image

6 Dec 2022 11:30 AM GMT

Kerala

പാല് വിറ്റ് ജീവിതം പച്ചപിടിപ്പിക്കാം; അഞ്ചക്ക ശമ്പളം ഒഴിവാക്കി വിജയം വരിച്ച് മൂന്ന് സുഹൃത്തുക്കള്‍

MyFin Bureau

brahmas dairy farm
X

Summary

  • ചെറുപ്പം മുതല്‍ ഉറ്റ സുഹൃത്തുക്കളായിരുന്ന എസ് നിഖില്‍, വി എസ് നിതിന്‍, വി വി വിജീഷ് എന്നിരാണ് ഇവിടെ താരങ്ങള്‍
  • നാല് വര്‍ഷം പിന്നിടുമ്പോള്‍ 26 പശുക്കളിലേക്ക് എത്തിയിരിക്കുകയാണ് ബ്രഹ്‌മാസിന്റെ വളര്‍ച്ച


സ്ഥിരവരുമാനം ഉള്ള ജോലി എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ സ്വപ്ന സാക്ഷാത്കാരത്തിനായി അഞ്ചക്ക ശമ്പളമുള്ള ജോലി വേണ്ടെന്നു വച്ചാലോ. അങ്ങനെ സ്വപ്ന തുല്യമായ ജോലി ഉപേക്ഷിച്ച് ക്ഷീരകര്‍ഷകരായി വിജയ ഗാഥ സൃഷ്ടിച്ച മൂന്നു സുഹൃത്തുക്കളെ പരിചയപ്പെടാം. ചെറുപ്പം മുതല്‍ ഉറ്റ സുഹൃത്തുക്കളായിരുന്ന എസ് നിഖില്‍, വി എസ് നിതിന്‍, വി വി വിജീഷ് എന്നിരാണ് ഇവിടെ താരങ്ങള്‍

വിജീഷ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനും മറ്റു രണ്ടുപേരും സ്വകാര്യ കമ്പനി ജീവനക്കാരുമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ബിസിനസ് എന്നൊരു ആഗ്രഹം മൂന്നുപേരുടെയും മനസ്സില്‍ വിരിയുന്നത്. പരിഹാസങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ചെവികൊടുക്കാതെ 2017ല്‍ പുതിയ സംരംഭത്തിന് ഇവര്‍ തുടക്കം കുറിച്ചു. അതാണ് തിരുവനന്തപുരം കരകുളം പഞ്ചായത്തുള്ള കിഴക്കേലയില്‍ ബ്രഹ്‌മാസ് ഡെയറി ഫാം.

ക്ഷീര കര്‍ഷകരിലേക്കുള്ള യാത്ര

ജോലി ഉപേക്ഷിക്കുമ്പോള്‍ ലാഭം കിട്ടുന്ന ഒരു സംരംഭം തുടങ്ങണം എന്നു മാത്രമേ മൂവര്‍ക്കും ഉണ്ടായിരുന്നുള്ളൂ. എന്തു തുടങ്ങണമെന്ന സംശയം അപ്പോഴും ബാക്കിയായിരുന്നു. അങ്ങനെയാണ് എല്ലാവര്‍ക്കും എപ്പോഴും ആവശ്യമുള്ള പാല്‍ തന്നെ എന്തുകൊണ്ട് ബിസിനസിനായി തെരഞ്ഞെടുത്തുകൂടാ എന്ന് ആലോചിക്കുന്നത്. അങ്ങനെ മൂന്നുപേരുടെയും സമ്പാദ്യമായ മൂന്ന് ലക്ഷം രൂപയ്ക്ക് അഞ്ച് പശുക്കളെ ഉള്‍ക്കൊള്ളുന്ന ഷെഡ് നിര്‍മ്മിക്കുകയും ഒരു പശുവിനെ വാങ്ങുകയും ചെയ്തു. നാല് വര്‍ഷം പിന്നിടുമ്പോള്‍ 26 പശുക്കളിലേക്ക് എത്തിയിരിക്കുകയാണ് ബ്രഹ്‌മാസിന്റെ വളര്‍ച്ച.

ബ്രഹ്‌മാസിന്റെ ഉത്പാദനരീതി

25 സെന്റില്‍ തൊഴുത്തിനോടുകൂടി പാല്‍ എടുക്കുന്നതിനും പാക്കിങ്ങിനും ഉള്ള സൗകര്യങ്ങളോടുകൂടിയാണ് ഫാം തയ്യാറാക്കിയിരിക്കുന്നത്. പാലെടുക്കുന്നതും പാക്ക് ചെയ്യുന്നതുമൊക്കെ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ്. എല്ലാം യന്ത്രങ്ങളായതിനാല്‍ തന്നെ തൊഴിലാളികളും കുറവാണ്. പുല്ലു വെട്ടുന്നതിനും പരിസരം വൃത്തിയാക്കുന്നതിനും പാല്‍ വിതരണത്തിനും മാത്രമേ തൊഴിലാളികളുടെ ആവശ്യം വരുന്നുള്ളൂ. പുലര്‍ച്ചെ രണ്ടുമണിക്കാണ് ഇവിടെ പണി തുടങ്ങുന്നത്. എല്ലാം വൃത്തിയാക്കിയതിനു ശേഷം പാല്‍ എടുക്കാന്‍ തുടങ്ങുന്നു. നാലുമണിയോടെ പാക്ക് ചെയ്യാന്‍ തുടങ്ങുന്നു. ആറുമണിക്കു മുമ്പായി പാല്‍ വിതരണം ആരംഭിക്കുന്നു. ക്ഷീര സഹകരണ സംഘത്തിലും നഗരപ്രദേശത്തും നാട്ടിന്‍ പുറങ്ങളിലും പാല്‍ വിതരണം നടത്തുന്നുണ്ട്.

നല്ല പാലിന് നല്ല തീറ്റ

രണ്ടു നേരമാണ് ഇവിടെ പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്നത്. പുല്ലിനുവേണ്ടി പാട്ടത്തിന് സ്ഥലം വാങ്ങിയിട്ടുണ്ട്. അവിടെനിന്നും കൊണ്ടുവരുന്ന പുല്ലിനു പുറമെ ഗോതമ്പു തവിട്, ചോള തവിട്, ഉഴുന്ന് എന്നിവയും നല്‍കുന്നു.

ഉപഭോക്താക്കളിലേക്കുള്ള യാത്ര

നേരിട്ടുള്ള ഇടപെടലിലൂടെയാണ് ബ്രഹ്‌മാസ് ഉപഭോക്താക്കളെ കണ്ടെത്തിയത്. ഓരോ ആളുകളെയും നേരിട്ട് കണ്ട് ബ്രഹ്‌മാസിനെ അറിയിക്കുകയാണുണ്ടായത്. കൂടാതെ അസോസിയേഷനുകള്‍ വഴിയും ഓര്‍ഡറുകള്‍ സ്വീകരിച്ചു. അതിലൂടെ ശുദ്ധമായ പാല്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചുവെന്ന് അഭിമാനത്തോടെ ഇവര്‍ പറയുന്നു.

പാലില്‍ നിറയ്ക്കാം ലാഭം

ഒരു ലിറ്റര്‍ പാലിന് 64 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. ഒരു ദിവസം 275 ലിറ്റര്‍ പാല്‍ വില്‍പന നടക്കുന്നുണ്ട്. എല്ലാ ചെലവും കിഴിച്ച് മോശമില്ലാത്ത രീതിയില്‍ ലാഭം കിട്ടുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. പാല്‍ വില വര്‍ധിച്ചെങ്കിലും തല്‍ക്കാലം വില കൂട്ടുന്നില്ല എന്ന നിലപാടിലാണ് ഇവര്‍. എങ്കിലും തീറ്റയുടെ വില വര്‍ധനവ് വന്നാല്‍ മാറിച്ചിന്തിക്കേണ്ടി വരുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ കുറച്ചു പ്രദേശങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ബ്രഹ്‌മാസിന്റെ വിതരണമുള്ളത്. വൈകാതെ കേരളത്തിലുടനീളം തങ്ങളുടെ പാലിന്റെ രുചി നിറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മൂവര്‍ സംഘം.