് മണിക്കൂര്‍ അനുവദിക്കും.
ഈ കരട് നിര്‍ദ്ദേശത്തില്‍ പൊതുവിലുള്ള ചര്‍ച്ചയ്ക്കായി സെപ്റ്റംബര്‍ രണ്ടു വരെ സമയം നല്‍കിയിരുന്നു. കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയാല്‍ ചൈനയിലെ ടെക് കമ്പനികള്‍ ,ഗെയിമിംഗ്, ഇന്റര്‍നെറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കു വന്‍ വെല്ലുവിളികളാവും നേരിടേണ്ടി വരിക.
നിയന്ത്രണങ്ങളുടെ വിപുലീകരണം
സമീപ കാലങ്ങളില്‍ ചൈനയില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും മറ്റ് ഡിജിറ്റല്‍ മീഡിയകള്‍ക്കും അടിമപ്പെട്ട കുട്ടികളുടെയും, കൗമാരക്കാരുടെയും എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചൈനീസ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ആസക്തിപ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടികള്‍ കൊണ്ടുവരുന്നത്. ഈ വര്‍ഷമാദ്യം ചില നിയന്ത്രണങ്ങള്‍ ചൈന കൊണ്ടുവന്നിരുന്നു. പതിനെട്ടു വയസ്സിന് താഴെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ കഴിയുന്ന സമയം വാരാന്ത്യങ്ങളില്‍ മൂന്ന് മണിക്കൂറുകളായും വെള്ളിയാഴ്ചകളില്‍ ഒരു മണിക്കൂറായും പരിമിതപ്പെടുത്തുന്നു അത്. പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ അത് ഈ നിയന്ത്രണങ്ങളുടെ വിപുലീകരണമായിരിക്കും.
പിന്നില്‍ നിരവധി കാരണങ്ങള്‍
മൊബൈല്‍ ഫോണുകളുടെ ദീര്‍ഘസമയത്തെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് മുഖ്യ പ്രശ്‌നം. ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ കണ്ണിനും, മാനസികാരോഗ്യത്തിനും ഹാനികരമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
കൂടാതെ, മൊബൈല്‍ ഫോണുകള്‍ കുട്ടികളുടെ പഠനത്തെ തടസ്സപ്പെടുത്തുന്നു. ഫോണില്‍ ഗെയിമുകള്‍ കളിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതും കുട്ടികള്‍ക്ക് പഠിക്കാന്‍ ബുദ്ധിമുട്ട് സൃഷ്ട്ടിക്കുകയാണ്. മറ്റൊന്ന് മൊബൈല്‍ ഫോണുകള്‍ കുട്ടികളെ അപകടത്തിലാക്കുന്നുവെന്നതാണ്. ഫോണില്‍ തിരക്കിലായ കുട്ടികള്‍ റോഡ് അപകടങ്ങളില്‍ പെടാനുള്ള സാധ്യത കൂടുതലാണ്.
പുതിയ നടപടികള്‍ കുട്ടികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കാനും, അവരുടെ ശാരീരികവും, മാനസികവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു. ഈ നടപടികളെ കുട്ടികളില്‍ മുഖ്യ സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും ദേശീയ അവബോധം രൂപപ്പെടുത്തുന്നതിനും ഒരു മാര്‍ഗമായും കണക്കാക്കപ്പെടുന്നു.
എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍
കരട് നിയമങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. നിയമത്തിന് അനുകൂലവും പ്രതികൂലവുമായ പ്രതികണങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. കുട്ടികളെ അമിതമായ സ്‌ക്രീന്‍ സമയത്തിന്റെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് നിയമം ആവശ്യമാണെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു. അതേസമയം നിയമം കുട്ടികളുടെ സര്‍ഗ്ഗാത്മകതയും, സ്വാതന്ത്ര്യവും അടിച്ചമര്‍ത്തുമെന്നാണ് പ്രതികൂലിക്കുന്നവരുടെ വാദം.
വിദഗ്ധരും പുതിയ നടപടികള്‍ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇ നടപടികള്‍ ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അവയ്ക്ക് അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് കുട്ടികള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോമുകള്‍ ആക്‌സസ് ചെയ്യാന്‍ മറ്റ് ഡിവൈസുകള്‍, ഉദാഹരണത്തിന് ടാബ്ലെറ്റുകള്‍, ലാപ്ടോപ്പ് എന്നിവ കൂടുതല്‍ ഉപയോഗിക്കാന്‍ കാരണമായേക്കും.
മാതാപിതാക്കള്‍ക്ക് ഏറെ ചെയ്യാനുണ്ട്
കുട്ടികളുടെ സ്‌ക്രീന്‍ സമയം കുറയ്ക്കാന്‍ സഹായിക്കുന്നതിന്, മാതാപിതാക്കള്‍ക്ക് നിരവധി മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും നിയമത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഉപയോഗത്തിനു പരിധികള്‍ വയ്ക്കുക, കുട്ടികളോട് സന്തുലിതാവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുക, മറ്റ് പ്രവര്‍ത്തനങ്ങളില്‍ (ഉദാഹരണത്തിന്, കായിക വിനോദങ്ങള്‍, സംഗീതം, കല, ഹോബികള്‍ എന്നിവ) ഏര്‍പ്പെടാന്‍ കുട്ടികള്‍ക്കു പ്രോത്സാഹനം നല്‍കുക, അവരുടെ താല്‍പ്പര്യങ്ങളും കഴിവുകളും വികസിപ്പിക്കാന്‍ അവസരങ്ങള്‍ നല്‍കുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ മാതാപിതാക്കള്‍ക്കു ചെയ്യാന്‍ സാധിക്കും.
കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക, ആരോഗ്യകരവും, സന്തോഷകരവുമായി കുട്ടികളെ വളര്‍ത്തുക, അവരുടെ ഏകാന്തത അവസാനിപ്പിക്കുക, അവര്‍ക്ക് നല്ല വിദ്യാഭ്യാസവും ശക്തമായ പിന്തുണയും നല്‍കുക തുടങ്ങിയവയൊക്കെ കുട്ടികളുടെ സ്‌ക്രീന്‍ സമയം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
കുട്ടികളുടെ അവകാശങ്ങളെ ലംഘിക്കാതെ നിയമങ്ങള്‍ നടപ്പിലാക്കുമെന്നാണ് ചൈന വ്യക്തമാക്കിയിട്ടുള്ളത്. ഈ നിയമം എങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുക എന്നത് കാലത്തിനു മാത്രമേ പറയാനാകൂ. എന്തായാലും, കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുകയെന്ന സദുദ്ദേശത്തോടെയാണ് ചൈന സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരുന്നത്.