6 Dec 2022 11:00 AM GMT
ടെന്‍ഷന്‍ ഒഴിവാക്കാന്‍ സംരംഭകയായി; മുതല്‍ മുടക്ക് പതിനായിരം മാത്രം, ഇപ്പോള്‍ വരുമാനം മാസം അഞ്ചുലക്ഷം വരെ
MyFin Bureau
Summary
- മാനസിക സമ്മര്‍ദ്ദം സ്വന്തം മുഖത്ത് വരുത്തിയ കുരുക്കളും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കാനായി ബിന്ദു പഠിച്ചെടുത്ത കാര്യങ്ങള്‍ വച്ചായിരുന്നു തുടക്കം
- പ്രകൃതി ദത്തമായ എണ്ണ വിപണിയിലേക്കിറക്കണമെന്ന ആഗ്രഹം ദാമ്പത്യത്തിന്റെ വിള്ളലില്‍ ഊര്‍ന്നു പോയി
- 2018 ലാണ് ഓര്‍ഗാനിക് ഹെര്‍ബല്‍ കോസ്‌മെറ്റിക് നിര്‍മ്മാണരംഗത്തേക്ക് ബിന്ദു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ജീവിതം തളര്ന്ന ഒരു പാട് സ്ത്രീ ജീവിതങ്ങള്‍ നമുക്കുചുറ്റിലും ഉണ്ട്. ചിലര്‍ തളരും, ചിലരാകട്ടെ ശക്തമായ ഒഴിക്കിലും മുന്നോട്ട് കുതിക്കും. അത്തരമൊരു പ്രചോദനത്തിന്റെ, വിജയത്തിന്റെ കഥയാണ് തിരുവനന്തപുരം സ്വദേശിനി ബിന്ദു ബാലചന്ദ്രന് പറയാനുള്ളത്. ജീവിതത്തിലെ താളപ്പിഴകള്‍ മൂലം വിഷാദത്തിലേയ്ക്ക് വഴുതി വീണ മനസിനെ തിരിച്ചുപിടിക്കാനായി ബിന്ദു തെരഞ്ഞെടുത്ത മാര്‍ഗമായിരുന്നു സംരംഭകയാകുക എന്നത്.
ഓറഞ്ച് മസാജ് ഓയില്‍ നിന്നായിരുന്നു തുടക്കം. മാനസിക സമ്മര്‍ദ്ദം സ്വന്തം മുഖത്ത് വരുത്തിയ കുരുക്കളും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കാനായി ബിന്ദു പഠിച്ചെടുത്ത കാര്യങ്ങള്‍ വച്ചായിരുന്നു തുടക്കം. ഈ പരീക്ഷണം വിജയം കണ്ടതോടെയാണ് ഹോംമെയ്ഡ് കോസ്‌മെറ്റിക് ബ്രാന്റായ 'കൃഷ്ണാസി 'ന്റെ ആലോചന തുടങ്ങുന്നത്. പ്രകൃതി ദത്തവും ഗുണമേന്മയുള്ളതുമായതിനാല്‍ കേരളത്തിന് പുറത്തേയ്ക്കും വളരെ പെട്ടെന്നുതന്നെ ജനപ്രീതി നേടിയെടുക്കാന്‍ കൃഷ്ണാസിന് കഴിഞ്ഞു എന്നു പറയുമ്പോഴും തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത ഒരു സ്ത്രീയുടെ ദൃഢനിശ്ചയം കൂടിയുണ്ട്.
ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയം
2018 ലാണ് ഓര്‍ഗാനിക് ഹെര്‍ബല്‍ കോസ്‌മെറ്റിക് നിര്‍മ്മാണരംഗത്തേക്ക് ബിന്ദു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആയുര്‍വേദത്തെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന ബിന്ദുവിന് മുന്നില്‍ ആയുര്‍വേദ ഡോക്ടറാകണമെന്ന സ്വപ്‌നം നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ ജീവിതം അങ്ങനെയാണ് ആഗ്രഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കണമെന്നില്ല. വിവാഹ ശേഷം മുടിവളരാനായി ഭര്‍ത്താവ് ഒരുപാട് പച്ചമരുന്നുകള്‍ ചേര്‍ത്ത് എണ്ണ തയ്യാറാക്കിയിരുന്നു.
ഇതാണ് ബിന്ദുവിന്റെ ഉള്ളില്‍ ബിസിനസിന്റെ വിത്തുകള്‍ പാകിയത്. പ്രകൃതി ദത്തമായ എണ്ണ വിപണിയിലേക്കിറക്കണമെന്ന ആഗ്രഹം ദാമ്പത്യത്തിന്റെ വിള്ളലില്‍ ഊര്‍ന്നു പോയി. പിന്നാലെ വിഷാദവും ബിന്ദുവിനെ പിടികൂടി. അതോടെ മുഖത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. തുടര്‍ന്ന് സുഹൃത്തിന്റെ നിര്‍ദ്ദേശ പ്രകാരം നാച്ചുറല്‍ കോസ്‌മെറ്റിക്‌സില്‍ കോഴ്‌സിന് ചേര്‍ന്നു. മനസിനും മുഖത്തും പ്രശ്‌നങ്ങള്‍ മാറാന്‍ അതു തന്നെയാണ് നല്ലതെന്ന് ബിന്ദുവിനും തോന്നി. അങ്ങനെയാണ് നാച്ചുറല്‍ കോസ്‌മെറ്റിക്‌സിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് നടക്കുന്നത്.
ആദ്യ പരീക്ഷണമായ ഓറഞ്ച് ഫേസ് മസാജ് ഓയില്‍ പരിചയക്കാര്‍ക്കിടയില്‍ വിതരണം ചെയ്തു. മികച്ച പ്രതികരണം ലഭിച്ചതോടെ പുതിയ ഹെയര്‍ ഓയിലും തയ്യാറാക്കി. അതും ക്ലിക്കായി. ഇതോടെ ഓര്‍ഗാനിക് ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുകയും ഇതുമായി ബന്ധപ്പെട്ട ഒരുപാട് സര്‍ട്ടിഫൈഡ് കോഴ്‌സുകള്‍ ചെയ്തു.
അങ്ങനെ ക്രീമുകള്‍, ലോഷനുകള്‍, കണ്മഷി, ഷാംപൂ, ജെല്ലുകള്‍, മേക്കപ്പ് പ്രൊഡക്ടുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം പഠിച്ചെടുത്തു. ഒറ്റയ്ക്കു തുടങ്ങി വച്ച ഈ സംരംഭം കഠിനാധ്വാനവും ദൃഢനിശ്ചയവും ഒപ്പം ജനങ്ങള്‍ക്കുള്ള വിശ്വാസവും കൊണ്ടാണ് വിജയത്തിലെത്തിക്കാന്‍ സാധിച്ചതെന്ന് ബിന്ദു പറയുന്നു. കൃഷ്ണഭൃംഗ ഹെയര്‍ ഓയില്‍, കൃഷ്ണഭൃംഗ ഷാംപൂ, കൂടാതെ സോപ്പുകള്‍, ഫെയര്‍നസ് പാക്ക്, ഓറഞ്ച് ഫെയര്‍നസ് ഓയില്‍, ലിപ്സ്റ്റിക്, അലോവര ജെല്‍, വൈറ്റമിന്‍ സീഗ്ലോ സെറം, കുങ്കുമാദി തൈലം, ഫേസ് വാഷുകള്‍ തുടങ്ങി 75 അധികം പ്രൊഡക്ടുകള്‍ ഇവരുടേതായി ഇന്ന് വിപണിയിലുണ്ട്.
പതിനായിരം രൂപയുടെ മുതല്‍ മുടക്ക്
വെറും പതിനായിരം രൂപ മുതല്‍മുടക്കില്‍ വീട്ടില്‍ തന്നെ രണ്ട് പ്രൊഡക്ടുകളുമായി തുടങ്ങിയതായിരുന്നു കൃഷ്ണാസ്. വന്‍വിജയമായെങ്കിലും വീടിനോട് ചേര്‍ന്നു തന്നെയാണ് ഇന്നും ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി തന്നെയാണ് ബിന്ദു എല്ലാ പ്രൊഡക്ടുകളും നിര്‍മ്മിക്കുന്നത്. വേറെ ജീവനക്കാരാരും തന്നെയില്ല. ഓരോ വ്യക്തിയുടെയും സ്‌കിന്‍ ടൈപ് അനുസരിച്ചാണ് പ്രൊഡക്ടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. സ്‌കിന്‍ ടൈപ് ഏതാണെന്നും പ്രശ്‌നം എന്താണെന്നും പലതവണ ചോദിച്ചു മനസിലാക്കിയതിനുശേഷം പ്രൊഡക്ട് നിര്‍മ്മിക്കുന്നു. ചെറിയ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തുന്നത്.
ഒറ്റയ്ക്കാണെന്നതിനാലും സ്ഥലപരിമിതികൊണ്ടും ഒരുപാട് പ്രൊഡക്ടുകള്‍ ഉണ്ടാക്കി വയ്ക്കാറില്ല. ആവശ്യത്തിനനുസരിച്ചാണ് നിര്‍മ്മാണം. യാതൊരു രാസ വസ്തുക്കളും ചേര്‍ക്കാതെയുള്ള 100 ശതമാനം ഓര്‍ഗാനിക്ക് പ്രൊഡക്ടായതിനാല്‍ മറ്റുള്ളവയെ അപേക്ഷിച്ച് വില ഒരല്‍പ്പം കൂടുതലാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ക്കെന്ന് ബിന്ദു പറയുന്നു. ഉത്പന്നത്തിന്റെ ഗുണനിലവാരത്തില്‍ വില ഒരു പ്രശ്‌നമാകില്ലെന്നാണ് ബിന്ദു വ്യക്തമാക്കുന്നത്. മാത്രമല്ല ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും ഗുണമേന്മ നോക്കി കേരളത്തിനു പുറത്തുനിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
വില്‍പ്പന ഓണ്‍ലൈന്‍ വഴി
വില്‍പ്പനയ്ക്കായി ആദ്യം ഒരു വെബ് സൈറ്റ് ഉണ്ടാക്കുകയാണ് ചെയ്തത്. ഇതുവഴി ഓര്‍ഡറുകള്‍ നേടുന്നു. ഒപ്പം ഫേസ്ബുക്ക്, വാട്‌സാപ് തുടങ്ങി ഓണ്‍ലൈന്‍ പ്ലാറ്റഫോമുകള്‍ വഴി ബിസിനസ് പുരോഗമിക്കുന്നു. ഉത്പന്നം ആമസോണില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രമോഷനും മറ്റുമായി ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ബിന്ദു ഇപ്പോള്‍. ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സംരംഭത്തിന് ഗുണം ചെയ്യാറുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ലക്ഷങ്ങളിലേയ്ക്ക് ചുവടുവച്ച്
മാസത്തില്‍ അഞ്ചുലക്ഷം വരെ വരുമാനം നേടാന്‍ ഈ സംരംഭത്തിലൂടെ ബിന്ദുവിന് സാധിക്കുന്നുണ്ട്. സീസണ്‍ അനുസരിച്ച് തുക കൂടുകയോ കുറയുകയോ ചെയ്യുന്നു. എത്ര ലാഭം കിട്ടിയാലും പകുതിയോളം രൂപ സംരംഭത്തിനുവേണ്ടി തന്നെ ഇറക്കുകയാണ് ബിന്ദു ചെയ്യുന്നത്. പ്രതിസന്ധികള്‍ വരുമ്പോള്‍ ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നവര്‍ക്ക് സ്വന്തം ജീവിതം കൊണ്ട് വഴികാട്ടുകയാണ് ബിന്ദു. കഠിനാധ്വാനവും കഴിവും ഉണ്ടെങ്കില്‍ ഏതു പ്രതിസന്ധിയും മറികടക്കാന്‍ സാധിക്കും എന്നതിന് ഉദാഹരണമാണ് ബന്ദുവിന്റെ ജിവിതം. നിരന്തരമായ പഠനങ്ങളും പരീക്ഷണങ്ങളുമാണ് കൃഷ്ണാസിനെ വളര്‍ത്തിയെടുക്കാന്‍ ബിന്ദുവിനെ സഹായിച്ചത്. ഇന്നും ആ പഠനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ബിന്ദു.