27 April 2023 4:50 AM GMT
Summary
- കൂടുതല്‍ തുക ലഭിച്ചത് ഇലക്ട്രോണിക്സ് മേഖലയ്ക്ക്
- പിഎല്‍ഐ സ്കീമില്‍ നിലവിലുള്ളത് 14 മേഖലകള്‍
- 8 മേഖലകളില്‍ നിന്ന് 3,420.05 കോടിയുടെ ക്ലെയിമുകൾ
പ്രൊഡക്ഷന് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎല്‍ഐ) പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് മാർച്ച് വരെ 2,874.71 കോടി രൂപ സർക്കാർ അനുവദിച്ചതായി ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) അഡീഷണൽ സെക്രട്ടറി രാജീവ് സിംഗ് താക്കൂർ പറഞ്ഞു. ഇലക്ട്രോണിക്‌സ്, ടെലികോം, ഫാർമ, ഫുഡ് പ്രോസസിംഗ് തുടങ്ങിയ എട്ട് മേഖലകളിൽ നിന്നുള്ള കമ്പനികളാണ് ആനുകൂല്യം നേടിയവയില്‍ ഭൂരിഭാഗവും.
ആഭ്യന്തര ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും കയറ്റുമതി വർധിപ്പിക്കുന്നതിനുമായി 2020ലാണ് പദ്ധതി പ്രഖ്യാപിച്ചത്. 14 മേഖലകൾക്കായി 1.97 ലക്ഷം കോടി രൂപ വരെയുള്ള ചെലവിടലാണ് വിഭാവനം ചെയ്തിട്ടുള്ളത്. എട്ട് മേഖലകളില്‍ നിന്ന് പദ്ധതി പ്രകാരം 3,420.05 കോടിയിലധികം രൂപയുടെ ഇൻസെന്റീവ് ക്ലെയിമുകൾ ലഭിച്ചിട്ടുണ്ടെന്ന് താക്കൂര്‍ വ്യക്തമാക്കി.
ഇലക്ട്രോണിക്സ് മേഖലയിൽ പരമാവധി 1,649 രൂപ വിതരണം ചെയ്തു. ഫാർമ -652 കോടി രൂപ, ഭക്ഷ്യ ഉൽപന്നങ്ങൾ -486 കോടി രൂപ, ടെലികോം -35 കോടി രൂപ, ഡ്രോണുകൾ- 30 കോടി രൂപ, മെഡിക്കൽ ഉപകരണങ്ങൾ -12.8 കോടി രൂപ), ഇലക്ട്രോണിക്സ് -5.3 കോടി രൂപ, ബൾക്ക് ഡ്രഗ്സ്- 4.34 കോടി രൂപ എന്നിങ്ങനെയാണ് മറ്റ് മേഖലകള്‍ക്ക് ഇതുവരെ പദ്ധതി പ്രകാരം ലഭിച്ച തുക.
“അടുത്ത രണ്ട്-മൂന്ന് വർഷം നിർണായകമാണ്, കാര്യങ്ങൾ വേഗത്തിൽ നീങ്ങുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” രാജീവ് സിംഗ് താക്കൂർ പറഞ്ഞു. 2022 ഡിസംബർ വരെ 14 മേഖലകളിലായി 717 അപേക്ഷകൾ അംഗീകരിച്ചു, ഇതിലൂടെ 2.74 ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. വൈറ്റ് ഗുഡ്സ്, സ്പെഷ്യാലിറ്റി സ്റ്റീൽ, അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലുകൾ, ഓട്ടോ കംപൊണന്‍റ്സ്, ടെക്സ്റ്റൈൽസ് എന്നിവയാണ് പിഎല്‍ഐ സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റ് മേഖലകള്‍.