image

16 Nov 2023 9:39 AM GMT

Policy

ബജാജ് കാര്‍ഡ് പണിമുടക്കി, ഇഎംഐകള്‍ക്ക് ഇനി എന്തു സംഭവിക്കും?

MyFin Desk

Bajaj Card goes on strike
X

Summary

  • ബജാജ് കാര്‍ഡുമായി വാങ്ങാനെത്തിയ പലരും നിരാശരായി മടങ്ങിയെന്ന് വ്യാപാരികള്‍
  • നിലവിലെ ഇഎംഐ തിരിച്ചടവുകളെ വിലക്ക് ബാധിക്കില്ല


ബജാജ് ഫിനാന്‍സിന്‍റെ രണ്ട് ഡിജിറ്റല്‍ വായ്പാ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപടി നിരവധി കുടുംബങ്ങളുടെ ഇഎംഐ വാങ്ങല്‍ പദ്ധതികളെ ബാധിക്കുന്നത്. ഓണ്‍ലൈന്‍ വാങ്ങലുകള്‍ നല്‍കുന്ന ധനസഹായമായ ഇകോം, റീട്ടെയില്‍ ഷോപ്പുകളിലെയും ഓണ്‍ലൈനിലും വാങ്ങലുകള്‍ക്കും തവണകളായി പണമടയ്ക്കുന്നതിനും ഉപഭോക്താക്കളെ സഹായിക്കുന്ന ഇന്‍സ്റ്റ ഇഎംഐ കാര്‍ഡ് എന്നിവയ്ക്കാണ് കേന്ദ്ര ബാങ്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഡിജിറ്റല്‍ വായ്പാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് നടപടി.

നിലവില്‍ ബജാജ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയിട്ടുള്ളവരുടെ തിരിച്ചടവില്‍ ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ല. രണ്ട് ലക്ഷം രൂപ വരെയുള്ള പ്രീ അപ്രൂവ്ഡ് വായ്പകളാണ് ഇന്‍സ്റ്റ ഇഎംഐ കാര്‍ഡുകളിലൂടെ ബജാജ് ഫിനാന്‍സ് നല്‍കിയിരുന്നത്. ഓണ്‍ലൈനിലും ഓഫ്‍‌ലൈനിലുമുള്ള വാങ്ങലുകളില്‍ ഇഎംഐ സൗകര്യം ലഭിക്കുന്നതിന് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വ്യാപകമായി ബജാജ് ഫിനാന്‍സ് കാര്‍ഡുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്

ഈ സൗകര്യം ഇപ്പോള്‍ ലഭ്യമല്ല

ആര്‍ബിഐ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിച്ചതിനു ശേഷം മാത്രമാകും ഈ ഉല്‍പ്പന്നങ്ങളുടെ വിലക്ക് നീക്കുന്നത് പരിഗണിക്കുക. ഡിജിറ്റല്‍ വായ്പാ വിതരണവുമായി ബന്ധപ്പെട്ട പോരായ്മകള്‍ പരിഹരിക്കുന്നതിനായി ഓഗസ്റ്റിലാണ് കേന്ദ്ര ബാങ്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

ഇന്നലെ ആര്‍ബിഐ തീരുമാനം പുറത്തുവന്നതിന് പിന്നാലെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലെ വാങ്ങലുകളില്‍ ബജാജ് കാര്‍ഡുകളിലൂടെയുള്ള ഇഎംഐ സൗകര്യം ഇപ്പോള്‍ ലഭ്യമല്ല എന്ന സന്ദേശമാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. വിലക്കിന്‍റെ വാര്‍ത്തയറിയാതെ ഗൃഹോപകരണങ്ങളും മറ്റും വാങ്ങാന്‍ ബജാജ് കാര്‍ഡുമായെത്തിയ പലരും നിരാശരായി മടങ്ങിയെന്ന് ഷോപ്പുടമകളും പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലൊന്നായാണ് ബജാജ് ഫിനാന്‍സിനെ കണക്കാക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 3,500 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത്.

ആര്‍ബിഐ പ്രഖ്യാപനത്തെ തുടര്‍ന്ന് ബജാജ് ഫിനാന്‍സിന്‍റെയും ബജാജ് ഫിന്‍സെര്‍വിന്‍റെയും ഓഹരികള്‍ വിപണിയില്‍ ഇടിവ് നേരിട്ടെങ്കിലും പിന്നീട് നേട്ടത്തിലേക്ക് കയറി.