8 Aug 2023 7:20 AM
Summary
- പേ-ടു-വിൻ ഗെയിമുകൾക്ക് മാത്രമേ ഉയര്‍ന്ന നിരക്ക് ഈടാക്കൂ
- ഒക്റ്റോബര്‍ 1 മുതലാണ് റിയല്‍ മണി ഗെയിമുകള്‍ക്ക് പുതുക്കിയ ജിഎസ്‍ടി ബാധകമാകുന്നത്
യഥാർത്ഥ പണം ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) 28 ശതമാനത്തിലേക്ക് ഉയര്‍ത്തിയത് ഇ-സ്‌പോർട്‌സുകള്‍ക്ക് ബാധകമായേക്കില്ല. പ്ലേസ്റ്റേഷൻ, എക്‌സ്‌ബോക്‌സ്, നിന്‍റെന്‍ഡോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ഫിഫ, ലീഗ് ഓഫ് ലെജൻഡ്‌സ് പോലുള്ള പ്രമുഖ സ്പോര്‍ട്‍സ് ശീർഷകങ്ങളില്‍ വരുന്ന ഗെയിമുകളെ ഉയര്‍ന്ന നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
പണ നേട്ടത്തിന് സാധ്യതയുള്ള ഫാന്റസി സ്‌പോർട്‌സ്, റമ്മി, പോക്കർ തുടങ്ങിയ പേ-ടു-വിൻ ഗെയിമുകൾക്ക് മാത്രമേ ഉയർന്ന നികുതി നിരക്ക് ഈടാക്കൂ. വാതുവെപ്പ്, ചൂതാട്ടം അല്ലെങ്കിൽ പണമിടപാടുകൾ ഉൾപ്പെടാത്ത, വിനോദത്തിനായി മാത്രം ഉദ്ദേശിച്ചിട്ടുള്ള ഇ-സ്‌പോർട്‌സിനും വീഡിയോ ഗെയിമുകൾക്കും ഇതുവരെ ഉണ്ടായിരുന്ന നികുതി തന്നെ തുടരും.
നിലവിൽ ഇ-സ്‌പോർട്‌സിനും വിനോദത്തിനും വേണ്ടിയുള്ള ഗെയിമുകൾക്കും 18 ശതമാനം ജിഎസ്‍ടിയാണ് ഈടാക്കുന്നത്. ഒക്‌ടോബർ 1 മുതലാണ് ഓരോ ഗെയിമിംഗ് സെഷനിലും എൻട്രി ലെവലിൽ നടത്തുന്ന മൊത്തം പന്തയത്തിന് 28 ശതമാനം നികുതി ഈടാക്കാൻ ജിഎസ്‍ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. ആറുമാസത്തിനു ശേഷം ഈ നികുതിയുടെ ആഘാതം വിലയിരുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.