27 Aug 2023 10:48 AM GMT
Summary
- പദ്ധതി ഓഗസ്റ്റ് 28ന് ഒന്‍പതുവര്‍ഷം തികയുന്നു
- അക്കൗണ്ടുകളിലെ നിക്ഷേപം രണ്ട്‌ലക്ഷം കോടി കടന്നു
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയ്ക്കു (പിഎംജെഡിവൈ) കീഴിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം ഓഗസ്റ്റില്‍ 500 ദശലക്ഷം കടന്നതായി ധനമന്ത്രാലയത്തിലെ സാമ്പത്തിക സേവന സെക്രട്ടറി വിവേക് ജോഷി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പദ്ധതി 2023 ഓഗസ്റ്റ് 28-ന് ഒമ്പത് വര്‍ഷം തികയുകയാണ്.
ഓഗസ്റ്റ് 16 വരെയുള്ള കണക്കനുസരിച്ചാണ് ഇത്. 2015 മാര്‍ച്ചില്‍ ഇത് 147.2 ദശലക്ഷമായിരുന്നു. 2023 മാര്‍ച്ച് അവസാനത്തോടെ, ജന്‍ ധന്‍ അക്കൗണ്ടുകളുടെ എണ്ണം 486.5 ദശലക്ഷമായിരുന്നു. അതേസമയം, ഈ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം ഓഗസ്റ്റ് 16-ന് 2.03 ശതകോടിയായി ഉയര്‍ന്നു. 2015 മാര്‍ച്ച് അവസാനത്തോടെ ഇത് 15,670 കോടി രൂപയായിരുന്നു. 2023 ഓഗസ്റ്റില്‍ ഈ പദ്ധതിക്കു കീഴിലുള്ള നിക്ഷേപം 1.98ലക്ഷംകോടി ആയിരുന്നതായും അദ്ദേഹം പറഞ്ഞു.
ജന്‍ധന്‍ അക്കൗണ്ടുകളിലെ ശരാശരി നിക്ഷേപം ഓഗസ്റ്റ് 16 വരെ 4,063 രൂപയായി വര്‍ധിച്ചു. 2015 മാര്‍ച്ചില്‍ ഇത് 1065 രൂപ മാത്രമായിരുന്നു. അതുപോലെ, ജന്‍ ധന്‍ അക്കൗണ്ടുകള്‍ക്കായി ഇഷ്യൂ ചെയ്ത റുപേ ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം 2015 മാര്‍ച്ച് അവസാനം 131.5 ദശലക്ഷമായിരുന്നു. ഇപ്പോള്‍ ,അതായത് ഓഗസ്റ്റ് 16വരെ 339.8 ദശലക്ഷമായി വര്‍ധിച്ചു.
പിഎംജെഡിവൈ സ്‌കീമിന് പിന്നാക്ക വിഭാഗങ്ങള്‍ക്ക് അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങള്‍ നല്‍കുന്നതിന് ഉത്തരവാദിത്തമുണ്ട്. ഇത് സാമ്പത്തികമായുള്ള ഉന്നമനം എന്ന സര്‍ക്കാരിന്റെ ദൗത്യത്തെ പിന്തുണയ്ക്കുന്നതാണ്.
ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, മൊത്തം ജന്‍ധന്‍ അക്കൗണ്ടുകളില്‍ 56ശതമാനവും സ്ത്രീകളുടേതാണ്, 67ശതമാനം അക്കൗണ്ടുകള്‍ ഗ്രാമീണ/അര്‍ധ നഗരപ്രദേശങ്ങളിലാണ് ആരംഭിച്ചിരിക്കുന്നത്. ജന്‍ധന്‍ ദര്‍ശക് മൊബൈല്‍ ആപ്ലിക്കേഷനില്‍ മൊത്തം 6.01 ലക്ഷം ഗ്രാമങ്ങള്‍ മാപ്പ് ചെയ്തിട്ടുണ്ട്. ഇത് ബാങ്ക് ശാഖകള്‍, എടിഎമ്മുകള്‍ തുടങ്ങിയവ കണ്ടെത്തുന്നതിന് കേന്ദ്രീകൃത പ്ലാറ്റ്‌ഫോം നല്‍കുന്നു. കൂടാതെ, 6.02 കോടി ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് നിലവില്‍ വിവിധ സ്‌കീമുകള്‍ക്ക് കീഴില്‍ സര്‍ക്കാരില്‍ നിന്ന് നേരിട്ട് ആനുകൂല്യങ്ങള്‍ ലഭിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ഓഗസ്റ്റ് 15 ന് ബാങ്കിംഗ് സേവനങ്ങളിലേക്ക് സാര്‍വത്രിക പ്രവേശനം നല്‍കുന്നതിനായി ജന്‍ ധന്‍ യോജന പ്രഖ്യാപിച്ചു. 2014 ഓഗസ്റ്റ് 28 നാണ് പദ്ധതി ആരംഭിച്ചത്. മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത ബാങ്ക് അക്കൗണ്ട്, 2 ലക്ഷം രൂപയുടെ ഇന്‍ബില്‍റ്റ് അപകട ഇന്‍ഷുറന്‍സുള്ള സൗജന്യ റുപേ ഡെബിറ്റ് കാര്‍ഡുകള്‍, 10,000 രൂപ വരെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം എന്നിങ്ങനെ ഒന്നിലധികം ആനുകൂല്യങ്ങള്‍ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു.