9 Feb 2024 11:15 AM GMT
Summary
- നടപ്പ് സാമ്പത്തിക വർഷം (2023-24) 50,000 കോടി രൂപയാണ് വിതരണ ലക്ഷ്യമുണ്ടായിരുന്നത്
- സഹകരണ മന്ത്രാലയത്തിൻ്റെ ഭരണ നിയന്ത്രണത്തിലുള്ള ഒരു കോർപ്പറേറേഷനാണ് എൻസിഡിസി
- രാജ്യത്ത് 29 വ്യത്യസ്ത മേഖലകളിലായി ഏകദേശം 8,02,639 സഹകരണ സംഘങ്ങളുണ്ട്
നാഷണൽ കോഓപ്പറേറ്റീവ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (എൻസിഡിസി; NCDC) ജനുവരി 31-ലെ കണക്കനുസരിച്ച് രാജ്യത്തുടനീളമുള്ള വിവിധ സഹകരണ സ്ഥാപനങ്ങൾക്ക് 56,196 കോടി രൂപ വിതരണം ചെയ്തതായി രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷം (2023-24) 50,000 കോടി രൂപയാണ് വിതരണ ലക്ഷ്യമുണ്ടായിരുന്നത്.; ഈ വർഷം ലക്ഷ്യം കവിഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സഹകരണ മേഖലയ്ക്ക് ധനസഹായം ആവശ്യമുള്ള മേഖലകൾ/സംസ്ഥാനങ്ങൾ എൻസിഡിസി കണ്ടെത്തി, അതനുസരിച്ച് സഹകരണ സ്ഥാപനങ്ങൾക്ക് വായ്പ/ധനസഹായം എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് കോർപ്പറേഷൻ്റെ ഡിവിഷനുകൾക്കും റീജിയണൽ ഡയറക്ടറേറ്റുകൾക്കും അറിയിപ്പുകൾ നൽകുകയാണ് ചെയ്യാറുള്ളത്.
രാജ്യത്തുടനീളമുള്ള സഹകരണ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന സഹകരണ മന്ത്രാലയത്തിൻ്റെ ഭരണ നിയന്ത്രണത്തിലുള്ള ഒരു നിയമപരമായ കോർപ്പറേറേഷനാണ് എൻസിഡിസി. അതിൻ്റെ പ്രോഗ്രാം ഓഫ് ആക്ടിവിറ്റീസ് (PoA) യുടെ അടിസ്ഥാനത്തിൽ ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ട്, ഇത് ഇന്ത്യാ ഗവൺമെൻ്റ് അംഗീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ എൻസിഡിസി വിതരണം ചെയ്ത സാമ്പത്തിക സഹായത്തിൻ്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
സഹകരണ മേഖലയുടെ അവസ്ഥ
"സഹകർ സേ സമൃദ്ധി" എന്ന കാഴ്ചപ്പാട് കൈവരിക്കുന്നതിനായി, ഇന്ത്യാ ഗവൺമെൻ്റിൻ്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ, സംസ്ഥാന/യുടി സർക്കാരുകൾ, ദേശീയ സഹകരണ ഫെഡറേഷനുകൾ, സ്റ്റാറ്റ്യൂട്ടറി, നോൺ-സ്റ്റാറ്റിയൂട്ടറി ബോഡികൾ എന്നിവരുമായി കൂടിയാലോചിച്ച് സഹകരണ മന്ത്രാലയം നിരവധി സംരംഭങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.
രാജ്യത്ത് 29 വ്യത്യസ്ത മേഖലകളിലായി ഏകദേശം 8,02,639 സഹകരണ സംഘങ്ങളുണ്ട്, അതിൽ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളുടെ എണ്ണം യഥാക്രമം 81307, 17659, 11448 എന്നിങ്ങനെയാണ്.
മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ (നിയമം) 2002-ലെ ഷെഡ്യൂൾ II പ്രകാരം (ഭേദഗതി പ്രകാരം) 19 മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ ദേശീയ തലത്തിലുള്ള സഹകരണ സംഘങ്ങളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഈ 19 ദേശീയ ഫെഡറേഷനുകളിൽ, IFFCO മാത്രമേ അമുലിൻ്റെ അളവിലുള്ളൂ. 2022-23 സാമ്പത്തിക വർഷത്തിലെ ഇഫ്‌കോയുടെ വിറ്റുവരവ് രൂപ 60,324 കോടിയായിരുന്നു.
സംസ്ഥാനങ്ങളിലെ സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനാണു എൻസിഡിസി പ്രോത്സാഹനങ്ങൾ നൽകുന്നത്.
എൻസിഡിസി 2019-20 മുതൽ 30.11.2023 വരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 1,62,868.77 കോടി രൂപ വായ്പ വിതരണം ചെയ്തു., അതിൽ 41031.4 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വർഷം അതായത് 2022-23-ൽ വിതരണം ചെയ്തതാണ്.
സംസ്ഥാനങ്ങളിലെ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ ഓഫീസുകൾ കംപ്യൂട്ടറൈസ് ചെയ്യുക എന്ന ലക്ഷ്യത്തോടെ, കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരം 95 കോടി രൂപ സംസ്ഥാനങ്ങൾക്ക്/ കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് കേന്ദ്ര വിഹിതമായി അനുവദിക്കും. ഇത് സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുകയും സഹകരണ ആവാസവ്യവസ്ഥയിൽ ഏകീകൃതത കൊണ്ടുവരുകയും ചെയ്യും.