image

6 Dec 2022 9:30 AM GMT

Kerala

പോളിയോ തളര്‍ത്തിയ കാലുകള്‍; പേപ്പര്‍ പേനയില്‍ ജീവിതം വരച്ച് ഫൈസല്‍

MyFin Bureau

faizal papper pen
X

Summary

  • നാല് വര്‍ഷം മുമ്പു തുടങ്ങിയ ഈ പേന നിര്‍മ്മാണത്തിലൂടെ കേരളത്തിനകത്തും പുറത്തുമായി ഇന്ന് നിരവധി ഉപഭോക്താക്കളെ നേടിയിരിക്കുകയാണ് ഫെസല്‍


പാലക്കാട് നെല്ലായയിലുള്ള ഫൈസലിന് പറയാനുള്ളത് അതിജീവനത്തിന്റെ കഥയാണ്. ഒന്നര വയസില്‍ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്നുപോയ ഫൈസല്‍ പേപ്പര്‍ പേനകൊണ്ട് ജീവിതം തിരിച്ചു പിടിക്കുകയായിരുന്നു. ഒടുവില്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു പേപ്പര്‍ പേന നിര്‍മ്മാണം. പുതു ജീവന്‍ വരച്ചിടാന്‍ പേപ്പര്‍ പേനയിലൂടെ ഫെസലിന് സാധിച്ചിരിക്കുകയാണ്. ഇന്ന് ഫൈസലിന്റെ പേപ്പര്‍ പേന ജനകീയമായിരിക്കുകയാണ്. ഫെസലെന്ന സംരംഭകനെ ഇന്ന് 'നാലാളുകള്‍ക്ക്' അറിയാം.

തുണി നെയ്തുനെയ്ത് പേപ്പര്‍ പേനയിലേക്ക്

പോളിയോ തളര്‍ത്തിയ കാലുകളേക്കാള്‍ ശക്തമായ കരണങ്ങളായിരുന്നു ഫെസലിന് വീണ്ടുകാര്‍. അങ്ങനെയാണ് പത്താം ക്ലാസുകാരനായ ഫൈസല്‍ തുന്നലുപഠിക്കുന്നത്. ഒരു വര്‍ഷത്തോളം തുന്നല്‍ മേഖലയില്‍ ജോലി ചെയ്തു.

അതിനുശേഷം ഭിന്നശേഷിക്കാരനായതിനാല്‍ ടെലിഫോണ്‍ ബൂത്ത് നടത്താനുള്ള അവസരം ലഭിച്ചു. മൂന്നുവര്‍ഷം ആ ജോലിയില്‍ തുടര്‍ന്നെങ്കിലും ലാന്‍ഡ് ഫോണുകള്‍ വീടുകളിലേയ്ക്ക് ചേക്കേറിയത് ഫെസലിനെ തൊഴില്‍ രഹിതനാക്കി. പിന്നീട് വീഡിയോ കാസറ്റ് കട നടത്തിയെങ്കിലും അതും പരാജയപ്പെട്ടു.

തുടരെ തുടരെ പരാജയം നേരിട്ടെങ്കിലും തളരാത്ത മനസ് ഫെസലിന് കൂട്ടായി. അങ്ങനെയിരിക്കുമ്പോഴാണ് ഭിന്നശേഷി കൂട്ടായ്മയുടെ ഒരു വാട്‌സാപ് ഗ്രൂപ്പിനെ കുറിച്ച് അറിയുന്നതും അതില്‍ അംഗമാകുന്നതും. ഇതില്‍ അംഗമായതോടെ കേരളത്തിലെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്ന സംഘടനയെ കുറിച്ച് അറിയാനും അതില്‍ ചേരാനും കഴിഞ്ഞു.അതില്‍ നിന്നാണ് പേപ്പര്‍ പേനയെന്ന സംരംഭത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി സംഘടന നടത്തുന്ന സ്വയം തൊഴില്‍ പരിശീലനങ്ങള്‍ അദ്ദേഹത്തിന് തുണയായി. തുടരെയുള്ള പരാജയങ്ങളുടെ രുചി മൂലം മനസില്ലാ മനസോടെയാണ് പേപ്പര്‍ പേന നിര്‍മ്മാണം ആരംഭിച്ചത്.

വിജയിക്കും എന്ന യാതൊരു പ്രതീക്ഷയും ഫെസലിന് ഉണ്ടായിരുന്നില്ല. രണ്ട് രൂപയ്ക്ക് അടക്കം പേന വിപണിയില്‍ കിട്ടുമ്പോള്‍ എട്ട് രൂപ കൊടുത്ത് പേപ്പര്‍ പേന ആരു വാങ്ങും എന്നതായിരുന്നു മുന്നിലുണ്ടായിരുന്ന വെല്ലുവിളി. എന്നാല്‍ അതിനിടയില്‍ ഉണ്ടായ പ്ലാസ്റ്റിക് നിരോധനം കളിയാക്കലുകളെ കാറ്റില്‍ പറത്തി. പേപ്പര്‍ പേനങ്ങള്‍ അങ്ങനെ താരങ്ങളായി. സ്ഥിരമായിട്ട് പേപ്പര്‍ പേനകള്‍ വാങ്ങാന്‍ ഒരുപാട് സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നു. നാല് വര്‍ഷം മുമ്പു തുടങ്ങിയ ഈ പേന നിര്‍മ്മാണത്തിലൂടെ കേരളത്തിനകത്തും പുറത്തുമായി ഇന്ന് നിരവധി ഉപഭോക്താക്കളെ നേടിയിരിക്കുകയാണ് ഫെസല്‍.

പ്രകൃതിയോടിണങ്ങിയ പേപ്പര്‍ പേനകള്‍, ഒപ്പം വിത്തും

പ്രകൃതിക്ക് ദോഷമായി മാറുന്ന പ്ലാസ്റ്റിക് പേനകള്‍ക്കു മുന്നില്‍ പേപ്പര്‍ പേനകള്‍ ഒരുമുതല്‍ കൂട്ടാണ്. ഉപയോഗ ശേഷം വലിച്ചെറിയുന്നതുകൊണ്ട് ഒരു ദോഷവും ഇതുവഴി ഉണ്ടാകില്ല. കൂടാതെ ഇതോടൊപ്പം ഒരു വിത്തും കൂടി അതിനുള്ളില്‍ വയ്ക്കുന്നു. വലിച്ചെറിയുന്ന പേനയില്‍ കൂടി അങ്ങനെ ഒരു ചെടിയും ഉണ്ടാകുന്നു. പ്രകൃതിയെ ദ്രോഹിക്കാതെ ഒരു ചെടി കൂടി നല്‍കി പ്രകൃതിയെ പേര്‍ത്തി നിര്‍ത്തുകയെന്ന ആശയമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. ഫൈസലിനെ പോലെ ഒട്ടനവധിപേര്‍ ഇന്ന് പേപ്പര്‍ നിര്‍മ്മാണ മേഖലയില്‍ പങ്കാളികളായിട്ടുണ്ട്.

വര്‍ണ കളറുകളോടു കൂടിയ ഗുണമേന്മയുള്ള പേപ്പറുകളാണ് പേന നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഒരു പേപ്പറിന് ഏകദേശം രണ്ട് രൂപ വരും. ഏതാണ്ട് രണ്ട് രൂപയോളം റീഫില്ലിനും ചെലവ് വരും. കൊല്‍ക്കത്തയില്‍ നിന്നും മറ്റുമാണ് ഇവ ഇറക്കുമതി ചെയ്യുന്നത്. റീഫില്ല് മാത്രമാണ് പ്ലാസ്റ്റിക്കായിട്ട് ഈ പേനയില്‍ ഉള്ളത്. ഇതുകൂടാതെ ഒട്ടിക്കാനുള്ള പശ, വിത്ത്, ഭംഗികൂട്ടാനായി വച്ചിരിക്കുന്ന ഗോള്‍ഡന്‍ റിംഗ് ഇവയ്‌ക്കൊക്കെ കൂടി ഒരു പേന നിര്‍മ്മിക്കാന്‍ അഞ്ചുരൂപ യോളം ചെലവുവരുന്നുണ്ട്.

പേന നിര്‍മ്മാണത്തിന്റെ പിന്നാമ്പുറങ്ങള്‍

ഇറക്കുമതിചെയ്യുന്ന പേപ്പര്‍ പ്രസ്സില്‍ കൊടുത്ത് കൃത്യമായ അളവില്‍ മുറിച്ചു വാങ്ങുന്നു. ശേഷം പേനയുടെ ക്യാപിന് വേണ്ടി ഒരു ഭാഗം ബോഡിക് ഒരു ഭാഗം എന്നിങ്ങനെ തരംതിരിക്കുന്നു. ഇവ പിന്നീട് പ്ലാസ്റ്റിക് പേനയുടെ രൂപത്തിലേക്ക് കൈകൊണ്ട് ആക്കിയെടുക്കുന്നു. പേനയുടെ പുറകു വശത്തുവരുന്ന ഒഴിവില്‍ വിത്തിട്ട് അതു അടയ്ക്കുന്നു. ശേഷം ക്യാപും ഇതുപോലെ ചെയ്‌തെടുക്കുന്നു. ക്യാപിലെ ക്ലിപ് വേണ്ടവര്‍ക്ക് ആവശ്യാനുസരണം അതും ചെയ്തു കൊടുക്കുന്നുണ്ട്. ഇത്തരത്തില്‍ ചെയ്യുന്നതിന് 10 രൂപയാണ് വാങ്ങുന്നത്.

ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് പലരീതികളില്‍ പേന ചെയ്തുകൊടുക്കുന്നു. പേരെഴുതിയും ഫോട്ടോ കൂട്ടിച്ചേര്‍ത്തുമൊക്കെ പേനകള്‍ നിര്‍മ്മിക്കുന്നു. രാവിലെയും വൈകീട്ടും രണ്ട് മണിക്കൂര്‍ വീതമാണ് നിര്‍മ്മാണത്തിനായി ചെലവഴിക്കുന്നത്. അസുഖ ബാധിതനായതിനാല്‍ അധികം സമയം ജോലിചെയ്യുക ഫെസലിന് ബുദ്ധിമുട്ടേറിയ കാര്യമാണ്. പേപ്പര്‍ പേന നിര്‍മ്മാണത്തിന് ഫൈസലിനൊപ്പം ഭാര്യയും മക്കളും കൂടെയുണ്ട്. വീട്ടില്‍ നിന്നുതന്നെയാണ് ഇവ നിര്‍മ്മിക്കുന്നത്.

ഓണ്‍ലൈന്‍ മാര്‍ഗ്ഗമാണ് മാര്‍ക്കറ്റിംഗിനായി ഉപയോഗപ്പെടുത്തുന്നത്. ഫേസ്ബുക്ക് പോസ്റ്റുകളും മറ്റും കണ്ടിട്ട് ഒരുപാട് ഓര്‍ഡറുകള്‍ ലഭിക്കാറുണ്ട്. ഫേസ്ബുക്ക്, വാട്‌സാപ് എന്നിവ വഴിയുള്ള ഓര്‍ഡറുകള്‍ അനുസരിച്ചി ചെയ്തുകൊടുക്കുന്നു. കൊറിയര്‍ വഴിയാണ് ഉപഭോക്താക്കളിലേയ്ക്ക് പേനകള്‍ എത്തിച്ചുനല്‍കുന്നത്.

സ്ഥിരമില്ലാത്ത ലാഭം

എട്ടു മുതല്‍ പത്തുരൂപ വരെയാണ് ഒരു പേനയ്ക്ക് വരുന്നത്. കൊറിയര്‍ ചാര്‍ജായി വാങ്ങുന്നത് 50 രൂപയാണ്. 25 പേന വില്‍ക്കുന്നത് 250 രൂപയ്ക്കാണ്. കോണ്‍ഫറന്‍സുകള്‍ക്കും മറ്റു പരിപാടികള്‍ക്കും അതുപോലെ സ്‌ക്കൂള്‍, കോളേജ് എന്നിവിടങ്ങളിലേക്കുമൊക്കെ വലിയ തോതില്‍ പേന പോകുന്നുണ്ട്. എങ്കിലും ദിവസേന വരുമാനം നടക്കാത്തത് ഒരു വേദനയായി ഫെസലല്‍ പങ്കുവയ്ക്കുന്നു. ഒരു പേനയ്ക്ക് എല്ലാ ചെലവും കഴിച്ച് കിട്ടുന്ന ലാഭം എന്നത് രണ്ട് രൂപയാണ്.