6 Nov 2023 8:36 AM GMT
Summary
- റെയ്ഡുകളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് നടപടി
- മാർച്ചിൽ, 138 വാതുവെപ്പ് - ചൂതാട്ട ആപ്പുകളുടെ പ്രവർത്തനങ്ങൾ തടഞ്ഞിരുന്നു
മഹാദേവ് ബുക്ക് ഓൺലൈൻ ആപ്പ് ഉള്‍പ്പെടെ 22 അനധികൃത വാതുവെപ്പ് ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതായി ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിൻ്റെ പ്രഖ്യാപനം. എൻഫോർസ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് മഹാദേവ് ബുക്ക് ആപ്പിന്‍റെ ഓഫിസുകളില്‍ നടത്തിയ റെയ്ഡിന്‍റെയും വിവിധ പ്ലാറ്റ്‍ഫോമുകളുടെ പ്രവര്‍ത്തനം പരിശോധിച്ചതിന്‍റെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) അനുസരിച്ച് മഹാദേവ് ആപ്പിൻ്റെ ഉടമകള്‍ പിടിയിലാണ്.
കഴിഞ്ഞ ഒന്നര വർഷമായി ഇതു സംബന്ധിച്ച അന്വേഷണം നടത്തുമ്പോഴും, വാതുവെപ്പ് ആപ്പുകളും വെബ്സൈറ്റുകളും അടച്ചുപൂട്ടുന്നതിന് ശുപാർശ ചെയ്യാൻ ഛത്തീസ്ഘഡ് സർക്കാർ തയാറായില്ലെന്ന് ഇലക്ട്രോണിക് ഐടി സഹമന്ത്രി രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു. ഐടി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം ഇക്കാര്യം ആവശ്യപ്പെടാന്‍ ഛത്തീസ്ഘഡ് സർക്കാരിന് എല്ലാ അധികാരവുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാദേവ് ബുക്കുമായി ബന്ധപ്പെട്ട് ഛത്തീസ്ഘഡില്‍ ഉയര്‍ന്നുവന്നിട്ടുള്ള രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഛത്തീസ്ഖണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ആപ്പ് പ്രൊമോട്ടർമാർ വന്‍തുക നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൻ്റെ (പിഎംഎൽഎ) സെക്ഷൻ 19 പ്രകാരം മഹാദേവ് ബുക്ക് ഓൺലൈൻ തട്ടിപ്പിൻ്റെ നിർമ്മാതാക്കളെ ഈ വർഷം ആദ്യമാണ് അറസ്റ്റ് ചെയ്തത്. രൺബീർ കപൂർ, കപിൽ ശർമ്മ, ഹിന ഖാൻ, ശ്രദ്ധ കപൂർ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുണ്ട്.
ഈ വർഷം മാർച്ചിൽ, 138 വാതുവെപ്പ് - ചൂതാട്ട ആപ്പുകളുടെ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് സമാനമായ ഉത്തരവുകൾ ഐടി മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗെയിമിംഗ്, ചൂതാട്ടം, വാതുവെപ്പ്, ഫോട്ടോ എഡിറ്റിംഗ്, വെബ്‌പോര്‍ട്ടലുകള്‍ തുടങ്ങിയ വിഭാഗങ്ങളിലായി 400ഓളം ആപ്പുകള്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
ചൈനീസ് ബന്ധം, കള്ളപ്പണം വെളുപ്പിക്കുന്നതിലെ പങ്ക്, ഇന്ത്യൻ പൗരന്മാരുടെ ഡാറ്റ തെറ്റായി സംഭരിക്കുന്നത് എന്നിവയെല്ലാമാണ് ഇതിന് കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുള്ളത്.