12 July 2023 4:07 PM IST
Summary
- പര്യവേക്ഷണ ലൈസന്‍സുകള്‍ അനുവദിക്കും
- ഇ- വാഹന മേഖലയുടെ വളര്‍ച്ചയില്‍ ലിഥിയം നിര്‍ണായകം
- ജമ്മു കശ്മീരില്‍ വലിയ ലിഥിയം ശേഖരം കണ്ടെത്തിയിട്ടുണ്ട്
1957ലെ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ആക്ടിലെ ഭേദഗതികള്‍ക്ക് ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലിഥിയം ഉള്‍പ്പടെയുള്ള 6 ധാതുക്കളുടെ ഖനനത്തിനുള്ള വിലക്കുകള്‍ നീക്കുന്നതാണ് ഈ ഭോദഗതി. ഇ-വാഹനങ്ങളിലേക്കുള്ള ത്വരിതഗതിയിലുള്ള മാറ്റത്തിന് അനിവാര്യമായ ധാതുവാണ് ലിഥിയം. സ്വകാര്യ മേഖലയ്ക്കും ഇന്ത്യക്കകത്ത് ലിഥിയം ഖനനം നടത്തുന്നതിന് പുതിയ നിയമ ഭേദഗതിയിലൂടെ അവസരം ഒരുങ്ങുകയാണ്.
ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞതും മൃദുവായതുമായ ലോഹമായ ലിഥിയത്തിന് രാസ ഊര്‍ജ്ജം സംഭരിച്ച് വൈദ്യുതോർജ്ജമാക്കി മാറ്റാനാകും. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ നിര്‍മാണത്തില്‍ വ്യാപകമായി പ്രയോഗിക്കപ്പെടുന്നത് ഈ സവിശേഷതയാണ്. നിലവിൽ, ലോകത്തിലെ ലിഥിയം ഖനനത്തിന്‍റെ 47 ശതമാനം ഓസ്‌ട്രേലിയയിലും 30 ശതമാനം ചിലിയിലും 15 ശതമാനം ചൈനയിലുമാണ് നടക്കുന്നത്.
ലിഥിയത്തിനു പുറമേ നിക്കൽ, കോബാൾട്ട് തുടങ്ങിയ നിരവധി ധാതുക്കളുടെ ആവശ്യകത നിറവേറ്റാന്‍ നിലവില്‍ ഇന്ത്യ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇ-വാഹനങ്ങളുടെ സ്വീകാര്യത ഉയര്‍ത്തേണ്ടത് അനിവാര്യമായ സാഹചര്യത്തില്‍ ലിഥിയത്തിന്‍റെ ആഭ്യന്തര ലഭ്യത ഉയര്‍ത്തേണ്ടതും അനിവാര്യമാണ്. അടുത്തിടെ ജമ്മു-കശ്മീരില്‍ ലിഥിയത്തിന്‍റെ വിപുലമായ ഖനന സാധ്യതയുള്ളതായി കണ്ടെത്തിയിരുന്നു.
പര്യവേക്ഷണ ലൈസൻസ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥ ഭേദഗതിയുടെ ഭാഗമായി കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. ലേലത്തിലൂടെയാണ് ഈ ലൈസന്‍സുകള്‍ വിതരണം ചെയ്യുക. കമ്പനികളെ അവർ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന മേഖലകൾ നിർദേശിക്കാൻ അനുവദിക്കും. സര്‍ക്കാര്‍ ഖനന മേഖലകള്‍ നിശ്ചയിച്ച് ലൈസന്‍സുകള്‍ അനുവദിക്കുന്ന പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമാണിത്. 2014നു ശേഷം മൈൻസ് ആൻഡ് മിനറൽസ് ആക്റ്റില്‍ വരുത്തുന്ന അഞ്ചാമത്തെ മാറ്റമാണിത്.