16 Feb 2023 6:52 AM GMT
Summary
- ആഡംബര ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ എല്‍വിഎംഎച്ചിന്റെ സിഇഒ ബര്‍ണാര്‍ഡ് അര്‍ണോള്‍ട്ടാണ് ഇപ്പോള്‍ ലോക ശതകോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളില്‍ ഒന്നാമന്‍ എന്ന സ്ഥാനം വീണ്ടും ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌കിന് ലഭിക്കുമെന്ന് സൂചന. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടെസ്ലയുടെ നേട്ടത്തില്‍ 74 ശതമാനം വര്‍ധനയുണ്ടായതോടെയാണ് വൈകാതെ തന്നെ മസ്‌ക് ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകളും വരുന്നത്.
ആഡംബര ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ എല്‍വിഎംഎച്ചിന്റെ സിഇഒ ബര്‍ണാര്‍ഡ് അര്‍ണോള്‍ട്ടാണ് ഇപ്പോള്‍ ലോക ശതകോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഈ വര്‍ഷം ഇതുവരെയുള്ളതിലെ കണക്ക് പ്രകാരം 19,650 കോടി യുഎസ് ഡോളറാണ് എലോണ്‍ മസ്‌കിന്റെ ആസ്തി മൂല്യം. 21,370 കോടി യുഎസ് ഡോളറാണ് ബര്‍ണാര്‍ഡ് അര്‍ണോള്‍ട്ടിന്റെ ആസ്തി മൂല്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗോള്‍ഡന്‍ ബാഡ്ജിന് അധിക ചാര്‍ജ്ജ്
ട്വിറ്ററിനെ എലോണ്‍ മസ്‌ക് ഏറ്റെടുത്തിന് പിന്നാലെ ചില ബിസിനസുകള്‍ക്ക് ബ്ലൂ ടിക്ക് മാര്‍ക്കിന് പകരം അവിടെ ഗോള്‍ഡ് മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ തുടങ്ങിയിരുന്നു. ബിസിനസുകള്‍ക്ക് ഒഫീഷ്യല്‍ ബാഡ്ജായി ഗോള്‍ഡന്‍ ടിക്ക് ലഭിച്ചതോടെ മികച്ച പ്രതികരണവും ഇതിനെ തേടിയെത്തി.
ആദ്യഘട്ടത്തില്‍ ഗോള്‍ഡന്‍ ബാഡ്ജിന് അധിക ചാര്‍ജ്ജുകളും ഈടാക്കിയിരുന്നില്ല. എന്നാലിപ്പോള്‍ പ്രതിമാസം 1,000 ഡോളര്‍ വീതം ഗോള്‍ഡന്‍ ടിക്കിന് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കമ്പനി. അഫിലിയേറ്റഡ് അക്കൗണ്ടുകളുള്ള കമ്പനികളാണെങ്കില്‍ പ്രതിമാസം 50 ഡോളര്‍ കൂടി അധികമായി നല്‍കണം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ പരമാവധി ധനസമാഹരണം നടത്താനുള്ള നീക്കത്തിലാണ് ട്വിറ്റര്‍ ഇപ്പോള്‍.
ട്വിറ്ററിനെതിരെ പരാതി നല്‍കുന്ന മുന്‍ ജീവനക്കാരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിസാ ബ്ലൂം എന്ന അഭിഭാഷകയുടെ അടുത്ത് മാത്രം 100 ജീവനക്കാരാണ് പരാതി സംബന്ധിച്ച വക്കാലത്ത് നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.