23 Sep 2024 9:31 AM GMT
Summary
- പരിഷ്‌കരിക്കുക, മികച്ച പ്രകടനം നടത്തുക, മാറ്റങ്ങള്‍ക്ക് വിധേയമാകുക എന്നതാണ് സാങ്കേതികവിദ്യാരംഗത്ത് ഇന്ത്യയുടെ കാഴ്ചപ്പാട്
- സെമി കണ്ടക്ടര്‍ വ്യവസായത്തിനായി രാജ്യം നടത്തിയത് 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം
ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാന്‍ രാജ്യം എല്ലാ ശ്രമങ്ങളും നടത്തുന്നതിനാല്‍ ഇന്ത്യയുടെ വളര്‍ച്ച പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെ പ്രമുഖ സിഇഒമാരോട് അഭ്യര്‍ത്ഥിച്ചു.
യുഎസ്, ചൈന, ജര്‍മ്മനി, ജപ്പാന്‍ എന്നിവയ്ക്ക് ശേഷം നിലവില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി 7% ജിഡിപി വളര്‍ച്ചാ നിരക്കുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയാണ്.
ന്യൂയോര്‍ക്കില്‍ നടന്ന സിഇഒമാരുടെ റൗണ്ട് ടേബിള്‍ മീറ്റിംഗിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
പരിഷ്‌കരിക്കുക, മികച്ച പ്രകടനം നടത്തുക, മാറ്റങ്ങള്‍ക്ക് വിധേയമാകുക എന്നീ ആശയത്തോടെയാണ് സാങ്കേതികവിദ്യയില്‍ രാജ്യം മുന്നേറുന്നതെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. കൃത്രിമ ബുദ്ധിയുടെ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്ത മോദി ഇന്ത്യയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ടെക് കമ്പനികളെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. എന്‍വീഡിയ, ഹുവാങ്, അഡോബി തുടങ്ങിയ കമ്പനി മേധാവികള്‍ കൂടികാഴ്ചയില്‍ പങ്കെടുത്തു.
വികസിത ഇന്ത്യയിലേക്കുള്ള മുന്നേറ്റത്തിന്റെ പ്രധാന ശക്തി സാങ്കേതിക വിദ്യയാണെന്നും രാജ്യത്ത് സാങ്കേതിക സഹകരണത്തിനും, നിക്ഷേപത്തിനും മികച്ച സാധ്യതകളുണ്ടെന്നും മോദി വ്യക്തമാക്കി. എല്ലാ മേഖലകളിലും ഇന്ത്യ നിക്ഷേപം ഉറപ്പാക്കുന്നുണ്ട്. സെമി കണ്ടക്ടര്‍ വ്യവസായത്തിനായി 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് രാജ്യം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ക്വാഡ് ഗ്രൂപ്പ് രാജ്യ തലവന്‍ മാരുടെ സമ്മേനത്തിന്റെ ഭാഗമായി ത്രിദിന സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയതാണ് പ്രധാനമന്ത്രി മോദി.