20 Feb 2025 9:17 AM GMT
സൈബർ സാമ്പത്തിക തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുള്ളതായി കേരള പോലീസ് അറിയിച്ചു.
ഇതിനായി www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് Report & Check Suspect എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം suspect repository എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ,UPI ID, സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ ഇതുവഴി പരിശോധിക്കാം. ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കിൽ അക്കാര്യം ഇതിലൂടെ മുന്നറിയിപ്പ് നൽകും.
തട്ടിപ്പുകാർ ഉപയോഗിക്കുന്ന വെബ്സൈറ്റ് വിലാസം, വാട്സാപ്പ് നമ്പർ, ടെലിഗ്രാം ഹാൻഡിൽ, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ, സാമൂഹികമാധ്യമ വിലാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതു ജനങ്ങൾക്കും ഈ പോർട്ടലിലൂടെ നൽകാമെന്നും പോലീസ് അറിയിച്ചു.