image

16 May 2023 12:15 PM GMT

People

ആഗ്രഹിച്ചത് എം.ബി.എക്കാരനാവാന്‍; കോടീശ്വരനായത് ചായ വിറ്റ്

MyFin Desk

ആഗ്രഹിച്ചത് എം.ബി.എക്കാരനാവാന്‍;  കോടീശ്വരനായത് ചായ വിറ്റ്
X

Summary

  • പഠിക്കാനാഗ്രഹിച്ച ഐ.ഐ.എം അഹമ്മദാബാദിന് മുന്നിലെ തെരുവില്‍ ചായക്കട
  • ആദ്യ ദിവസത്തെ ലാഭം 150 രൂപ
  • യുട്യൂബ് ചാനലിലൂടെയും വരുമാനം
  • ഈവര്‍ഷം പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം


ചായ വിറ്റു നടന്നയാള്‍ക്കു പ്രധാനമന്ത്രിയാകാമെന്ന് തെളിയിച്ച രാജ്യമാണ് നമ്മുടേത്. ഇവിടെയിതാ മറ്റൊരു ചായ്‌വാലയുടെ കഥ. ചായ വിറ്റ് കോടീശ്വരനായത് 8000 രൂപ മുടക്കി ചായക്കട തുടങ്ങിയ പ്രഫുല്‍ ബില്ലോര്‍ എന്ന ഗുജറാത്തുകാരനാണ്.

എം.ബി.എ ചായ്‌വാല

ഐ.ഐ.എം അഹമ്മദാബാദില്‍ നിന്ന് എം.ബി.എ എടുക്കാനായിരുന്നു പ്രഫുലിന്റെ ആഗ്രഹം. എന്നാല്‍ പലതവണ പരീക്ഷയെഴുതിയിട്ടും ഐ.ഐ.എം എന്ന സ്വപ്‌നം നിറവേറിയില്ല. മറ്റൊരു സാധാരണ കോളജില്‍ അഡ്മിഷന്‍ ലഭിച്ചെങ്കിലും തൃപ്തനാവാത്ത പ്രഫുല്‍ പഠനം ഉപേക്ഷിച്ച് ചായ വില്‍ക്കാനിറങ്ങുകയായിരുന്നു. പഠിക്കാനാഗ്രഹിച്ച ഐ.ഐ.എം അഹമ്മദാബാദിന് മുന്നിലെ തെരുവില്‍ പ്രഫുല്‍ ഒരു ചായക്കടയിട്ടു. അതാണിന്ന് പ്രശസ്ത എം.ബി.എ ചായ്‌വാല എന്ന പേരില്‍ വളര്‍ന്നു പന്തലിച്ചത്. കടയുടെ പേരിലെ എം.ബി.എ എന്നാല്‍ 'മിസ്റ്റര്‍ ബില്ലോര്‍ അഹമ്മദാബാദ് ചായ്‌വാല' എന്നാണ്.

ഇംഗ്ലീഷ് സംസാരിക്കുന്ന ചായക്കാരന്‍

2017ലാണ് പ്രഫുല്‍ ചായക്കച്ചവടം ആരംഭിച്ചത്. ആദ്യ ദിവസത്തെ ലാഭം 150 രൂപ. ഇംഗ്ലീഷ് സംസാരിക്കുന്ന ഈ പുതിയ ചായക്കാരന്‍ വിദ്യാര്‍ഥികളുടെ ശ്രദ്ധ പിടിച്ചുപറ്റി. തന്റെ ചായ ഒരിക്കല്‍ പരീക്ഷിച്ചു നോക്കൂ എന്ന ആവശ്യവുമായി എത്തിയ യുവാവിനെ ഐ.ഐ.എമ്മിലെ വിദ്യാര്‍ഥികളും നിരാശനാക്കിയില്ല. പതിയെ പതിയെ ഈ ചായക്കട യുവാക്കളുടെ ഒരു നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോം ആയി മാറി.

ചായ മക്കാനി

ജോലി തേടുന്നവര്‍ക്കും ജോലിക്കാരെ വേണ്ടവര്‍ക്കുമുള്ള പരസ്യങ്ങള്‍ ചായക്കടയില്‍ പതിക്കാന്‍ പ്രഫുല്‍ അനുവദിച്ചു. പിന്നീടത് യുവാക്കള്‍ക്ക് വന്നിരുന്ന് ചായ കുടിക്കാനും തങ്ങളുടെ സംരംഭകത്വ ആശയങ്ങള്‍ പങ്കുവയ്ക്കാനുമുള്ള കേന്ദ്രമായി മാറി. സംരംഭകത്വ പരിപാടികള്‍, മ്യൂസിക്കല്‍ നൈറ്റ് അടക്കമുള്ള കലാപരിപാടികള്‍ തുടങ്ങിയവയും എം.ബി.എ ചായ്‌വാലയില്‍ അരങ്ങേറി. അങ്ങനെ തെരുവില്‍ ചായ വിറ്റ് തുടങ്ങിയ ആ എം.ബി.എ ഡ്രോപ്പ് ഔട്ട് ഇന്ന് പ്രതിവര്‍ഷം കോടികളാണ് സമ്പാദിക്കുന്നത്.

പ്രതിദിന വരുമാനം 1.5 ലക്ഷം രൂപ

ഇന്ത്യക്കാരുടെ ചായയോടുള്ള പ്രിയം പ്രസിദ്ധമാണല്ലോ. ഒരു ശരാശരി ഇന്ത്യക്കാരന്റെ ഒരു ദിവസം രണ്ടു നേരമെങ്കിലും ചായ ഇല്ലാതെ പൂര്‍ത്തിയാകില്ല. ഈ ഇഷ്ടം തന്നെയാണ് ബിസിനസ് വളര്‍ത്താന്‍ ഈ ചെറുപ്പക്കാരന്‍ ഉപയോഗപ്പെടുത്തിയത്.

ഇന്ന് എം.ബി.എ ചായ്‌വാലയ്ക്ക് ഇന്ത്യയിലുടനീളമായി ധാരാളം ഫ്രാഞ്ചൈസികളുണ്ട്. ഇതിലൂടെയാണ് അദ്ദേഹത്തിന്റെ വരുമാനം. യുട്യൂബ് ചാനലിലൂടെയും അദ്ദേഹത്തിനു വരുമാനം ലഭിക്കുന്നു. 2023ലെ കണക്കനുസരിച്ച് എം.ബി.എ ചായ്‌വാലയുടെ യുട്യൂബ് ചാനലില്‍ 16.4 കോടി അംഗങ്ങളുണ്ട്.

നിലവില്‍ എം.ബി.എ ചായ്‌വാലയുടെ പ്രതിദിന വരുമാനം 1.5 ലക്ഷം രൂപയാണ്. പ്രതിമാസ വരുമാനം 45 ലക്ഷം മുതല്‍ 46 ലക്ഷം വരെ. ആസ്തി 30 ലക്ഷം ഡോളര്‍ വരും.

നൂറിലേറെ ഔട്ട്‌ലെറ്റുകള്‍

നൂറിലേറെ ഔട്ട്‌ലെറ്റുകളും 150ലേറെ ബ്രാന്‍ഡ് പാര്‍ട്ട്ണര്‍മാരും ഇന്ന് ചായ്‌വാലയ്ക്കുണ്ട്. ഹര്‍ ഘര്‍ സ്റ്റാര്‍ട്ടപ്പ് (ഓരോ വീട്ടിലും സ്റ്റാര്‍ട്ടപ്പ്), ഘര്‍ ഘര്‍ സ്റ്റാര്‍ട്ടപ്പ് (വീടുകള്‍ തോറും സ്റ്റാര്‍ട്ടപ്പ്) എന്നതാണ് പ്രഫുല്ലിന്റെ മുദ്രാവാക്യം. സഹോദരന്‍ വിവേക് ബില്ലോര്‍ എം.ബി.എ ചായ്‌വാല സഹസ്ഥാപകനാണ്.

2017ല്‍ തുടങ്ങിയ ബിസിനസ് 2020ല്‍ കൊവിഡ് മഹാമാരി മൂലം പ്രതിസന്ധി നേരിട്ടു. എന്നാല്‍ 2021ല്‍ കൂടുതല്‍ വളരാന്‍ തുടങ്ങി. 2022ല്‍ 25 നഗരങ്ങളിലായി 25 ഔട്ട്‌ലെറ്റുകള്‍ തുടങ്ങി. ഈവര്‍ഷം പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം പ്രഫുല്‍ ബില്ലോറിനെ തേടിയെത്തി.

ചായ മാത്രമല്ല

ഇന്ന് ചായ്‌വാല ഔട്ട്‌ലെറ്റുകളില്‍ വില്‍ക്കുന്നത് ചായ മാത്രമല്ല. വെജ് റോള്‍ മാംഗോ ഷേക്ക്, പിസ കോള്‍ഡ് കോഫി, ചോക്കളേറ്റ് ഷേക്ക് കോള്‍ഡ് കോഫി, ബര്‍ഗര്‍ചായ, ചായസമൂസ, പിസ്ത കോള്‍ഡ് കോഫി, സാന്‍ഡ്‌വിച്ച്, പിസ്തഫ്രഞ്ച് െ്രെഫസ് എന്നിങ്ങനെ വിവിധ വിഭവങ്ങള്‍ വില്‍പ്പനയിലുണ്ട്.

സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ സ്ഥാപനങ്ങള്‍ ഇവ നിങ്ങളുടെ വീട്ടുപടിക്കലെത്തിക്കുന്നു. ചോക്കലേറ്റ് ചായ, തണ്ടൂരി പനീര്‍ സാന്‍ഡ് വിച്ച്, മാര്‍ഗരീത പിസ, പിസ െ്രെഫസ്, ചീസ് ഗ്രില്ല്ഡ് സാന്‍ഡ് വിച്ച്, എം.ബി.എ സ്‌പെഷല്‍ ചായ തുടങ്ങി സ്‌പെഷല്‍ വിഭവങ്ങളും ഇവര്‍ നല്‍കുന്നു.

ചായ മാത്രമല്ല, വ്യത്യസ്ത ഇനം ചായപ്പൊടികളും ഇവര്‍ വില്‍ക്കുന്നുണ്ട്. ഏലക്കാ ചായ, പ്രീമിയം ചായ, റെഗുലര്‍ ചായ എന്നിങ്ങനെ. ഇവയ്ക്ക് വില 500 ഗ്രാമിന് 85 രൂപ മുതല്‍ 495 വരെ വരും.