image

15 Jun 2023 10:08 AM GMT

Policy

വെളിച്ചെണ്ണയ്ക്ക് തിരിച്ചടി; സോയ ഓയിലിന്‍റെയും സണ്‍ഫ്ലവര്‍ ഓയിലിന്‍റെയും തീരുവ വെട്ടിക്കുറച്ചു

MyFin Desk

duty has been cut on soya oil and sunflower oil
X

Summary

  • കഴിഞ്ഞ 2 മാസങ്ങളില്‍ സോഫ്റ്റ് ഓയിലുകളുടെ കയറ്റുമതി കുത്തനേ കൂടി
  • എണ്ണ വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ പാമോയിലിന്‍റെ ഇറക്കുമതി വിഹിതം കൂടി
  • ഇന്ത്യയുടെ സസ്യ എണ്ണ ഉപഭോഗത്തിന്‍റെ 60% ഇറക്കുമതിയെ ആശ്രയിച്ച്


ശുദ്ധീകരിച്ച സോയ ഓയിലിന്റെയും സൂര്യകാന്തി എണ്ണയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ അറിയിച്ചു. 17.5% ൽ നിന്ന് 12.5% ​​ആയി തീരുവ കുറയ്ക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ സസ്യഎണ്ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യ ഇറക്കുമതി വര്‍ധിപ്പിക്കുന്നതിലൂടെ ആഭ്യന്തര വിപണിയിലെ വില പിടിച്ചുനിര്‍ത്താനാണ് ശ്രമിക്കുന്നത്. വെളിച്ചെണ്ണ ഉള്‍പ്പടെ ആഭ്യന്തര തലത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യ എണ്ണകളുടെ വില താഴേക്കു വരുന്നതിന് ഈ തീരുമാനം വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇപ്പോള്‍ എല്ലാ അസംസ്കൃത സസ്യ എണ്ണകളുടെയും, അതായത് ക്രൂഡ് പാം ഓയിൽ, ക്രൂഡ് സൺഫ്ലവർ ഓയിൽ, ക്രൂഡ് സോയ ഓയിൽ എന്നിവയുടെ ഇറക്കുമതി തീരുവ 5% ആണ്. ഇറക്കുമതി തീരുവയ്ക്കു മേല്‍ ചുമത്തുന്ന സെസ് കൂടി വരുന്നതോടെ മൊത്തം നികുതി നിരക്ക് 5.5% ആയിരിക്കും. ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണയുടെ കാര്യത്തിൽ, 12.5% ​​ഇറക്കുമതി തീരുവയും ഇറക്കുമതി തീരുവയിലുള്ള 10% സെസും ചേരുമ്പോള്‍ ചുമത്തപ്പെടുന്ന യഥാര്‍ത്ഥ ഇറക്കുമതി തീരുവ 13.75% ആയിരിക്കും.

കഴിഞ്ഞ വര്‍ഷം നവംബർ മുതൽ ഈ വര്‍ഷം ഏപ്രിൽ വരെയുള്ള കാലയളവിൽ, പാം ഉൽപന്നങ്ങളുടെ ഇറക്കുമതി കുത്തനെ വർധിച്ച് 4.9 മില്യണ്‍ ടണില്‍ (എംടി) എത്തിയിരുന്നു, മുന്‍ വർഷം ഇതേ കാലയളവിൽ ഇത് 3.2 എംടി ആയിരുന്നു. ഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ പാമോയിലിന്റെ വിഹിതം 49 ശതമാനത്തിൽ നിന്ന് 61 ശതമാനമായി ഉയർന്നപ്പോൾ സോഫ്റ്റ് ഓയിലുകളുടെ ഇറക്കുമതി വിഹിതം ഇക്കാലളവില്‍ കുറഞ്ഞു. എന്നിരുന്നാലും, കഴിഞ്ഞ രണ്ട് മാസങ്ങളിൽ, സണ്‍ഫ്ലവര്‍, സോയാബീൻ എണ്ണകളുടെ ഇറക്കുമതി കുത്തനെ വർധിച്ചിട്ടുണ്ട്. നടപ്പ് എണ്ണ വർഷത്തിന്റെ (നവംബർ-ഒക്ടോബർ) ആദ്യ പകുതിയിൽ 3.1 മില്യണ്‍ ടണ്‍ ഇറക്കുമതിയാണ് സോഫ്റ്റ് ഓയിലുകളുടെ കാര്യത്തില്‍ ഉണ്ടായത്. മുന്‍ വർഷം സമാന കാലയളവില്‍ ഇത് 3.3 മില്യണ്‍ ടണ്ണായിരുന്നു. സോള്‍വന്‍റ് എക്‍സ്ട്രാക്റ്റേര്‍സ് അസോസിയേഷന്‍റെ കണക്കുകള്‍ പ്രകാരം ഇറക്കുമതിയിലെ സോഫ്റ്റ് ഓയിലുകളുടെ വിഹിതം 51% ൽ നിന്ന് 39% ആയി കുറഞ്ഞു.

ക്രൂഡ് പാം, സോയാബീൻ, സണ്‍ഫ്ളവര്‍ എണ്ണകളുടെ ഇറക്കുമതി തീരുവയില്‍ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സർക്കാർ ഇളവ് നല്‍കിയിരുന്നു. തുടര്‍ന്ന് ഡിസംബറില്‍ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിക്ക് നല്‍കുന്ന തീരുവ ഇളവ് അടുത്ത വര്‍ഷം മാർച്ച് 31 വരെ നീട്ടി. ഇന്ത്യയുടെ വാര്‍ഷിക സസ്യ എണ്ണ ഉപഭോഗം 24 മില്യണ്‍ ടണ്ണാണ്. ഇതിന്‍റെ ഏകദേശം 60% സാധ്യമാക്കുന്നതിന് ഇന്ത്യ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പ്രതിവർഷം ഏകദേശം 14 മില്യണ്‍ ടണ്ണിന്‍റെ ഭക്ഷ്യ എണ്ണ ഇറക്കുമതിയാണ് രാജ്യം നടത്തുന്നത്. ഇതില്‍ ക്രൂഡിന്റെയും ശുദ്ധീകരിച്ച എണ്ണയുടെയും വിഹിതങ്ങള്‍ യഥാക്രമം 75%, 25% എന്നിങ്ങനെ ആണ്.