image

3 July 2023 10:43 AM GMT

People

സിനിമാ കഥ പോലെ ' സതീഷ് ഭായ് 'യുടെ സിനിമാ കമ്പം

Antony Shelin

cinema vibe of sathish bhai will be as much as the movie story
X

Summary

  • ഗുജറാത്തി സ്ട്രീറ്റില്‍ താമസിക്കുന്ന സതീഷ് ദേശായി നാട്ടുകാരുടെ പ്രിയ ' സതീഷ് ഭായ് ' ആണ്
  • 12,000-ത്തിലേറെ ടിക്കറ്റുകള്‍ സതീഷിന്റെ ശേഖരത്തിലുണ്ട്
  • ഗുജറാത്തിലെ മാന്‍ഡ്‌വി എന്ന സ്ഥലത്താണ് സതീഷ് ജനിച്ചത്‌


ഒരു സിനിമാ കഥയോളം തന്നെ രസകരമാണ് ' സതീഷ് ഭായ് ' യുടെ സിനിമാ കമ്പവും.

സിനിമാ കഥ പൊതുവേ രണ്ടര മണിക്കൂറില്‍ അവസാനിക്കാറുണ്ട്. പക്ഷേ, ' സതീഷ് ഭായ് ' യുടെ സിനിമാ കമ്പം മണിക്കൂറുകള്‍ക്കും അപ്പുറത്തേയ്ക്ക് നീളുന്നതാണ്.

മട്ടാഞ്ചേരിയിലെ ഗുജറാത്തി സ്ട്രീറ്റില്‍ താമസിക്കുന്ന സതീഷ് ചുനിലാല്‍ ദേശായി നാട്ടുകാരുടെ പ്രിയ ' സതീഷ് ഭായ് ' ആണ് ഇപ്പോള്‍. സിനിമകളോടുള്ള സതീഷിന്റെ അടങ്ങാത്ത ഇഷ്ടമാണ് നാട്ടുകാര്‍ക്കിടയില്‍ സതീഷിനെ പ്രിയങ്കരനാക്കിയത്.

1973 ല്‍ കണ്ട സിനിമയുടെ ടിക്കറ്റ് മുതല്‍ ഈയടുത്ത് റിലീസ് ചെയ്ത ധൂമം എന്ന സിനിമയുടെ ടിക്കറ്റുകള്‍ വരെ ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട് സതീഷ്.

1968 മുതലാണ് സിനിമകള്‍ കാണാന്‍ തുടങ്ങിയതെങ്കിലും 1973-ലാണ് സിനിമാ ടിക്കറ്റുകള്‍ സൂക്ഷിക്കണമെന്ന ആഗ്രഹം മനസില്‍ വന്നത്.

ഇപ്പോള്‍ 12,000-ത്തിലേറെ ടിക്കറ്റുകള്‍ സതീഷിന്റെ ശേഖരത്തിലുണ്ട്. 45 പൈസയുടെ ടിക്കറ്റുകള്‍ മുതല്‍ 150 രൂപയുടെ ടിക്കറ്റുകള്‍ വരെ ഉണ്ട്.

' മട്ടാഞ്ചേരിയിലെ സ്റ്റാര്‍ ടാക്കീസില്‍ തേഡ് ക്ലാസ് ടിക്കറ്റിന് 45 പൈസയായിരുന്നു. സെക്കന്‍ഡ് ക്ലാസിന് 90 പൈസയും, ഫസ്റ്റ് ക്ലാസിന് 1.50 രൂപയുമായിരുന്നു ' -കറുപ്പിലും വെളുപ്പിലുമുള്ള പഴയ ഓര്‍മ പങ്കുവച്ചു കൊണ്ട് സതീഷ് പറഞ്ഞു.

കണ്ടു കഴിഞ്ഞ സിനിമയിലെ നായകന്‍, നായിക, അവരുടെ കഥാപാത്രത്തിന്റെ പേര്, സിനിമയിലെ റീലുകളുടെ എണ്ണം, സിനിമ കണ്ട തിയേറ്ററിന്റെ പേര്, സിനിമയ്ക്കു കൂടെയുണ്ടായിരുന്നവരുടെ പേര്, സിനിമയിലെ പ്രധാന രംഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ മറ്റൊരു ബുക്കിലും സതീഷ് രേഖപ്പെടുത്തി വച്ചിട്ടുണ്ട്.

ഇത്തരത്തില്‍ രേഖപ്പെടുത്താനായി ഇതു വരെ ഒരു വലിയ രജിസ്റ്ററും മൂന്നു ഡയറികളുമാണ് സതീഷിന് വേണ്ടി വന്നത്.

ഗുജറാത്തിലെ മാന്‍ഡ്‌വി എന്ന സ്ഥലത്താണ് സതീഷ് ജനിച്ചതെങ്കിലും വളര്‍ന്നത് കൊച്ചിയിലാണ്. ഇപ്പോള്‍ 64 വയസ് പ്രായമുണ്ട്. 9 ക്ലാസ് വരെയാണ് പഠിച്ചത്. പിന്നീട് ബിസിനസ്സിലേക്ക് പ്രവേശിച്ചു. വര്‍ഷങ്ങളോളം മട്ടാഞ്ചേരിയിലെ കുരുമുളക് എക്‌സ്‌ചേഞ്ചില്‍ (ഇന്ത്യന്‍ പെപ്പര്‍ ആന്‍ഡ് സ്‌പൈസ് ട്രേഡ് അസോസിയേഷന്‍) ബ്രോക്കറായിരുന്നു. ഇപ്പോള്‍ മട്ടാഞ്ചേരിയില്‍ തന്നെയുള്ള ലക്ഷ്മിചന്ദ് & സാഗര്‍ചന്ദ് എന്ന അരി വ്യാപാരിയുടെ കടയിലാണ് ജോലി ചെയ്യുന്നത്.

കുരുമുളക് എക്‌സ്‌ചേഞ്ചില്‍ ബ്രോക്കറായിരുന്ന കാലത്ത് പാലാ സ്വദേശിയായ അവറാച്ചനെ പരിചയപ്പെട്ടത് സതീഷിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.

കാരണം അവറാച്ചനും ഒരു സിനിമാ പ്രേമിയായിരുന്നു. അതോടൊപ്പം അദ്ദേഹം ഒരു റബ്ബര്‍ വ്യാപാരി കൂടിയായിരുന്നു. പാലായില്‍ നിന്നും മട്ടാഞ്ചേരിയിലെത്തിയാണ് റബ്ബര്‍ വില്‍പ്പന നടത്തിയിരുന്നത്. അങ്ങനെയാണ് സതീഷുമായി പരിചയത്തിലായത്. സതീഷിന്റെ സിനിമാ കമ്പം അറിഞ്ഞതോടെ അവറാച്ചന്‍ സതീഷിനെ കൂടെക്കൂട്ടാന്‍ തീരുമാനിച്ചു. ഇരുവരും തമ്മില്‍ ഒരുമിച്ച് കൊച്ചി നഗരത്തില്‍ സിനിമ കാണാനും തുടങ്ങി. സൗഹൃദം മെല്ലെ ദൃഢമായി.ഒരു സൂപ്പര്‍ ഹിറ്റ് സിനിമ പോലെ.

നൂറ് കണക്കിന്‌ സിനിമകള്‍ അവറാച്ചനുമൊത്ത് കണ്ടിട്ടുണ്ടെന്ന് സതീഷ് പറഞ്ഞു. അവറാച്ചന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു. എങ്കിലും സതീഷിന്റെ സിനിമാ കമ്പത്തിന് ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല.

ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലിഷ് സിനിമകളാണു പൊതുവേ കാണാറുള്ളത്. തിയേറ്ററില്‍ സിനിമ കാണണമെന്ന നിര്‍ബന്ധവും സതീഷിനുണ്ട്. ഇന്ന് ഒടിടി പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നുണ്ടെങ്കിലും സതീഷിന് ഇഷ്ടം തിയേറ്ററില്‍ സിനിമ കാണുന്നതാണ്. കൊച്ചിയിലെ ആദ്യ കാല തിയേറ്ററുകളായ സ്റ്റാര്‍ ടാക്കീസ്, ഗ്യാലക്‌സി, റോയല്‍, പട്ടേല്‍, സൈന, സൂയി, കോക്കേഴ്‌സ് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളായ പള്ളുരുത്തി ജയലക്ഷ്മി, പ്രതീക്ഷ എന്നിവിടങ്ങളിലും സതീഷ് സിനിമ കണ്ടിട്ടുണ്ട്.

ഇതിനു പുറമെ കൊച്ചി നഗരത്തിലെ ഷേണായീസ്, ശ്രീധര്‍, കവിത, പദ്മ, ദീപ (ഇപ്പോള്‍ കാനൂസ്), സരിത, സവിത, സംഗീത, ലുലു, മൈമൂണ്‍, മേനക എന്നീ തിയേറ്ററുകളിലും സിനിമ കണ്ടിട്ടുണ്ട്.ഒരിക്കല്‍ ജാനി ദുശ്മന്‍ എന്ന ഹിന്ദി ചിത്രം കൊച്ചിയില്‍ റിലീസ് ചെയ്യാതെ വന്നപ്പോള്‍ ആ ചിത്രം കോഴിക്കോട് പോയി കണ്ട ചരിത്രവും ഇദ്ദേഹത്തിനുണ്ട്.

സുനില്‍ ദത്ത്, സഞ്ജീവ് കുമാര്‍, രേഖ, റീന റോയി എന്നിവര്‍ അഭിനയിച്ച മള്‍ട്ടി സ്റ്റാറര്‍ ബോളിവുഡ് ചിത്രമായിരുന്നു ജാനി ദുശ്മന്‍. പണ്ട് കൊച്ചിയില്‍ റിലീസ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ബോളിവുഡ് ചിത്രങ്ങള്‍ കോഴിക്കോട് റിലീസ് ചെയ്യുമായിരുന്നെന്ന് സതീഷ് പറയുന്നു.

ഷോലെ എന്ന ഹിന്ദി സൂപ്പര്‍ഹിറ്റ് ചിത്രം 52 തവണയാണ് സതീഷ് കണ്ടത്. ബോബി എന്ന ചിത്രം 32 തവണയും കണ്ടു. ഇന്നും ഷോലെ തിയേറ്ററില്‍ റിലീസ് ചെയ്താല്‍ പോയി കാണുമെന്ന് സതീഷ് പറയുന്നു. അത്രയ്ക്കും ഇഷ്ടമാണ് ആ ചിത്രം.

മലയാളത്തില്‍ സിബിഐ ഡയറിക്കുറുപ്പ്, ദേവാസുരം, ആറാം തമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ സതീഷ് ഒന്നിലധികം തവണ കണ്ട ചിത്രങ്ങളാണ്. തമിഴില്‍ രജനീകാന്തിന്റെ ബാഷ എന്ന ചി്ത്രവും നിരവധി തവണ കണ്ടു.

ആരാണ് ഇഷ്ടതാരമെന്നു സതീഷിനോട് ചോദിച്ചിട്ടു കാര്യമില്ല. എല്ലാവരും സതീഷിന്റെ ഇഷ്ടതാരങ്ങളാണ്. ബോളിവുഡ് താരങ്ങളോട് എന്ന പോലെ തന്നെ മലയാളത്തിന്റെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആരാധിക്കുന്നുണ്ട് സതീഷ്. സിബിഐ ഡയറിക്കുറുപ്പിലെ മമ്മൂട്ടിയെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് സതീഷ് പറയുന്നു. ജോഷി, ഷാജി കൈലാസ്, കെ.മധു, സിദ്ധീഖ്-ലാല്‍, സിബി മലയില്‍, ഫാസില്‍, സത്യന്‍ അന്തിക്കാട്, കമല്‍, പ്രിയദര്‍ശന്‍ എന്നീ സംവിധായകരെയും ഇഷ്ടമാണ്.

ജോലി സമയം കഴിഞ്ഞാണ് സതീഷ് സിനിമ കാണാന്‍ തിയേറ്ററില്‍ പോകുന്നത്. എന്നാല്‍ അവധി ദിവസങ്ങളില്‍ ഒന്നിലധികം സിനിമകള്‍ കണ്ടിട്ടുണ്ട്.



മോണിംഗ് ഷോ, നൂണ്‍ ഷോ, മാറ്റിനി, ഫസ്റ്റ്, സെക്കന്‍ഡ് ഷോ ഉള്‍പ്പെടെ ഒരു ദിവസം അഞ്ച് സിനിമകള്‍ തിയേറ്ററില്‍ പോയി കണ്ട ചരിത്രവും സതീഷിനുണ്ട്. പണ്ട് കാലത്ത് ചില സിനിമകളുടെ ദൈര്‍ഘ്യം കൂടുതലായിരുന്നു. മൂന്ന് മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള സിനിമകളുണ്ടായിരുന്നെന്നു സതീഷ് പറയുന്നു. അത്തരം സിനിമകള്‍ക്ക് രണ്ട് ഇന്റര്‍വെല്‍ വരെ ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇന്ന് സിനിമകളുടെ ദൈര്‍ഘ്യം കുറഞ്ഞു. അതോടൊപ്പം കഥ പറച്ചിലിന്റെ രീതിയും മാറിയെന്ന് സതീഷ് പറയുന്നു.

പഴയകാല തിയേറ്ററുകളോടാണ് സതീഷിന് കൂടുതല്‍ ഇഷ്ടം. മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ അധികം പോയി സിനിമ കാണാറില്ലെന്നും സതീഷ് പറയുന്നു.

എങ്കിലും സിനിമ സതീഷിന്റെ ജീവനാണ്. ഭാര്യ ചാരുലതയുമൊത്ത് മട്ടാഞ്ചേരിയിലാണ് സതീഷ് താമസിക്കുന്നത്. ചാര്‍മി എന്ന ഒരു മകള്‍ മാത്രമാണ് ഈ ദമ്പതികള്‍ക്കുള്ളത്.