image

26 April 2023 6:44 AM GMT

People

പഴക്കച്ചവടത്തിലെ നടരാജ വിജയം; 450 കോടിയുടെ ബിസിനസ് ചെയിനിന് പിന്നിലെ കഥ

MyFin Desk

fruits business chinnaswamy and natarajan
X

Summary

  • സ്പിന്നിംഗ് മില്ലില്‍ ഡ്യൂട്ടിയില്ലാത്ത സമയങ്ങളില്‍ മാറിമാറി കട നടത്തുകയായിരുന്നു രീതി
  • നിലവില്‍ 30 ഔട്ട്‌ലെറ്റുകളാണ് നടരാജന് കീഴിലുള്ളത്
  • ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ ഡെലിവറിയും കമ്പനി നടത്തുന്നു.


പഴക്കടയില്‍ ജോലിക്കു നിന്ന് ക്രമേണ കോടികളുടെ ബിസിനസ് ശൃംഖല സ്ഥാപിച്ച രണ്ടു സഹോദരങ്ങളുണ്ട് തമിഴ്‌നാട്ടില്‍. പിതാവിന്റെ മരണശേഷം മറ്റൊരു വരുമാനവുമില്ലാത്തതിനാലാണ് സഹോദരങ്ങളായ ചിന്നസ്വാമിയും നടരാജനും കോയമ്പത്തൂര്‍ ബസ് സ്റ്റാന്‍ഡിലെ പഴക്കടയില്‍ ജോലിക്ക് നിന്നത്. അതിനിടെ സ്വന്തമായൊരു ബിസിനസ് ആരംഭിക്കുകയെന്നതും അവര്‍ സ്വപ്‌നംകണ്ടു. 9 വര്‍ഷത്തിന് ശേഷം അവര്‍ സ്വന്തമായി പഴക്കട തുറന്നു.

ആദ്യസംരംഭം വന്‍ വിജയം

1950കളില്‍ നടരാജന്റെ 11ാം വയസിലാണ് പഴക്കടയില്‍ ജോലിക്ക് നില്‍ക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം ഇരുവര്‍ക്കും ഒരു സ്പിന്നിംഗ് മില്ലില്‍ ജോലി ലഭിച്ചു. വ്യത്യസ്ത ഷിഫ്റ്റുകളില്‍ ജോലി ചെയ്ത് സമ്പാദിച്ച പണം കൊണ്ട് നടരാജന്റെ 20ാം വയസില്‍ സഹോദരന്മാര്‍ ചേര്‍ന്ന് കോയമ്പത്തൂരില്‍ പഴക്കട തുറന്നു.

സ്പിന്നിംഗ് മില്ലില്‍ ഡ്യൂട്ടിയില്ലാത്ത സമയങ്ങളില്‍ മാറിമാറി കട നടത്തുകയായിരുന്നു രീതി. ബിസിനസില്‍ പതിയെ വളര്‍ന്ന സഹോദരങ്ങള്‍ കോയമ്പത്തൂരില്‍ തന്നെ പഴമുദിര്‍ നിലയം എന്ന പേരില്‍ പുതിയ കടകള്‍ തുറന്നു. 1983ല്‍ നാലു കടകളിലായി ബിസിനസ് വ്യാപിച്ചു.

1983ല്‍ നാല് സഹോദരങ്ങള്‍ക്കുമായി ബിസിനസ് വിഭജിച്ചു. ഇളയ സഹോദരങ്ങള്‍ക്ക് ഉയര്‍ന്ന വിറ്റുവരവുള്ള കടകള്‍ ലഭിക്കുന്ന തരത്തിലാണ് ബിസിനസ് വിഭജിച്ചത്. ഇവിടെ നിന്നാണ് 450 കോടിയുടെ ബിസിനസ് ചെയിന്‍ ആരംഭിക്കുന്നത്.

കോവൈ പഴമുദിര്‍ നിലയം

പഴക്കച്ചവടം വിജയകരമാണെന്നു ബോധ്യമായതോടെ നടരാജന്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചു. തിരുപ്പൂരില്‍ ആദ്യ ഔട്ട്‌ലെറ്റ് ആരംഭിച്ച നടരാജന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കോവൈ പഴമുദിര്‍ നിലയം എന്ന പേരിലായിരുന്നു നടരാജന്റെ സംരംഭങ്ങള്‍.

2006ഓടെ ചെന്നൈ, കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം ഔട്ട്‌ലെറ്റുകളും ഏകദേശം 40 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുമായി നടരാജന്റെ കോവൈ പഴമുദിര്‍ നിലയം വളര്‍ന്നു. നിലവില്‍ 30 ഔട്ട്‌ലെറ്റുകളാണ് നടരാജന് കീഴിലുള്ളത്. ഇതില്‍ മിക്ക ഔട്ട്‌ലെറ്റുകളും പങ്കാളിത്ത സ്ഥാപനങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. 2006ല്‍ മകന്‍ സെന്തില്‍കുമാറും ബിസിനസിലേക്ക് എത്തി. നിലവില്‍ കമ്പനി സി.ഇ.ഒയാണ് സെന്തില്‍.

കെ.പി.എന്‍ ഫാം ഫ്രെഷ് പ്രൈവറ്റ് ലിമിറ്റഡ്

2012ലാണ് നടരാജന്റെ നേതൃത്വത്തില്‍ കെ.പി.എന്‍ ഫാം ഫ്രെഷ് പ്രൈവറ്റ് ലിമിറ്റഡ് രൂപീകരിക്കുന്നത്. കമ്പനിയില്‍ 60 ശതമാനം ഓഹരികള്‍ നടരാജന്റെ കുടുംബത്തിന്റെ കയ്യിലും ബാക്കി 40 ശതമാനം ഓഹരികള്‍ കോവൈ പഴമുതിര്‍ നിലയം ഔട്ട്‌ലെറ്റുകളിലെ ആറ് ബിസിനസ് പങ്കാളികള്‍ക്കുമായാണ് മാറ്റിവെച്ചത്.

നടരാജന് കെ.പി.എന്‍ ഫാം ഫ്രെഷ് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ 12 ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. കമ്പനിക്ക് കോയമ്പത്തൂരില്‍ 20,000 ചതുരശ്ര അടി വെയര്‍ഹൗസും ചെന്നൈയില്‍ വിശാലമായ 5 ഏക്കറില്‍ 1.5 ലക്ഷം ചതുരശ്ര അടി വെയര്‍ഹൗസുമുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ ഡെലിവറിയും കമ്പനി നടത്തുന്നു.

450 കോടി രൂപയുടെ വിറ്റുവരവ്

55 ഔട്ട്‌ലെറ്റുകളുള്ള പഴമുതിര്‍ നിലയം 2020 -21സാമ്പത്തിക വര്‍ഷത്തില്‍ 450 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. പച്ചക്കറി ചില്ലറ വില്പന രംഗത്ത് 70 കോടി രൂപയുടെ വളര്‍ച്ച നേടി. കൊവിഡ് കാലത്ത് ഹോം ഡെലിവറി വഴി വലിയ മുന്നേറ്റം ബിസിനസിലുണ്ടായി. വിറ്റുവരവിന്റെ രണ്ട് ശതമാനം കമ്പനിയുടെ ലാഭമാണ്.