image

8 May 2023 7:47 AM GMT

Technology

വഴിവെട്ടിയ പ്രമുഖരിലും ആശങ്ക; എഐ ആറ്റംബോംബിന് സമാനമെന്ന് വാറന്‍ ബഫറ്റ്

MyFin Desk

വഴിവെട്ടിയ പ്രമുഖരിലും ആശങ്ക; എഐ ആറ്റംബോംബിന് സമാനമെന്ന് വാറന്‍ ബഫറ്റ്
X

Summary

  • ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് ബഫറ്റ്
  • എതിര്‍ക്കുന്ന പ്രമുഖരില്‍ ജെഫ്രി ഹിന്റണും സ്റ്റുവര്‍ട്ട് റസ്സലും
  • എഐ വളര്‍ച്ചയിലെ പങ്കില്‍ പശ്ചാത്തപിച്ച് ജെഫ്രി ഹിന്‍റണ്‍


ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (എഐ) ആറ്റം ബോംബിന്റെ സൃഷ്ടിയുമായി താരതമ്യം ചെയ്ത് വിഖ്യാത നിക്ഷേപകന്‍ വാറന്‍ ബഫറ്റ്. ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ സിഇഒ ആണ് 92കാരനായ ബഫറ്റ്. തന്റെ കമ്പനിയുടെ വാർഷിക മീറ്റിംഗിൽ സംസാരിക്കവെയാണ് എഐ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയെക്കുറിച്ചും ഇത് ലോകത്തെ എങ്ങനെ മാറ്റുമെന്നതിനെ കുറിച്ചുമുള്ള തന്‍റെ ആശങ്ക ബഫറ്റ് പങ്കുവെച്ചത്.

'മനുഷ്യന്‍മാര്‍ എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു എന്നതൊഴിച്ചാൽ ലോകത്തിലെ എല്ലാം മാറ്റാൻ എഐ-ക്ക് കഴിയും' എന്ന് അദ്ദേഹം അവകാശപ്പെട്ടു. ബോധ്യപ്പെടുത്തുന്ന രീതിയില്‍ തമാശകൾ പറയാനുള്ള കഴിവില്ലായ്മ പോലുള്ള പരിമിതികള്‍ നിര്‍മിത ബുദ്ധിക്കുണ്ട്. എന്നിരുന്നാലും, എല്ലാത്തരത്തിലുമുള്ള കാര്യങ്ങളും നിർവഹിക്കുന്നതിനുള്ള അതിന്‍റെ കഴിവ് ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ സഹായത്തോടെ ചാറ്റ്ജിപിടി ഉപയോഗിക്കാനുള്ള അവസരം തനിക്ക് ലഭിച്ചതായും ബഫറ്റ് അവകാശപ്പെട്ടു.

ആണവായുധങ്ങളോട് സജീവമായി എതിർപ്പ് പുലർത്തിയിരുന്ന വ്യക്തിത്വമാണ് ബഫറ്റിന്‍റേത്. അതിനാല്‍ത്തന്നെ ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ ആണവായുധവുമായി താരതമ്യം ചെയ്യുന്ന അദ്ദേഹത്തിന്‍റെ പ്രസ്താവനയും ഏറെ ശ്രദ്ധേയമാണ്. ആണവായുധ ആക്രമണത്തിന്റെ സാധ്യത കുറയ്ക്കുന്നതിന് വല്ല വഴിയുമുണ്ടെങ്കില്‍ അതിനായി തന്‍റെ മുഴുവൻ പണവും നൽകുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എഐ-യുടെ ഹ്രസ്വകാല നേട്ടങ്ങളെക്കാൾ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

"നമ്മൾ വളരെ നല്ല കാരണങ്ങളാലാണ് ആറ്റം ബോംബ് കണ്ടുപിടിച്ചത്. കൂടാതെ, രണ്ടാം ലോകമഹായുദ്ധത്തില്‍ അത് വളരേ നിര്‍ണായകമായിരുന്നു. എന്നാൽ ലോകത്തിന്റെ അടുത്ത 200 വർഷത്തേക്ക് അതിനെ അങ്ങനെ അഴിച്ചുവിടുന്നത് നല്ലതാണോ?" ബഫറ്റ് ചോദിച്ചു. പുതിയ സാങ്കേതിക വിദ്യകള്‍ അവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐ സാങ്കേതികവിദ്യക്ക് അടിസ്ഥാനമിട്ട മുന്‍തലമുറക്കാരില്‍ പോലും ആശങ്ക വളരുന്നതിന്‍റെ ഏറ്റവും പുതിയ സൂചനയാണ് ബഫറ്റിന്‍റെ പ്രസ്താവന. 'എഐ- യുടെ ഗോഡ്ഫാദർ' ആയി കണക്കാക്കപ്പെടുന്ന ജെഫ്രി ഹിന്റൺ അടുത്തിടെ ഗൂഗിളില്‍ നിന്ന് രാജിവെച്ചിരുന്നു. എഐ-യെക്കുറിച്ചും അതിന്റെ അപകടങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കാനാണ് താൻ കമ്പനി വിട്ടതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്തേക്കാൾ വലിയ ഭീഷണിയാണ് എഐ സൃഷ്ടിക്കുന്നതെന്നും ഇതിന്‍റെ വളര്‍ച്ചയില്‍ പങ്കുവഹിച്ചതില്‍ പശ്ചാതപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: എ മോഡേൺ അപ്രോച്ച്' എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവായ സ്റ്റുവർട്ട് റസ്സലും സമാനമായ ചിന്താഗതി മുന്നോട്ടുവെക്കുന്നു. എഐ-യെ ചെർണോബിൽ ദുരന്തവുമായാണ് അദ്ദേഹം താരതമ്യം ചെയ്യുന്നത്. ജിപിടി-4നേക്കാള്‍ നൂതനമായ എഐ മോഡലുകളുടെ വികസനം നിർത്താൻ ഓപ്പൺ എഐ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളോട് ആവശ്യപ്പെടുന്ന ഒരു നിവേദനത്തിൽ താൻ ഒപ്പിട്ടത് എന്തുകൊണ്ടാണെന്നും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ റസ്സൽ വിശദീകരിച്ചു.