image

19 May 2023 4:11 PM IST

News

പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ അറ്റാദായത്തില്‍ 5 മടങ്ങ് വളര്‍ച്ച

MyFin Desk

punjab national bank net profit growth
X

Summary

  • ഒരു ഓഹരിക്ക് 0.65 രൂപ ലാഭവിഹിതത്തിന് ശുപാര്‍ശ
  • പലിശ വരുമാനത്തില്‍ ആരോഗ്യകരമായ വളര്‍ച്ച
  • 2022-23 ലെ അറ്റാദായത്തില്‍ 27 % ഇടിവ്


മാർച്ചില്‍ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം അഞ്ചിരട്ടി വർധിച്ച് 1,159 കോടി രൂപയായെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) അറിയിച്ചു. കിട്ടാക്കടങ്ങള്‍ കുറഞ്ഞതും പലിശ വരുമാനത്തിലെ വർധനയുമാണ് സാമ്പത്തിക പ്രകടനത്തിലെ ഈ കുതിപ്പിന് കാരണം. പൊതുമേഖലയിലുള്ള ബാങ്ക് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 202 കോടി രൂപയുടെ അറ്റാദായമാണ് നേടിയിരുന്നത്.

നാലാം പാദത്തിൽ ബാങ്കിന്റെ മൊത്തവരുമാനം മുന്‍ വര്‍ഷം സമാന കാലയളവിലെ 21,095 കോടി രൂപയിൽ നിന്ന് 27,269 കോടി രൂപയായി ഉയർന്നതായി പിഎൻബി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. പലിശ വരുമാനം മുൻവർഷം നാലാംപാദത്തിലെ 18,645 കോടി രൂപയിൽ നിന്ന് അവലോകന കാലയളവിൽ 23,849 കോടി രൂപയായി വളർന്നു.

2022 -23 സാമ്പത്തിക വര്‍ഷത്തിനായി ഒരു ഓഹരിക്ക് 0.65 രൂപ അഥവാ 2 രൂപ മുഖവിലയുടെ 32.5 ശതമാനം ലാഭവിഹിതം നല്‍കുന്നതിന് ബാങ്കിന്റെ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. 2022 മാർച്ച് അവസാനത്തിലെ 11.78 ശതമാനത്തിൽ നിന്ന് വായ്പകളിലെ മൊത്തം നിഷ്‌ക്രിയ ആസ്തി (എൻപിഎ) വിഹിതം 8.74 ശതമാനമായി കുറച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 4.8 ശതമാനത്തിൽ നിന്ന് 2.72 ശതമാനമായി കുറഞ്ഞു.

നിഷ്ക്രിയാസ്തി അനുപാതത്തിലെ ഇടിവ് പ്രൊവിഷനിംഗ് കുറയ്ക്കാന്‍ ബാങ്കിനെ സഹായിച്ചു. മുന്‍ സാമ്പത്തിക വർഷത്തില്‍ 4,564 കോടി രൂപയാണ് നിഷ്ക്രിയാസ്തികള്‍ക്കായി വകയിരുത്തിയതെങ്കില്‍ 2022 -23ല്‍ അത് 3,625 കോടി രൂപയായി കുറഞ്ഞു.

എന്നിരുന്നാലും, 2022-23 സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള അറ്റാദായത്തിൽ 27 ശതമാനം ഇടിവ് രേഖപ്പെടുത്തി, മുൻ വർഷം 3,457 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയ സ്ഥാനത്ത് 2,507 കോടി രൂപയുടെ അറ്റാദായം മാത്രമാണ് 2022-23 ല്‍ ഉണ്ടായത്.